Connect with us

Malappuram

ജില്ലയിലെ പുതിയ അക്ഷയ സെന്ററുകള്‍ കൈക്കലാക്കാന്‍ രാഷ്ട്രീയ ചരടുവലി

Published

|

Last Updated

കോട്ടക്കല്‍: ജില്ലയിലെ പുതിയ അക്ഷയ സെന്ററുകള്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് തട്ടിയെടുക്കാന്‍ നീക്കം. ത്രിതല പഞ്ചായത്തുകളില്‍ അനുവദിച്ചവയാണ് സ്വന്തമാക്കുന്നതിന് രാഷ്ട്രീയ ചരടുവലികള്‍ സജീവമായിരിക്കുന്നത്.
സംസ്ഥാന ഐ ടി മിഷന്‍ ജില്ലയില്‍ 123 സെന്ററുകളാണ് പുതുതായി അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ജനുവരിയിലാണ് ഇതിനായി അപേക്ഷ ക്ഷണിച്ചത്. ഓണ്‍ലൈന്‍ മുഖേനയായിരുന്നു അപേക്ഷ. തുടര്‍ന്ന് പരീക്ഷ നടത്തി. ഇപ്പോള്‍ ഇന്റര്‍വ്യു നടന്നു വരികയാണ്. കെല്‍ട്രോണാണ് പരീക്ഷയും മുഖാമുഖങ്ങളും നടത്തുന്നത്. പ്ലസ്ടു, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവയാണ് യോഗ്യത. ഇതനുസരിച്ച് ഇതെ മേഖലയിലെ ആയിരത്തിലേറെ പേര്‍ ജില്ലയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇവരെയെല്ലാം തള്ളിയാണ് രാഷ്ട്രീയപിന്തുണയോടെ ചിലര്‍ നീക്കം നടത്തുന്നത്. സെന്ററുകള്‍ സ്വന്തമാക്കാന്‍ ശക്തമായ സ്വാധീനം തന്നെ നടത്തുന്നുണ്ട്.
പഞ്ചായത്ത് പ്രസിഡന്റുമാര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍ എന്നിവരും സംഘത്തിലുണ്ടെന്നും അപേക്ഷകര്‍ പറയുന്നു. കമ്പ്യൂട്ടറുമായി യാതൊരു ബന്ധവും ഇല്ലാത്തവരാണ് ഇത്തരത്തില്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിക്കുന്നത്. ത്രിതല പഞ്ചായത്തുകളില്‍ നിന്നുള്ള നിര്‍ദേശ പ്രകാരമാണ് ഐ ടി മിഷന്‍ സെന്ററുകള്‍ അനുവദിച്ചത്. ഇത് പ്രകാരം രണ്ട്, മൂന്ന് സെന്ററുകള്‍ പുതുതായി പലയിടത്തും അനുവദിച്ചിട്ടുണ്ട്. നിലവിലെ അക്ഷയ സെന്ററുകളില്‍ നിന്നും വ്യത്യസ്തമായി ഒട്ടേറെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന തരത്തിലാണ് പുതിയ സെന്ററുകള്‍ വരുന്നത്. നിലവില്‍ സര്‍ക്കാറിന്റെ പല കാര്യങ്ങളുടെയും അപേക്ഷ സമര്‍പ്പണവും മറ്റുനടപടികളും അക്ഷയ സെന്ററുകള്‍ മുഖേനയാണ് നടപ്പിലാക്കുന്നത്. ഉത്തരവാദിത്വവും ചുമതലകളും കൂടുന്നതാണ് പുതിയ സെന്ററുകളുടെത്. രാഷ്ട്രീയ സ്വധീനം ഉപയോഗിച്ച് സ്ഥാപനം സ്വന്തമാക്കുമ്പോള്‍ എല്ലാം താളം തെറ്റുന്നതാകും ഫലം. അതെ സമയം ഇത്തരത്തിലൊരു നീക്കത്തിനും സാധ്യമല്ലാത്തതാണ് പുതിയ അക്ഷയ സെന്ററുകളുടെ ഘടനയെന്നും ആരോപണങ്ങള്‍ സ്വാഭാവികമാണെന്നും ഐ ടി മിഷന്‍ കോ- ഓഡിനേറ്റര്‍ റഹ്മത്തുല്ല താപി അറിയിച്ചു.

Latest