Connect with us

Kerala

ബാര്‍ കോഴ: മാണിയെ ഉടന്‍ ചോദ്യം ചെയ്യും

Published

|

Last Updated

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ ക്വിക്ക് വെരിഫിക്കേഷന്‍ നടത്തുന്ന വിജിലന്‍സ് സംഘം ധനമന്ത്രി കെ എം മാണിയെ ഉടന്‍ ചോദ്യം ചെയ്യും. മൊഴി രേഖപ്പെടുത്തുന്നതിന് സമയം തേടി വിജിലന്‍സ് സംഘം മന്ത്രിയുടെ ഓഫീസിന് നോട്ടീസ് നല്‍കി. മന്ത്രി തിരുവനന്തപുരത്ത് ഇല്ലാത്ത സാഹചര്യത്തില്‍ എപ്പോള്‍ ഹാജരാകാന്‍ കഴിയുമെന്നറിയില്ലെന്നാണ് മന്ത്രിയുടെ ഓഫീസ് വിജിലന്‍സിനെ അറിയിച്ചത്. തിരുവനന്തപുരത്ത് എത്തുന്ന മുറക്ക് ഇന്ന് രാവിലെയോ നാളെയോ വിജിലന്‍സ് സംഘം മാണിയെ ചോദ്യം ചെയ്യുമെന്നാണ് വിവരം. അതേ സമയം, ഇന്നലെ വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് മൊഴിയെടുക്കലിന് ഹാജരാകണമെന്ന വിജിലന്‍സിന്റെ ആവശ്യം ബാറുടമകള്‍ തള്ളി. പന്ത്രണ്ട് പേര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ഇന്നലെ ഒരാള്‍ മാത്രമാണ് മൊഴി നല്‍കിയത്. മൊഴി നല്‍കാന്‍ രണ്ട് മാസം വരെ സമയം വേണമെന്ന് ഒരാള്‍ ആവശ്യപ്പെട്ടപ്പോള്‍ 28ന് ശേഷം മൊഴി നല്‍കാമെന്ന നിലപാടാണ് മറ്റു ചിലര്‍ വിജിലന്‍സിനെ അറിയിച്ചത്.

ക്വിക്ക് വെരിഫിക്കേഷന്‍ വൈകരുതെന്നും അടിയന്തിരമയി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി തന്നെ നിര്‍ദേശിച്ച സാഹചര്യത്തിലാണ് മാണിയുടെ മൊഴിയെടുക്കാനുള്ള വിജിലന്‍സ് തീരുമാനം. മാണിയെ ചോദ്യം ചെയ്യാതെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയാല്‍ തിരിച്ചടിയാകുമെന്ന് കണ്ടതോടെയാണ് ക്വിക്ക് വെരിഫിക്കേഷന്റെ ഭാഗമായി മൊഴിയെടുക്കാന്‍ വിജിലന്‍സ് തീരുമാനിച്ചത്. അന്വേഷണം സംബന്ധിച്ച് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ നിലപാടെടുക്കാവൂവെന്ന് അന്വേഷണ സംഘത്തിന് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോള്‍ നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. ആരോപണം ഉന്നയിച്ച ബിജു രമേശ് അടക്കം 19 പേര്‍ ഇതിനോടകം അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് ഡി വൈ എസ് പി സുരേഷ് കുമാര്‍ മുമ്പാകെ മൊഴി നല്‍കിയിട്ടുണ്ട്. കോട്ടയത്തെ ബാറുടമ ചാക്കോച്ചനാണ് ഇന്നലെ മൊഴി നല്‍കിയത്.
അസോസിയേഷന്‍ അംഗങ്ങളില്‍ നിന്നും പണം പിരിച്ചിരുന്നുവെന്നും എന്നാല്‍, ഇത് മന്ത്രിക്കാണ് നല്‍കിയതെന്ന കാര്യം അറിയില്ലെന്നുമാണ് ചാക്കോച്ചന്റെ മൊഴിയെന്നാണ് സൂചന. പണം കൈമാറിയതിന്റെ പ്രധാന സാക്ഷികളായി ബിജു രമേശ് വിജിലന്‍സിനെ അറിയിച്ച നാല് പേരും ഇന്നലെ ഹാജരാകാന്‍ നോട്ടീസ് നല്‍കിയവരുടെ കൂട്ടത്തിലുണ്ടായിരുന്നു. മൊഴി നല്‍കുന്നതിന് ബാറുടമകള്‍ കൂടുതല്‍ സമയം ചോദിച്ചതോടെ കെ എം മാണിക്കെതിരെ കേസെടുക്കാന്‍ തക്ക തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് സൂചന. ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ സേവ്യര്‍ ഉണ്ണി, എം പി ധനേഷ്, ജോണ്‍ പല്ലാക്ക്, കെ എന്‍ കൃഷ്ണദാസ് പോളക്കുളം എന്നിവരാണ് മാണിക്ക് പണം കൈമാറിയതെന്ന് ബിജു രമേശ് മൊഴി നല്‍കിയിരുന്നു. ബിജുവിന്റെ മൊഴി ഇവരില്‍ ആരെങ്കിലും ശരിവെച്ചാല്‍ മാണിക്കെതിരെ കേസെടുക്കാന്‍ വിജിലന്‍സ് നിര്‍ബന്ധിതമാകുമായിരുന്നു. ബിജു രമേശ് ഉന്നയിച്ച ആരോപണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ക്വിക്ക് വെരിഫിക്കേഷന്‍ നടത്തുന്നത്. അന്വേഷണം ആവശ്യപ്പെട്ട വി എസ് അച്യുതാനന്ദന് ചോദ്യാവലി നല്‍കി മറുപടി വാങ്ങുകയായിരുന്നു. മൂന്ന് പ്രാവശ്യം നോട്ടീസ് നല്‍കിയിട്ടും ഹാജരായില്ലെങ്കില്‍ അതുചൂണ്ടിക്കാട്ടി അന്വേഷണം അവസാനിപ്പിക്കാമെന്നാണ് വിജിലന്‍സ് വൃത്തങ്ങള്‍ പറയുന്നത്.