Connect with us

Kerala

എം വി ആര്‍ വിരോധം വെടിഞ്ഞ് ഇത്തവണ കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം

Published

|

Last Updated

കണ്ണൂര്‍: അഞ്ച് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ കൂത്തുപറമ്പില്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട സംഭവത്തിന് ഇരുപത് വര്‍ഷം തികയുമ്പോള്‍ ഇത്തവണ ഡി വൈ എഫ് ഐ രക്തസാക്ഷി ദിനാചരണം സംഘടിപ്പിക്കുന്നത് പ്രതിസന്ധിക്കിടയില്‍.

എം വി രാഘവന്റെ വിയോഗത്തിന് ശേഷം നടക്കുന്ന ആദ്യത്തെ രക്തസാക്ഷി ദിനമെന്നത് മാത്രമല്ല, എം വി രാഘവനോടുള്ള പാര്‍ട്ടി നിലപാടിലെ മാറ്റം കൂടി ഇത്തവണത്തെ രക്തസാക്ഷി ദിനാചരണത്തിന്റെ പ്രത്യേകതയാണ്. കഴിഞ്ഞ 19 വര്‍ഷത്തെ രക്തസാക്ഷി ദിനാചരണങ്ങളിലും പ്രതിയായി ചൂണ്ടിക്കാണിച്ചയാള്‍ ഇപ്പോള്‍ സ്വന്തക്കാരനായി മാറിയത് ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ പ്രതിസന്ധിയിലാക്കുന്നു. അതുകൊണ്ട് തന്നെയാകണം കൂത്തുപറമ്പില്‍ രക്തസാക്ഷി ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യുന്നത് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ്. അദ്ദേഹത്തിന്റെ സാന്നിധ്യം പ്രവര്‍ത്തകരുടെ ആശയക്കുഴപ്പം തീര്‍ക്കുന്നതിനും എം വി ആറിനോടുള്ള നിലപാട് വിശദീകരിക്കാനുമാണ്. കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പോടെയാണ് പാട്യം രാജന്റെയും കെ അരവിന്ദാക്ഷന്റെയും നേതൃത്വത്തിലുള്ള വിഭാഗം സി എം പി ഇടത് മുന്നണിയോടും സി പി എമ്മിനോടും അടുത്തതും പരസ്യമായി സഹകരിക്കാന്‍ ആരംഭിച്ചതും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സി എം പിക്ക് അഴീക്കോട് സീറ്റ് നിഷേധിച്ചപ്പോള്‍ തന്നെ സി പി എമ്മുമായി എം വി ആര്‍ ബന്ധപ്പെട്ടിരുന്നതായി സി എം പി നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. അന്ന് പിണറായി വിജയനുമായി എം വി ആര്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി നേതാക്കള്‍ സമ്മതിച്ചിട്ടുണ്ട്. എം വി രാഘവന്റെ മരണത്തെ തുടര്‍ന്ന് ചടങ്ങുകളിലും സി പി എമ്മിന്റെ നേതാക്കളെല്ലാവരുമെത്തിയിരുന്നു. എന്നാല്‍ ഡി വൈ എഫ് ഐ നേതാക്കളില്‍ പലരുടെയും അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. എം വി രാഘവനോട് പാര്‍ട്ടി ക്ഷമിച്ചെങ്കിലും ഡി വൈ എഫ് ഐക്ക് പൊറുക്കാനാവില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. എം വി രാഘവനുമായുള്ള പാര്‍ട്ടി ചങ്ങാത്തം കണ്ണൂര്‍ ജില്ലയിലെ പല ഡി വൈ എഫ് ഐ യോഗങ്ങളിലും ചര്‍ച്ചാ വിഷയമായിരുന്നു. എം വി ആര്‍ മരിച്ചപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ കൂത്തുപറമ്പ് വെടിവെപ്പിനെയും പുഷ്പനെയും ഓര്‍മപ്പെടുത്തുകയായിരുന്നു. ഇത് പാര്‍ട്ടിക്കുള്ള ഓര്‍മപ്പെടുത്തല്‍ കൂടിയാണ്. 1994 നവംബര്‍ 25 നാണ് കൂത്തുപറമ്പില്‍ പോലീസ് വെടിവെപ്പില്‍ റോഷന്‍, രാജീവന്‍, ഷിബുലാല്‍, മധു, ബാബു എന്നിവര്‍ കൊല്ലപ്പെട്ടത്. അന്ന് പോലീസിന്റെ വെടിവെപ്പില്‍ ഗുരുതരമായി പരുക്കേറ്റ പുഷ്പന്‍ രക്തസാക്ഷിയായി ജീവിക്കുന്നു.

---- facebook comment plugin here -----

Latest