മഹാരാഷ്ട്ര സര്‍ക്കാറിനെ പിന്തുണക്കുന്നവരെ ഗവര്‍ണര്‍ക്കറിയില്ല

Posted on: November 21, 2014 4:54 am | Last updated: November 20, 2014 at 11:55 pm

fadnavis-ptiമുംബൈ: മഹാരാഷ്ട്രയിലെ ബി ജെ പി സര്‍ക്കാര്‍ വിശ്വാസ വോട്ടില്‍ വിജയിച്ചിരിക്കാം. എന്‍ സി പി അംഗങ്ങളും ചില സ്വതന്ത്ര അംഗങ്ങളും ഫട്‌നാവിസ് സര്‍ക്കാറിനെ പിന്തുണക്കുന്നുമുണ്ടാകാം. എന്നാല്‍ ആരൊക്കെയാണ് പിന്തുണക്കുന്നതെന്ന വിവരം സംസ്ഥാന ഗവര്‍ണര്‍ക്ക് ഒരു വിവരവുമില്ല. വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷക്ക് ലഭിച്ച മറുപടിയിലാണ് കൗതുകകരമായ ഈ വസ്തുതയുള്ളത്. ന്യൂനപക്ഷ സര്‍ക്കാറിന് അവകാശവാദമുന്നയിച്ച് ഗവര്‍ണറെ കണ്ട ബി ജെ പി, പിന്തുണക്കുന്നവരുടെ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറിയിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനെ പിന്തുണക്കുന്ന എം എല്‍ എമാരുടെ വിവരം തേടിയാണ് താന്‍ ഗവര്‍ണറുടെ ഓഫീസില്‍ അപേക്ഷ നല്‍കിയതെന്നും എന്നാല്‍ അത്തരമൊരു വിവരം അവിടെയില്ലെന്നാണ് മറുപടി ലഭിച്ചതെന്നും വിവരാവകാശ പ്രവര്‍ത്തകന്‍ അനില്‍ ഗല്‍ഗാലി പറഞ്ഞു.
ബി ജെ പി നേതാക്കളായ ഏക്‌നാഥ് റാവു ഖദ്‌സേ, വിനോദ് തൗദേ, സുധീര്‍ മംഗാണ്ടിവാര്‍, പങ്കജ മുണ്ടെ എന്നിവര്‍ ഒപ്പു വെച്ച കത്ത് ഒക്‌ടോബര്‍ 28ന് 6.40ഓടെ ഗവര്‍ണര്‍ സി വി റാവുവിന് സമര്‍പ്പിച്ചുവെന്ന് മാത്രമാണ് ആര്‍ ടി ഐ അപേക്ഷക്കുള്ള മറുപടിയില്‍ പറയുന്നത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയില്‍ തങ്ങളെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. എന്നാല്‍ പിന്തുണക്കുന്ന അംഗങ്ങളുടെ പട്ടിക അതിനോടപ്പമില്ലെന്ന് ഗാല്‍ഗാലി പറഞ്ഞു. തുടര്‍ന്ന് ഗവര്‍ണര്‍ റാവു, ഫട്‌നാവിസിനെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ചു. 31ന് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തു. 15 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. അവിശ്വാസ വോട്ടെടുപ്പില്‍ നിയമസഭയില്‍ ശബ്ദ വോട്ടോടെ ഭൂരിപക്ഷം തെളിയിക്കുകയായിരുന്നു. ഇത് ഏറെ വിവാദമായിരുന്നു.
‘ശബ്ദവോട്ടോടെ ഭൂരിപക്ഷം തെളിയിക്കുന്നതില്‍ തെറ്റില്ല. പക്ഷേ സര്‍ക്കാറിന്റെ യഥാര്‍ഥ ശക്തി അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. ജനങ്ങള്‍ അവ്യക്തതയിലാണ്. ഇത് നീക്കാനുള്ള ധാര്‍മികമായ ഉത്തരവാദിത്വം മുഖ്യമന്ത്രി ഫട്‌നാവിസിനുണ്ട്. തന്നെ പിന്തുണക്കുന്നവരുടെ പട്ടിക പുറത്തുവിടാന്‍ അദ്ദേഹം തയ്യാറാകണമെ’ന്നും ഗാല്‍ഗാലി പറഞ്ഞു.