Connect with us

Kozhikode

വീടുകളിലേക്കുള്ള വഴി തടസ്സപ്പെടുത്തിയതായി പരാതി

Published

|

Last Updated

താമരശ്ശേരി: നിര്‍ധന കുടുംബങ്ങള്‍ക്ക് സാധുസഹായ സമിതി നല്‍കിയ വീടുകളിലേക്കുള്ള വഴി സ്വകാര്യ വ്യക്തി തടസ്സപ്പെടുത്തിയതായി പരാതി. തച്ചംപൊയില്‍ ചാലക്കര പള്ളിപ്പുറം വെളുപ്പാന്‍ചാലില്‍ എ കെ അഷ്‌റഫ്, കെ ഷരീഫ, നസീമ, സലീന, ഷബീബ എന്നിവരാണ് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയത്. മൂന്ന് പതിറ്റാണ്ട് മുമ്പ് പള്ളിപ്പുറം സാധുസേവാ സംഘം അഞ്ച് കുടുംബങ്ങള്‍ക്ക് സൗജന്യമായി നല്‍കിയ ഭൂമിയില്‍ മൂന്ന് കുടുംബങ്ങളാണ് താമസിക്കുന്നത്. ആറ് മാസം മുമ്പ് ഇവരുടെ വീട്ടിലേക്കുള്ള വഴി തടസ്സപ്പെടുത്തിയതിനെതിരെ കോഴിക്കോട് മുന്‍സിഫ് കോടതിയെ സമീപിച്ചെങ്കിലും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിച്ചതായി പരാതിയില്‍ പറയുന്നു. താലൂക്ക് സര്‍വെയര്‍ അളന്ന് പൊതുവഴി അടയാളപ്പെടുത്തി നല്‍കിയെങ്കിലും സ്വകാര്യവ്യക്തി സ്ഥാപിച്ച ഗെയ്റ്റ് നീക്കം ചെയ്യാത്തതിനെതുടര്‍ന്ന് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഇതിനിടെ വഴി തടസ്സപ്പെടുത്തുന്നത് ചോദ്യം ചെയ്തവരെ മര്‍ദിച്ചതായും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സതേടിയെത്തിയപ്പോള്‍ എം എല്‍ എ വിളിച്ചുപറഞ്ഞതിനാല്‍ അഡ്മിറ്റ് ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചതായും മറുപക്ഷത്തെ അഡ്മിറ്റ് ചെയ്തതായും ഇവര്‍ ആരോപിക്കുന്നു. ചര്‍ച്ചക്കായി വിളിപ്പിച്ച താമരശ്ശേരി ഡി വൈ എസ് പി. ജെയസണ്‍ കെ അബ്രഹാം ഏകപക്ഷീയമായി വഴി നടക്കരുതെന്ന് പറഞ്ഞതായും ഈ അവസരം മുതലെടുത്ത് സ്വകാര്യ വ്യക്തി പൊതുവഴി പൂര്‍ണമായും അടച്ചതായും ജില്ലാ കലക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. വഴി തടസ്സപ്പെടുത്തിയതിനാല്‍ എട്ട് വിദ്യാര്‍ഥികളുടെ പഠനം മുടങ്ങിയതിനെതിരെ ബാലാവകാശ കമ്മീഷന് പരാതി നല്‍കാനുള്ള തയാറെടുപ്പിലാണ് വീട്ടുകാര്‍.

Latest