Connect with us

Kerala

പക്ഷിപ്പനി: ജില്ലാ ഭരണകൂടമോ മൃഗസംരക്ഷണ വകുപ്പോ കണക്കുകളൊന്നും ശേഖരിച്ചില്ല

Published

|

Last Updated

ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ജില്ലാ ഭരണകൂടമോ മൃഗസംരക്ഷണവകുപ്പോ ഇത് സംബന്ധിച്ച് യാതൊരു കണക്കുകളും ശേഖരിച്ചിട്ടില്ലെന്ന് ഐക്യ താറാവ് കര്‍ഷക സംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എവിടെയൊക്കെ താറാവുകളുണ്ടെന്നോ ഇവയുടെ എണ്ണമെത്രയെന്നോ ഉള്ള കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കാന്‍ മൃഗസംരക്ഷണ വകുപ്പിന് ഇതേവരെ സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ കര്‍ഷകര്‍ പറയുന്ന കണക്ക് അപ്പാടെ സ്വീകരിക്കേണ്ട സ്ഥിതിയാണുള്ളത്. താറാവുകളെ കൂട്ടത്തോടെ ഇതര പ്രദേശങ്ങളിലേക്ക് കടത്താന്‍ ഇത് സൗകര്യമാകുന്നതായും ചൂണ്ടിക്കാണിക്കപ്പടുന്നു. രോഗബാധിത പ്രദേശത്തുനിന്ന് പക്ഷിപ്പനി ഭീതിയെ തുടര്‍ന്ന് ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ജനങ്ങള്‍ കൂട്ടത്തോടെ ആശുപത്രിയില്‍ എത്തുകയാണ്. അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകളിലായി 60ഓളം പേരാണ് പക്ഷിപ്പനി ലക്ഷണങ്ങളുമായി ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ ജില്ലയില്‍ ഒരാളില്‍ പോലും പക്ഷിപ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്ന് ഡി എം ഒ. ഡോ. കെ എ സഫിയ്യ അറിയിച്ചു.
പക്ഷിപ്പനിയുടെ ലക്ഷണങ്ങള്‍ ഉള്ളവരുടെ സ്രവം വിമാനത്തില്‍ ഡല്‍ഹിയിലെ ലാബിലെത്തിച്ചാല്‍ മാത്രമേ പരിശോധന നടത്താനാകൂ. ഇതിന് ഏറെ ചെലവ് വരുമെന്നതിനാല്‍ പൂര്‍ണമായും ഉറപ്പുള്ളവരെ മാത്രമേ അധികൃതര്‍ പരിശോധനക്ക് വിധേയമാക്കൂ. ആലപ്പുഴ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തതോടെ ജനങ്ങള്‍ ആശങ്കയിലാണ്. പ്രതിരോധ മരുന്ന് ലഭിക്കാത്തത് കര്‍ഷകരുടെ ആശങ്ക വര്‍ധിപ്പിക്കുന്നു. പക്ഷിപ്പനി ഏത് തരത്തില്‍ നേരിടണമെന്ന് സര്‍ക്കാരിന് വ്യക്തമായ രൂപമില്ലാത്തതും ജനങ്ങളില്‍ ഭീതിപരത്തുന്നുണ്ട്. ജില്ലയില്‍ ഇന്നലെയെത്തിയ കേന്ദ്ര സംഘം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങള്‍ സംഘം സന്ദര്‍ശിച്ചു. മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ വീടുകളില്‍ കയറി ബോധവത്കരണം നടത്തണമെന്ന് ഇവര്‍ നിര്‍ദേശിച്ചു. താറാവിനെ കൊല്ലുന്നതടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇന്ന് ആരംഭിക്കുമെന്ന് ജില്ലാ ഭരണകൂടം പറയുമ്പോഴും എതിര്‍പ്പുമായി കര്‍ഷകര്‍ രംഗത്തുണ്ട്. മന്ത്രിസഭാ യോഗം പ്രഖ്യാപിച്ച ധനസഹായം അപര്യാപ്തമാണെന്ന് ഐക്യ താറാവ് കര്‍ഷക സംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ ഫാമുകളില്‍ നിന്ന് താറാവുകളെ വില്‍പ്പന നടത്തുന്നതിന് തുല്യമായ വിലയെങ്കിലും ലഭിക്കണമെന്നും വലിയ താറാവുകള്‍ക്ക് 300 രൂപയും ചെറിയ താറാവുകള്‍ക്ക് 200 രൂപയും ലഭിച്ചാല്‍ മാത്രമേ താറാവുകളെ കൊന്നൊടുക്കാന്‍ അനുവദിക്കുകയുള്ളൂവെന്നും അവര്‍ പറഞ്ഞു.

Latest