Connect with us

Kerala

പാറ്റൂര്‍: സര്‍ക്കാറിന് ലോകായുക്തയുടെ രൂക്ഷ വിമര്‍ശം

Published

|

Last Updated

തിരുവനന്തപുരം: പാറ്റൂരിലെ സ്വകാര്യ ഫഌറ്റ് നിര്‍മാതാക്കള്‍ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി കൈയേറിയതുമായി ബന്ധപ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ ലോകായുക്തയുടെ രൂക്ഷ വിമര്‍ശം. കേസുമായി ബന്ധപ്പെട്ട് ലോകായുക്ത ആവശ്യപ്പെട്ട ഭൂമിയുടെ നിര്‍ണായക രേഖകള്‍ ഹാജരാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ലോകായുക്തയുടെ വിമര്‍ശം. നിര്‍ണായക രേഖകള്‍ പൊടിഞ്ഞുപോയെന്ന് സര്‍വേ വകുപ്പും കൈവശാവകാശ രേഖകള്‍ കണ്ടെത്താനായില്ലെന്ന് ജില്ലാ കലക്ടറും ലോകായുക്തയെ അറിയിച്ചു. എന്നാല്‍, ഇത്തരത്തിലുള്ള നിരുത്തരവാദമായ കാരണങ്ങള്‍ നിരത്തി വിഡ്ഢിയാക്കാന്‍ ശ്രമിക്കരുതെന്ന് സര്‍ക്കാറിന് ലോകായുക്ത മുന്നറിയിപ്പ് നല്‍കി. ലോകായുക്ത പയസ് സി കുര്യാക്കോസും ഉപലോകായുക്ത കെ പി ബാലചന്ദ്രനുമാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷ വിമര്‍ശം ഉന്നയിച്ചത്.

പുരാവസ്തു വകുപ്പ് ഡയറക്ടര്‍, ജലവിഭവ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, വാട്ടര്‍ അതോറിറ്റി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ എന്നിവര്‍ക്ക് സമന്‍സ് അയക്കാനും ലോകായുക്ത ഉത്തരവിട്ടു. കേസ് അടുത്ത മാസം അഞ്ചിന് വീണ്ടും പരിഗണിക്കും.
പാറ്റൂരില്‍ ജല അതോറിറ്റിയുടെ പൈപ്പ് കടന്നുപോകുന്ന ഭൂമിയുടെ രേഖകള്‍ പൊടിഞ്ഞുപോയെന്നാണ് സര്‍വേ വകുപ്പ് അറിയിച്ചത്. തോടിന്റെ പുറമ്പോക്ക് ഭൂമിയുടെ കൈവശാവകാശ രേഖകള്‍ കണ്ടെടുക്കാനായില്ലെന്ന് കലക്ടറും ബോധിപ്പിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന അഭിഭാഷക കമ്മീഷന്‍ ഡി അഭിജിതും അമിക്കസ്‌ക്യൂറി കെ ബി പ്രദീപും ഇടക്കാല റിപ്പോര്‍ട്ട് നല്‍കി. പതിനഞ്ച് സെന്റിലേറെ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തി കൈയേറിയെന്ന് അമിക്കസ്‌ക്യൂറി കണ്ടെത്തിയെങ്കിലും ഇതിന് ആധാരമായ രേഖകള്‍ കണ്ടെടുക്കാനായില്ല. പുറമ്പോക്ക് ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ലെന്നും അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ, വിവാദ ഭൂമിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞുകൊണ്ടുള്ള ലോകായുക്ത ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ലോകായുക്ത പരിഗണിക്കുന്ന പരാതിയിലെ അന്തിമവിധിക്ക് വിധേയമായിരിക്കുമെന്നും ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് വ്യക്തമാക്കി. ഫഌറ്റ് നിര്‍മാതാക്കളായ ആര്‍ടെക് ബില്‍ഡേഴ്‌സ് സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്.

Latest