സ്‌കൂള്‍ സമയത്ത് ഓടിയ ടിപ്പര്‍ ലോറികള്‍ തടഞ്ഞു

Posted on: November 25, 2014 10:53 am | Last updated: November 25, 2014 at 10:53 am

വേങ്ങര: സ്‌കൂള്‍ സമയത്ത് മരണപ്പാച്ചില്‍ നടത്തിയ ടിപ്പര്‍ ലോറികള്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. ടിപ്പര്‍ ലോറികള്‍ അപകടകരമായ രീതിയില്‍ ഓടുന്നത് പതിവായതോടെ ഇന്നലെ വേങ്ങര ബോയ്‌സ് ഹൈസ്‌കൂള്‍ പരിസരത്ത് വെച്ച് ലോറികള്‍ തടയുകയായിരുന്നു. സ്‌കൂള്‍ തുടങ്ങുന്ന സമയത്ത് പത്ത് ടിപ്പര്‍ലോറികളാണ് തടഞ്ഞത്.
സ്‌കൂള്‍ സമയം നിയമം പാലിക്കാതെ ഓടുന്ന വാഹനങ്ങള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ജില്ലാകലക്ടര്‍, ആര്‍ ടി ഒ തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിട്ടും നടപടികള്‍ സ്വീകരിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് ഇന്നലെ റോഡില്‍ വാഹനങ്ങള്‍ തടഞ്ഞുവെച്ചത്. ഡി വൈ എഫ് ഐ ഭാരവാഹികളായ കെ പ്രദീപ്, വി അസൈന്‍, സി എച്ച് ശംസുദ്ദീന്‍, എം പി നൗഫല്‍, പി ദിലീപ്, വി പി ഷിനോജ്, വടക്കന്‍ സതീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.