Connect with us

Ongoing News

കാശ്മീരില്‍ പി ഡി പി വന്‍ നേട്ടമുണ്ടാക്കും; കിംഗ്‌മേക്കറാകുക ബി ജെ പിയെന്ന് വിലയിരുത്തല്‍

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ പി ഡി പി വന്‍ നേട്ടമുണ്ടാക്കുമെന്ന് നിരീക്ഷകര്‍. അതേസമയം കിംഗ്‌മേക്കറാകുക ബി ജെ പിയാണെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. വെള്ളപ്പൊക്ക ദുരിതാശ്വാസം സാവധാനത്തിലായതിനാല്‍ കാശ്മീരികളുടെ പ്രതിഷേധം പരമാവധി മുതലെടുത്തും കാശ്മീര്‍ താഴ്‌വാരത്തെ മുസ്‌ലിംകളെ കൈയിലെടുത്തുമാണ് ബി ജെ പിയുടെ പ്രചാരണം പുരോഗമിക്കുന്നത്. ജമ്മു മേഖല ഹിന്ദു ഭൂരിപക്ഷമായതിനാല്‍ ഇവിടെ ബി ജെ പി ആത്മവിശ്വാസത്തിലാണ്. അതേസമയം, ഒരു കാരണവശാലും ബി ജെ പിയുടെ പിന്തുണ സ്വീകരിക്കുകയില്ലെന്ന് പി ഡി പി നേതാവ് മെഹബൂബ മുഫ്തി പ്രഖ്യാപിച്ചിട്ടുണ്ട്.
87 അംഗ നിയമസഭയില്‍ 44 സീറ്റെന്ന പ്രഖ്യാപിത ലക്ഷ്യം നേടാന്‍ ബി ജെ പിക്ക് സാധിക്കില്ലെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, കോണ്‍ഗ്രസുമായി സഖ്യം ഉപേക്ഷിച്ച പഴുതില്‍ നാഷനല്‍ കോണ്‍ഫറന്‍സുമായി അടുക്കാനുള്ള തന്ത്രങ്ങളും ബി ജെ പി മെനയുന്നുണ്ട്. അധികാരത്തില്‍ തുടരാന്‍ ഒരുപക്ഷെ നാഷനല്‍ കോണ്‍ഫറന്‍സ് അത്തരമൊരു ഒത്തുതീര്‍പ്പിന് തയ്യാറായേക്കാം. കാശ്മീരില്‍ കഴിഞ്ഞ 12 വര്‍ഷമായി കോണ്‍ഗ്രസ് തുടരുന്ന പങ്കാളിത്തം ഈ തിരഞ്ഞെടുപ്പോടെ ബി ജെ പിക്ക് കരഗതമാകുമെന്ന് കാശ്മീര്‍ യൂനിവേഴ്‌സിറ്റി പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസര്‍ ഗുല്‍ വാണി പറയുന്നു.
ലോക്‌സഭാ ഫലം അവലോകനം ചെയ്യുമ്പോള്‍, പി ഡി പിയും ബി ജെ പിയും വലിയ നേട്ടം കൊയ്യുമെന്നാണ് നിരീക്ഷണം. പൊതുതിരഞ്ഞെടുപ്പില്‍ ജമ്മു മേഖലയില്‍ 24 നിയമസഭാ മണ്ഡലങ്ങളില്‍ ബി ജെ പി മുന്നിട്ട് നിന്നിരുന്നു. പിര്‍പഞ്ചാള്‍, ചിനബ് മേഖലകളിലും ബി ജെ പി ശക്തമായ മുന്നേറ്റം നടത്തുന്നുണ്ട്. കുറഞ്ഞ പോളിംഗും കുടിയേറ്റ പണ്ഡിറ്റുമാരുടെ വോട്ടുകളുടെ ഏകീകരണവും ഉണ്ടായാല്‍ തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് ബി ജെ പി കണക്കുകൂട്ടുന്നു. അത്തരമൊരു അവസ്ഥയില്‍ ഭൂരിപക്ഷം ഗണ്യമായി കുറയും. ഈ പശ്ചാത്തലത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാശ്മീര്‍ താഴ്‌വാരയില്‍ 41 നിയമസഭാ മണ്ഡലങ്ങളില്‍ കൃത്യമായ മുന്നേറ്റം നടത്തിയ പി ഡി പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും. കഴിഞ്ഞ ദിവസം നടന്ന ആദ്യ ഘട്ട വോട്ടെടുപ്പില്‍ റെക്കോര്‍ഡ് പോളിംഗ് ആണ് രേഖപ്പെടുത്തിയത്.