Connect with us

Kozhikode

വളര്‍ച്ച, പഠന വൈകല്യമുള്ള കുട്ടികള്‍ക്കുള്ള പദ്ധതി സ്പന്ദനം രണ്ടാം ഘട്ടത്തിലേക്ക്

Published

|

Last Updated

കോഴിക്കോട്: പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കും പഠന പെരുമാറ്റ പ്രശ്‌നങ്ങളുള്ള കുട്ടികള്‍ക്കുമായി ജില്ലാ പഞ്ചായത്തും ഭാരതീയ ചികിത്സാ വകുപ്പും നടപ്പാക്കുന്ന സ്പന്ദനം ചികിത്സാ പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്. 21 ലക്ഷം രൂപ ചെലവില്‍ ജില്ലാ ആയുര്‍വേദ ആശുപത്രിക്കു കീഴില്‍ ആരംഭിച്ച സ്പന്ദനം പദ്ധതിയില്‍ ദിനംപ്രതി ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.
പ്രശ്‌നങ്ങളുള്ള കുട്ടികളെ നേരത്തെ കണ്ടെത്തി മതിയായ ചികിത്സയോ പരിശീലനമോ നല്‍കി മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് പദ്ധതിയുടെ ല ക്ഷ്യം. ജില്ലാ ശിശുരോഗ വിഭാഗം ഒ പിയില്‍ എത്തുന്ന 3967 കുട്ടികളില്‍ 72 ശതമാനം കുട്ടികള്‍ക്ക് വളര്‍ച്ചാ വൈകല്യങ്ങളുണ്ടെന്നാണ് കണക്ക്. ഇതില്‍ 41 ശതമാനം കുട്ടികള്‍ക്ക് പഠനവൈകല്യവും 36.7 ശതമാനം കുട്ടികള്‍ക്ക് നാഡീസംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടെന്ന് ആരോഗ്യ വകുപ്പ് നടത്തിയ സര്‍വേ വ്യക്തമാക്കുന്നു.
പഠന പെരുമാറ്റ പ്രശ്‌നങ്ങളുള്ള കുട്ടികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിലവിലുള്ള സംവിധാനങ്ങള്‍ പര്യാപ്തമല്ല എന്ന തിരിച്ചറിവിലാണ് ഗവ. ആയുര്‍വേദ ആശുപത്രിയിലെ ഡോ. ശ്രീകുമാര്‍ സ്പന്ദനം പദ്ധതി ആവിഷ്‌കരിച്ചത്. പദ്ധതിയില്‍ വിദഗ്ധസംഘം അടങ്ങുന്ന ഒരു ഗ്രൂപ്പ് കുട്ടികളുടെ പ്രശ്‌നങ്ങള്‍ പരിശോധിച്ച് വ്യക്തിനിഷ്ഠമായ ചികിത്സാ പദ്ധതി തയ്യാറാക്കും. ഭാവിയില്‍ അവര്‍ക്ക് വരാന്‍ സാധ്യതയുള്ള വൈകാരിക പെരുമാറ്റ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ആയുര്‍വേദ ചികിത്സയുടെ സാധ്യതകള്‍ ശാസ്ത്രീയമായി പ്രയോജനപ്പെടുത്താനും പദ്ധതി വഴി സാധിക്കും.. പഠനവൈകല്യങ്ങള്‍, ഓട്ടിസം, ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍, വിഷാദ രോഗം, മൈനര്‍ ഓട്ടിസം, ഹൈപര്‍ ആക്റ്റിവിറ്റി എന്നിവയുള്ള കുട്ടികള്‍ക്ക് പദ്ധതിയുടെ ഗുണഫലങ്ങള്‍ ലഭ്യമാകും. എക്‌സ്പര്‍ട്ട് ഗ്രൂപ്പ് പരിശോധന നടത്തിയ കുട്ടികള്‍ക്ക് അതത് സെന്ററുകളില്‍ തുടര്‍ ഇടപെടലും സൗജന്യ ചികിത്സയും നല്‍കും. സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍ ആഴ്ചയില്‍ രണ്ട് ദിവസം ആയുര്‍വേദ സെന്ററുകളില്‍ സന്ദര്‍ശനം നടത്തും. പദ്ധതിയുടെ മുഖ്യ കേന്ദ്രമായ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ആയുര്‍വേദ ഡോക്ടര്‍ ആഴ്ചയില്‍ രണ്ട് ദിവസവും ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ് എന്നിവര്‍ ആഴ്ചയില്‍ ഒരു ദിവസം വീതവും പ്രവര്‍ത്തിക്കും. ചികിത്സ തേടുന്ന കുട്ടികളുടെ പഠനനിലവാരം പുനരവലോകനം ചെയ്ത് നിര്‍ദേശങ്ങള്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റിക്ക് സമര്‍പ്പിക്കും. കുട്ടികളുടെ ചികിത്സയില്‍ 100 ശതമാനം വിജയം കൈവരിക്കാനായി രക്ഷിതാക്ക ള്‍ക്ക് സപ്പോര്‍ട്ടിംഗ് ഗ്രൂപ്പുകള്‍ മാസത്തിലെ രണ്ട് ഞായറാഴ്ചകളില്‍ ചേരുന്നുണ്ട്. ജില്ലാ ആയുര്‍വേദ ആശുപത്രിയെ കൂടാതെ നിലവില്‍ നൊച്ചാട് ഗവ. ആയുര്‍വേദ ആശുപത്രി, മൊകേരി പഞ്ചായത്തിലെ കുന്നുമ്മല്‍ ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി എന്നിവിടങ്ങളിലും സ്പന്ദനം ചികിത്സാ പദ്ധതി നടക്കുന്നുണ്ട്.

Latest