രാജ്യത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ 70 ശതമാനം വളര്‍ച്ച

Posted on: November 24, 2014 4:37 am | Last updated: November 23, 2014 at 11:38 pm

terroristന്യൂഡല്‍ഹി: 2012- 13 കാലയളവില്‍ ഇന്ത്യയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ 70 ശതമാനം വര്‍ധിച്ചതായി ആഗോള തീവ്രവാദ സൂചകം-2014. തീവ്രവാദ ആക്രമണത്തിലുള്ള മരണം 238ല്‍ നിന്ന് 404 ആയിട്ടുണ്ട്. നക്‌സല്‍ ആക്രമണമാണ് വര്‍ധിച്ചത്.
ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഇകണോമിക്‌സ് ആന്‍ഡ് പീസ് (ഐ ഇ പി) ആണ് പഠനം നടത്തിയത്. 2012നേക്കാള്‍ 2013ല്‍ ആക്രമണങ്ങളുടെ എണ്ണം 55 ആയി വര്‍ധിച്ചു. ഇന്ത്യയില്‍ നടക്കുന്ന ഭൂരിപക്ഷം ആക്രമണങ്ങളിലും ആളപായം കുറവാണ്. കഴിഞ്ഞ വര്‍ഷത്തെ 70 ശതമാനം ആക്രമണങ്ങളിലും ആളപായമുണ്ടായിരുന്നില്ല. ഇസ്‌ലാമിസ്റ്റ്‌സ്, വിഘടനവാദികള്‍, കമ്യണിസ്റ്റ്‌സ് എന്നീ വിഭാഗങ്ങളിലായി 43 ഗ്രൂപ്പുകള്‍ ആക്രമണം നടത്തിയിട്ടുണ്ട്. ഇടത് തീവ്രവാദ ഗ്രൂപ്പുകളാണ് ഇടക്കിടെ ആക്രമണം നടത്തുന്നവരും കൂടുതല്‍ മരണം വിതക്കുന്നവരും. കഴിഞ്ഞ വര്‍ഷത്തെ 192 മരണങ്ങളുടെ ഉത്തരവാദിത്വം മൂന്ന് മാവോയിസ്റ്റ് ഗ്രൂപ്പുകള്‍ ഏറ്റെടുത്തിരുന്നു. ഇന്ത്യയില്‍ നടന്ന മൊത്തം തീവ്രവാദ ആക്രമണങ്ങളിലെ മരണങ്ങള്‍ ഇതിന്റെ പകുതിയേ വരൂ. മാവോയിസ്റ്റ് ആക്രമണങ്ങളുടെ പ്രധാന ലക്ഷ്യം പോലീസുകാരാണ്. മാവോയിസ്റ്റ് ആക്രമണങ്ങളില്‍ മരണമടഞ്ഞവരുടെയും പരുക്കേറ്റവരുടെയും ആകെ കണക്കില്‍ പോലീസുകാരാണ് മുന്നില്‍. മാവോയിസ്റ്റ് വെടിവെപ്പില്‍ 85ഉം സ്‌ഫോടനങ്ങളില്‍ 43ഉം മരണങ്ങളുണ്ടായി.
തട്ടിക്കൊണ്ടുപോകല്‍ മാവോയിസ്റ്റുകളുടെ പൊതുവായ തന്ത്രമാണ്. തടവുകാരെ മോചിപ്പിക്കാന്‍ സര്‍ക്കാറുകള്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്താനാണിത്. ജമ്മു കാശ്മീരിനെ ചൊല്ലിയുള്ള പാക്കിസ്ഥാനുമായുള്ള തര്‍ക്കമാണ് തീവ്രവാദികള്‍ മുതലെടുക്കുന്നത്. 2013ല്‍ 15 ശതമാനം മരണങ്ങള്‍ക്ക് ഉത്തരവാദികള്‍ ഇസ്‌ലാമിന്റെ പേര് ഉപയോഗിക്കുന്ന തീവ്രവാദികളാണ്. പാക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹിസ്ബുല്‍ മുജാഹിദീനാണ് 2013ല്‍ ചാവേര്‍ ആക്രമണം നടത്തിയ ഏക സംഘടന. സെപ്തംബറില്‍ ഇന്ത്യയില്‍ തങ്ങള്‍ മറ്റ് സംഘങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്ന് അല്‍ ഖാഇദ അവകാശപ്പെട്ടിരുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി വടക്കുകിഴക്കന്‍ മേഖലയില്‍ പ്രാദേശിക ഗ്രൂപ്പുകള്‍ നാശം വിതക്കുന്നുണ്ട്. 16 ശതമാനം മരണങ്ങള്‍ക്ക് അസമിലെയും മേഘാലയയിലെയും വിഘടന ഗ്രൂപ്പുകള്‍ ഉത്തരവാദികളായിട്ടുണ്ട്. ചില വ്യക്തികളെയും പോലീസിനെയും വ്യവസായത്തെയുമാണ് ഇക്കൂട്ടര്‍ ലക്ഷ്യം വെക്കുന്നത്. ഈ ഗ്രൂപ്പുകള്‍ താരതമ്യേന ചെറുതും പ്രാദേശിക ആവശ്യങ്ങളുമാണുള്ളത്. റിപ്പോര്‍ട്ടില്‍ പറയുന്നു.