Connect with us

Ongoing News

വിവാദ വ്യവസായിയുമൊത്ത് ഡി സി സി ജന. സെക്രട്ടറിയുടെ വിനോദയാത്ര വിവാദത്തിലേക്ക്

Published

|

Last Updated

പാലക്കാട്: വിവാദ വ്യവസായി വി എം രാധാകൃഷ്ണനോടൊപ്പം പാലക്കാട് ഡി സി സി ജനറല്‍സെക്രട്ടറി പി ബാലഗോപാല്‍ നടത്തിയ വിനോദയാത്ര വിവാദമാകുന്നു.
മലബാര്‍ സിമന്റ്‌സിലെ അഴിമതിക്കേസിലും മലബാര്‍ സിമന്റ്‌സ് കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രന്റെയും രണ്ട് മക്കളുടെയും ദുരൂഹമരണത്തിലും മുഖ്യ പ്രതിചേര്‍ക്കപ്പെട്ട വി എം രാധാകൃഷ്ണനുമായി ഡി സി സി ജനറല്‍ സെക്രട്ടറി പി ബാലഗോപാല്‍ നടത്തിയ യാത്രക്കെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം തന്നെ രംഗത്തെത്തിയിട്ടുണ്ട്. ജനപക്ഷയാത്ര പാലക്കാട് എത്തിയ സമയത്തായിരുന്നു വിവാദ വ്യവസായിയുമായി ബാലഗോപാല്‍ നില്‍ക്കുന്ന ചിത്രം പരസ്യമായത്. ഇതിന് പിന്നില്‍ ഐ ഗ്രൂപ്പ് നേതാക്കളാണെന്നും പറയപ്പെടുന്നുണ്ട്.
ജനപക്ഷയാത്രയുമായി ബന്ധപ്പെട്ട് ബാര്‍ വ്യവസായികളുമായി ബന്ധമുള്ള എല്ലാ കോണ്‍ഗ്രസ് ഭാരവാഹികള്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ പാലക്കാട്ട് വ്യക്തമാക്കിയിരുന്നു. ഇത്തരമൊരു പശ്ചാത്തലത്തില്‍ ബാലഗോപാലനെതിരെ നടപടി വേണമെന്നാണ് ഐ ഗ്രൂപ്പ് ആവശ്യപ്പെടുന്നത്. ഇതിന് പുറമെ മലബാര്‍ സിമന്റ്‌സിലെ മുന്‍ സെക്രട്ടറി ശശീന്ദ്രന്റെയും രണ്ട് മക്കളുടെയും ദുരൂഹ മരണത്തില്‍ പ്രതികള്‍ക്കെതിരെ നടപടിവേണമെന്നാവശ്യപ്പെട്ട് വിവിധ സന്നദ്ധ സംഘടനകള്‍ നടത്തിയ സമരങ്ങളില്‍ വി എം സുധീരനും പങ്കെടുത്തിരുന്നു. വിവാദ വ്യവസായിക്കെതിരെ ശക്തമായാണ് ഈ സമരങ്ങളില്‍ വി എം സുധീരന്‍ പ്രതികരിച്ചത്. ഇപ്പോള്‍ ഡി സി സി സെക്രട്ടറിയുടെ വി എം രാധാകൃഷ്ണനുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിനെതിരെ പ്രതികരിക്കാത്തതിലും നടപടി സ്വീകരിക്കാത്തതിലും വിവിധ സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്.
സംഭവം പുറത്തായതിനെ തുടര്‍ന്ന്, മാസങ്ങള്‍ക്ക് മുമ്പ് യാത്രക്ക് പോയ ചിത്രമാണെന്നും ജനപക്ഷയാത്ര വന്ന സമയത്ത് ചിത്രം പുറത്താക്കിയതിന് പിന്നില്‍ തന്നെ തേജോവധം ചെയ്യുന്നതിനുള്ള ചില തത്പരകക്ഷികളുടെ ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കഴിഞ്ഞ മാസമാണ് യാത്ര പോയതെന്നാണ് വി എം രാധാകൃഷ്ണന്റെ പ്രതികരണം. നേരത്തെയും വിവാദ വ്യവസായിയുമായുള്ള ബാലഗോപാലിന്റെ ബന്ധത്തെക്കുറിച്ച് ആരോപണം ഉയര്‍ന്നിരുന്നു. വിവാദവ്യവസായിയുമായുള്ള ബന്ധത്തെ തുടര്‍ന്ന് ഡി സി സി സെക്രട്ടറിക്കെതിരെ അനധികൃത സമ്പാദ്യമുണ്ടെന്ന പരാതിയും ഉയര്‍ന്നിരുന്നു.
വിവാദ വ്യവസായിയുമായുള്ള ബന്ധത്തിനെതിരെ കെ പി സി സി പ്രസിഡന്റ് നിലപാടെടുക്കുമെന്നാണ് സൂചന. അല്ലാത്ത പക്ഷം മുന്‍കാലങ്ങളില്‍ വി എം സുധീരന്‍ എടുത്ത നിലപാട് കാപട്യമാണെന്ന പ്രചാരണത്തിന് ഇത് ആക്കം കൂട്ടുകയും ചെയ്യും.