കരിപ്പൂരില്‍ അര കിലോ സ്വര്‍ണം പിടികൂടി

Posted on: November 24, 2014 1:15 pm | Last updated: November 25, 2014 at 12:05 am

karippor airportകൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ദുബൈയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് അനധികൃതമായി കടത്തിയ അര കിലോഗ്രാം സ്വര്‍ണം പിടികൂടി. കണ്ണൂര്‍ ചെറുപറമ്പ് സ്വദേശി ചൊക്കരക്കണ്ടിയില്‍ അഷ്‌റഫ് (42) ആണ് കസ്റ്റംസ് ആന്‍ഡ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ പിടിയിലായത്. അന്താരാഷ്ട്ര വിപണിയില്‍ പത്ത് ലക്ഷം രൂപ വില മതിക്കുന്ന പത്ത് തോലാബാര്‍ സ്വര്‍ണമാണ് അഷ്‌റഫ് കടത്താന്‍ ശ്രമിച്ചത്. 24 ചെറുകഷണങ്ങളാക്കി സൗന്ദര്യ വര്‍ധക വസ്തുക്കള്‍ക്ക് ഉള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. എയര്‍ ഇന്ത്യ വിമാനത്തിലാണ് ഇയാള്‍ എത്തിയത്.

മറ്റൊരു യാത്രക്കാരനില്‍ നിന്ന് അനധികൃതമായി കൊണ്ടുവന്ന പെട്രോളിയം പ്രൊഡക്ട്റ്റ് പൈപ്പ്‌ലൈന്‍ വെല്‍ഡിംഗ് റാഡുകളും കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം ഇന്ന് പിടികൂടി. 18, 24 ഇഞ്ച് സൈസിലുള്ള 50 പൈപ്പ് ലൈന്‍ റാഡുകളാണ് കാസര്‍കോട് കല്ലട്ര സ്വദേശി അഹമ്മദ് റാഫിയില്‍ നിന്ന് പിടികൂടിയത്. ഇറക്കുമതി ലൈസന്‍സ് ഇല്ലാതെ കൊണ്ടുവരാന്‍ അനുമതിയില്ലാത്ത വസ്തുക്കളില്‍ പെട്ടതാണ് ഈ റാഡുകള്‍. അഹമ്മദാബാദ് സ്വദേശിയായ വ്യാപാരിയുടെ ലൈസന്‍സിലാണ് റാഡ് കൊണ്ടുവന്നതെന്നാണ് റാഫി പറയുന്നത്. ഇത് സംബന്ധിച്ച് അന്വേഷിച്ചുവരികയാണെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.