ഒരാള്‍കൂടി പിടിയില്‍; ക്വട്ടേഷന്‍ തലവന്‍ കോടതിയില്‍ കീഴടങ്ങി

Posted on: November 27, 2014 9:20 am | Last updated: November 27, 2014 at 9:20 am

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിലെ എച്ച് എല്‍ എല്‍ ഫാര്‍മസിസ്റ്റ് മേപ്പയ്യൂര്‍ സ്വദേശി സലീഷ് കുമാറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി പോലീസ് പിടിയില്‍. പന്തലായനി വെള്ളിലാട്ട് പൂക്കാട്ടില്‍ അമല്‍ (20) ആണ് പിടിയിലായത്. സലീഷിനെ ആക്രമിക്കാന്‍ ഉപയോഗിച്ച ഇരുമ്പു പൈപ്പ് കൊയിലാണ്ടി ബസ് സ്റ്റാന്‍ഡിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് ഇയാള്‍ പറഞ്ഞതിനുസരിച്ച് കണ്ടെടുത്തു. ഇതിനിടെ അക്രമി സംഘത്തിന് നേതൃത്വം കൊടുത്ത ഊരള്ളൂര്‍ ചെമ്പോട്ട് വീട്ടില്‍ ശൈലേഷ് (38) കൊയിലാണ്ടി മജിസ്‌ട്രേറ്റ് കോടതിക്ക് മുമ്പാകെ കീഴടങ്ങി. ഇയാളുടെ വീട്ടില്‍ നിന്ന് വടിവാള്‍, നെഞ്ചക്ക്, വാഹനങ്ങളുടെ ആര്‍ സി ബുക്ക് എന്നിവ പിടിച്ചെടുത്തു.
അടുത്തിടെ സി പി എം പ്രവര്‍ത്തകനെ മര്‍ദിച്ച കേസില്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയതെന്ന് പോലീസ് പറഞ്ഞു. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി നെല്ല്യാടി പാലത്തിനടുത്ത് വെച്ചാണ് വധശ്രമമുണ്ടായത്. സംഭവത്തില്‍ രണ്ട് പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സലീഷ് കുമാറിന്റെ ഇടതുകൈയിലെ മോതിര വിരല്‍ മുറിച്ചുമാറ്റി. കൊയിലാണ്ടി സി ഐ ആര്‍ ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.