Connect with us

Malappuram

ജനറല്‍ ആശുപത്രിക്ക് ബജറ്റില്‍ തുക വകയിരുത്തും: മന്ത്രി

Published

|

Last Updated

മഞ്ചേരി: ജില്ലാ ജനറല്‍ ആശുപത്രി മഞ്ചേരി ചെരണിയില്‍ സ്ഥാപിക്കുന്നതിന് അടുത്ത ബജറ്റില്‍ തന്നെ തുക വകയിരുത്തുമെന്ന് ആരോഗ്യ- ദേവസ്വം വകുപ്പ് മന്ത്രി വി എസ് ശിവകുമാര്‍ പ്രസ്താവിച്ചു. ചെരണിയില്‍ ആരോഗ്യ വകുപ്പിന്റെ കൈവശമുള്ള, നിലവില്‍ ജില്ലാ ടി ബി സെന്റര്‍ പ്രവര്‍ത്തിക്കുന്ന അഞ്ചര ഏക്കര്‍ സ്ഥലത്ത് പുതിയ ജനറല്‍ ആശുപത്രി സ്ഥാപിക്കാന്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായതാണെന്നും അദ്ദേഹം പറഞ്ഞു. മഞ്ചേരി ചെരണിയിലെ ജില്ലാ ടി.ബി സെന്ററിനു സമീപം നിര്‍മ്മാണം പൂര്‍ത്തിയായ ആരോഗ്യ വകുപ്പിന്റെ ജില്ലാ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഞ്ചേരിയില്‍ പുതിയ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് പ്രഖ്യാപിക്കുക മാത്രമല്ല അടുത്ത വര്‍ഷം തന്നെ അത് ആരംഭിക്കാന്‍ കഴിയുകയും ചെയ്തുവെന്നത് സംസ്ഥാന സര്‍ക്കാറിന്റെ വലിയ നേട്ടമാണ്. ഒരു മെഡിക്കല്‍ കോളജ് ഘട്ടം ഘട്ടമായി മാത്രമേ പ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ കഴിയുകയുള്ളൂ.പഴയ ജനറല്‍ ആശുപത്രിയുടെ ബോര്‍ഡ് മാറ്റി മെഡിക്കല്‍ കോളജ് എന്നാക്കിയതല്ലെന്നും 255 തസ്തികകളാണ് ഇതിനായി സൃഷ്ടിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഡോക്ടര്‍മാരുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കും. സീനിയര്‍ – ജൂനിയര്‍ റസിഡന്റ് ഡോക്ടര്‍മാരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കും പരിഹാരം കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.
2010-11ലെ ബജറ്റില്‍ ഇത് 112 കോടി മാത്രമായിരുന്നു. എല്ലാ ജില്ലകളിലും സര്‍ക്കാര്‍ മേഖലയില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാന്‍ നടപടി സ്വീകരിച്ചു. പുതിയ ഒന്‍പത് മെഡിക്കല്‍ കേളേജുകള്‍ തുടങ്ങി. അടുത്ത വര്‍ഷം രണ്ടെണ്ണം തുടങ്ങും. 3871 തസ്തികകളാണ് ആരോഗ്യ മേഖലയില്‍ പുതുതായി സൃഷ്ടിച്ചത്.
സംസ്ഥാനത്ത് ആരോഗ്യ സര്‍വ്വകലാശാല സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചു വരുന്നതായും മന്ത്രി ശിവകുമാര്‍ അറിയിച്ചു. അഡ്വ. എം. ഉമര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി ഉമ്മര്‍ ഫാറൂഖ്, ഡെപ്യൂട്ടി ഡി എം ഒ ഡോ. രേണുക, മഞ്ചേരി മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. കെ വി നന്ദകുമാര്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ടി എം ഗോപാലന്‍, ഡെ. മാസ് മീഡിയ ഓഫീസര്‍ പി. രാജു തുടങ്ങിയവര്‍ സംസാരിച്ചു. ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം 2012-13 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 46.8 ലക്ഷം രൂപ ചെലവഴിച്ചതാണ് ജില്ലാ ട്രൈനിംഗ് സെന്ററിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ആരോഗ്യ വകുപ്പിന്റെ മുഴുവന്‍ പരിശീലന പരിപാടികളും ഇനി ജില്ലാ സെന്ററില്‍ നടത്താനാവും.