Connect with us

National

സി ബി ഐ ഡയറക്ടര്‍ നിയമനം: കേന്ദ്രം ഭേദഗതി ബില്‍ അവതരിപ്പിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: സി ബി ഐ മേധാവി വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, മേധാവിയെ തിരഞ്ഞെടുക്കാനുള്ള പാനലില്‍ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവിനെ ഉള്‍പ്പെടുത്താനായി സര്‍ക്കാര്‍ ബില്‍ അവതരിപ്പിച്ചു. പ്രതിപക്ഷ നേതാവ് പാനലില്‍ ഉണ്ടായിരിക്കണമെന്നാണ് നിലവിലെ ചട്ടം. ഇത്തവണ മതിയായ അംഗ സംഖ്യ ഇല്ലെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം നിഷേധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പ്രതിപക്ഷ പ്രാതിനിധ്യം ഉറപ്പ് വരുത്താനാണ് ബില്‍ കൊണ്ടു വരുന്നത്. പാനലില്‍ ഏതെങ്കിലും ഒരംഗം ഇല്ലെങ്കില്‍ സി ബി ഐ ഡയറക്ടറുടെ നിയമനം അസാധുവാകുമെന്നാണ് ഡല്‍ഹി സ്‌പെഷ്യല്‍ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് അനുശാസിക്കുന്നത്.
കള്ളപ്പണ വിഷയത്തില്‍ പ്രതിപക്ഷം ഉയര്‍ത്തിയ ബഹളത്തിനിടെ ഉദ്യോഗസ്ഥകാര്യ സഹമന്ത്രി ജിതേന്ദ്ര സിംഗ് ബില്‍ അവതരിപ്പിച്ചു. ഡി എസ് പി ഇ (ഭേദഗതി) 2014 സെക്ഷന്‍4 (എ) അംഗീകൃത പ്രതിപക്ഷ നേതാവില്ലെങ്കില്‍ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവിനെ പാനലില്‍ ഉള്‍പ്പെടുത്താമെന്ന് അനുശാസിക്കുന്നു. മാത്രമല്ല, ഒരംഗം ഹാജരായില്ലെങ്കില്‍ ഡയറക്ടര്‍ നിയമനം അസാധുവാകുമെന്ന ചട്ടവും പുതിയ ബില്‍ ഭോദഗതി ചെയ്യുന്നു.
നിലവിലുള്ള നിയമമനുസരിച്ച് പ്രധാനമന്ത്രി അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റിയുടെ ശിപാര്‍ശക്കനുസരിച്ചാണ് സി ബി ഐ ഡയറക്ടറെ നിശ്ചയിക്കുന്നത്. പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസോ അല്ലെങ്കില്‍ അദ്ദേഹം ചുമതലപ്പെടുത്തുന്നയാളോ എന്നിവരാണ് അംഗങ്ങള്‍.

Latest