Connect with us

Ongoing News

ഭരണകക്ഷിയിലെ പിളര്‍പ്പിന് പിന്നില്‍ വിദേശകരങ്ങളെന്ന് ലങ്ക

Published

|

Last Updated

കൊളംബോ : ഭരണകക്ഷിയിലുണ്ടായ പിളര്‍പ്പിന് പിന്നില്‍ വിദേശ കരങ്ങളുണ്ടെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍. സര്‍ക്കാറിനെതിരായ അന്താരാഷ്ട്ര ഗൂഢാലോചനയില്‍ മുന്‍ ആരോഗ്യമന്ത്രിയും ശ്രീലങ്ക ഫ്രീഡം പാര്‍ട്ടി സെക്രട്ടറിയുമായ മൈതിരിപാല സിരിസേനക്ക് പങ്കുണ്ടെന്നും ശ്രീലങ്കന്‍ ഊര്‍ജവകുപ്പ് മന്ത്രി പവിത്ര വാന്നിഅരാച്ചി പറഞ്ഞതായി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. ജനുവരിയില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് മഹീന്ദ രജപക്‌സെക്കെതിരെ പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്ന് മത്സരിക്കുമെന്ന് സിരിസേന കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപനത്തെത്തുടര്‍ന്ന് ശ്രീലങ്ക ഫ്രീഡം പാര്‍ട്ടിയുടെ ചെയര്‍മാന്‍ കൂടിയായ രജപക്‌സെ സിരിസേനയെ പാര്‍ട്ടി അംഗത്വത്തില്‍നിന്നും മന്ത്രി സ്ഥാനത്തുനിന്നും പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ കൂടുതല്‍ മന്ത്രിമാര്‍ പ്രതിപക്ഷത്തേക്ക് ചേക്കേറുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇനിയാരും പ്രതിപക്ഷത്തേക്ക് പോകില്ലെന്ന് ഉറപ്പുണ്ടെന്ന് കാബിനറ്റ് മന്ത്രിയായ വാന്നിഅരാച്ചി പറഞ്ഞു. പാര്‍ട്ടിയെ വഞ്ചിച്ച സിരിസേന പ്രതിപക്ഷ പാര്‍ട്ടിയായ യുനൈറ്റഡ് നാഷനല്‍ പാര്‍ട്ടിയുടെ നേതാവ് റനില്‍ വിക്രമസിംഗെയെ അധികാരത്തില്‍ തിരിച്ചുകൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ചെളിവാരിയെറിയല്‍ നടത്തില്ലെന്ന് സിരിസേന ഉറപ്പ് നല്‍കിയിട്ടുണ്ട്. ദേഷ്യത്തിന്റെയും വെറുപ്പിന്റെയും ഭാഷയില്‍ സംസാരിക്കുന്നത് തന്റെ രീതിയല്ലെന്നും വ്യക്തിപരമായി ആരേയും അധിക്ഷേപിക്കാതെ ഉത്തരവാദിത്വത്തോടെയേ പ്രചാരണം നടത്തൂവെന്നും കൊളംബോക്ക് പുറത്ത് ക്ഷേത്രദര്‍ശനം നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ സിരിസേന പറഞ്ഞു.

---- facebook comment plugin here -----

Latest