ഫ്രഞ്ച് നഗരത്തില്‍ രണ്ടാം ലോക മഹായുദ്ധകാലത്തെ ബോംബ് കണ്ടെത്തി; ആയിരങ്ങളെ ഒഴിപ്പിച്ചു

Posted on: November 24, 2014 5:34 am | Last updated: November 23, 2014 at 10:34 pm

റെന്നീസ്: ഫ്രഞ്ച് നഗരത്തില്‍ നിന്ന് രണ്ടാം ലോക മഹായുദ്ധകാലത്തെ ബ്രിട്ടീഷ് ബോംബ് കണ്ടെത്തി. ഇതേ തുടര്‍ന്ന് പ്രദേശത്ത് നിന്ന് 3000 ത്തോളം താമസക്കാരെ ഒഴിപ്പിച്ചു. 250 കിലോ തൂക്കം വരുന്നതാണ് ബോംബ്. നഗരത്തിലെ ടൗണ്‍ഹാളിന് സമീപത്ത് നിന്നാണ് ബോംബ് കണ്ടെടുത്തത്. ഫ്രാന്‍സിന്റെ പടിഞ്ഞാറ് ബ്രിറ്റനിയില്‍ പുതുതായി നിര്‍മിക്കുന്ന മെട്രൊ ലൈനുമായി ബന്ധപ്പെട്ടുള്ള പ്രവൃത്തിക്കിടെയാണ് ബോംബ് കണ്ടെത്തിയത്.
വന്‍ പ്രഹരശേഷിയുള്ളതാണ് ബോംബ്. ഇത് നിര്‍വീര്യമാക്കാനുള്ള നടപടിക്രമങ്ങള്‍ പോലീസ് നടത്തിക്കൊണ്ടിരിക്കുകയാണ്. പ്രഹര ശേഷിയേറിയതിനാല്‍ അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് വളരെ സൂക്ഷ്മമായാണ് ബോംബ് നിര്‍വീര്യമാക്കാനുള്ള പ്രവൃത്തികള്‍ നടത്തുന്നത്. ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ടെന്ന് മേയര്‍ നതല്യ അപ്പേരെ പറഞ്ഞു. ബോംബ് കണ്ടതിനെ തുടര്‍ന്ന് പ്രദേശത്തെ താമസക്കാരെയും കച്ചവട സ്ഥാപനങ്ങളിലുള്ളവരെയും ഒഴിപ്പിച്ചിട്ടുണ്ട്. 270 മീറ്റര്‍ അകലെ മറ്റൊരു പ്രദേശത്തേക്കാണ് ഒഴിപ്പിച്ചത്. ബോംബ് നിര്‍വീര്യമാക്കല്‍ പ്രവൃത്തി ആറ് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്നതാണെന്ന് പോലീസ് പറഞ്ഞു. വലിയ റെയില്‍ വേ ജംഗ്ഷനും നിരവധി സ്ഥാപനങ്ങളുമുള്ള പ്രദേശമാണിത്. ഈ പ്രദേശം ലക്ഷ്യമാക്കി രണ്ടാം ലോക മഹായുദ്ധകാലത്ത് നിരവധി ആക്രമണങ്ങള്‍ ബ്രിട്ടന്‍ നടത്തിയിരുന്നു.