Connect with us

Kozhikode

ബൈക്ക് മോഷണം: ആറ് പേര്‍ പിടിയില്‍

Published

|

Last Updated

കോഴിക്കോട്: ബൈക്ക് വില്‍പ്പന കേന്ദ്രത്തില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് മൂന്ന് കുട്ടിക്കള്ളന്‍മാര്‍ ഉള്‍പ്പെടെ ആറ് പേര്‍ പിടിയില്‍. പാറന്നൂര്‍ നരിക്കുനി കൊല്ലെരിക്കല്‍മീത്തല്‍ വിഷ്ണു (18), തലക്കുളത്തൂര്‍ പുറക്കാട്ടിരി പുതുക്കാട്ട് കടവിനു സമീപം പടിഞ്ഞാറെ പുനത്തില്‍ പി പി അഖില്‍ (21), പുനത്തില്‍ വീട്ടില്‍ പി വൈശാഖ് (20) എന്നിവരുള്‍പ്പെടെയുള്ള സംഘത്തെയാണ് നടക്കാവ് പോലീസ് പിടികൂടിയത്. കക്കോടിക്കടുത്ത് എന്‍ വി റോഡില്‍ താമസക്കാരനായ ഒരു പതിനേഴുകാരനും മൊകവൂര്‍, കുണ്ടൂപറമ്പ് സ്വദേശികളുമാണ് പ്രായപൂര്‍ത്തിയാവാത്ത മറ്റുള്ള പ്രതികള്‍.

കഴിഞ്ഞ ഒകേ്ടാബര്‍ നാലിനാണ് കേസിനാസ്പദമായ സംഭവം. ബൈക്ക് വില്‍പ്പന നടത്തുന്ന ചക്കോരത്തുകുളത്തെ ഏജന്‍സിയുടെ യാര്‍ഡില്‍ നിര്‍ത്തിയിട്ട രണ്ട് ബൈക്കുകള്‍ മതില്‍ പൊളിച്ചായിരുന്നു ഇവര്‍ മോഷ്ടിച്ചത്. മറ്റ് രണ്ടിടങ്ങളില്‍ നിന്ന് ഇവര്‍ ബൈക്ക് മോഷ്ടിച്ചിട്ടുണ്ടെന്നാണ് പോലീസിനു ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ വയനാട്, തമിഴ്‌നാട് എന്നിവിടങ്ങളിലേക്ക് അനേ്വഷണം വ്യാപിപ്പിക്കും. മോഷ്ടിച്ച ബൈക്ക് കക്കോടി സ്വദേശിയായ പതിനേഴുകാരന്‍ 20,000 രൂപക്ക് വൈശാഖിന് വില്‍ക്കുകയായിരുന്നു.
ബന്ധുവിന്റെ ബൈക്കിന്റെ നമ്പര്‍ വ്യാജമായി നിര്‍മിച്ചായിരുന്നു ബൈക്കില്‍ ഘടിപ്പിച്ചത്. ബൈക്കുകളില്‍ ഒന്ന് അപകടത്തില്‍പ്പെട്ട് തലക്കുളത്തൂരിലെ ഒരു വര്‍ക്ക് ഷോപ്പില്‍ അറ്റകുറ്റപ്പണിക്ക് വേണ്ടി കൊണ്ടുവന്നതറിഞ്ഞാണു പോലീസ് അന്വേഷണം നടത്തിയത്.
നടക്കാവ് പ്രിന്‍സിപ്പല്‍ എസ് ഐ ജി—ഗോപകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ശ്രീ—നിവാസന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ എ അനില്‍കുമാര്‍, മുഹമ്മദ് ഷബീര്‍ എന്നിവരുള്‍പ്പെട്ട പ്രത്യേക സ്‌ക്വാഡാണ് മോഷ്ടാക്കളെ പിടികൂടിയത്.