Connect with us

National

കല്‍ക്കരിപ്പാടം: വീണ്ടും അന്വേഷിക്കാന്‍ കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: അനധികൃതമായി കല്‍ക്കരിപ്പാടം അനുവദിച്ച കേസില്‍ പുനരന്വേഷണം നടത്താന്‍ സി ബി ഐക്ക് പ്രത്യേക കോടതി നിര്‍ദേശം നല്‍കി. രാജ്യസഭാ എം പി വിജയ് ദാര്‍ധ ഉള്‍പ്പെടെയുള്ളവര്‍ ആരോപണവിധേയരായ കേസുകളിലാണ് പുനരന്വേഷണത്തിന് പ്രത്യേക കോടതി ഉത്തരവിട്ടത്. തെളിവുകളില്ലെന്ന പേരില്‍ കേസന്വേഷണം അവസാനിപ്പിക്കുന്നതായി കാണിച്ച് സി ബി ഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തിലാണ് കോടതി ഉത്തരവ്. അനധികൃതമായി കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ച കേസില്‍ ജെ എ എസ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് പവേഴ്‌സ് ഉള്‍പ്പെടെയുള്ളവരുടെ പങ്ക് പുനരന്വേഷിക്കാനാണ് നിര്‍ദേശം. ഡിസംബര്‍ പത്തൊമ്പതിന് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനും പ്രത്യേക സി ബി ഐ ജഡ്ജി ഭരത് പരാശര്‍ ഉത്തരവിട്ടു.
ജെ എല്‍ ഡി യവത്മല്‍ എനര്‍ജി കമ്പനി, ഇതിന്റെ ഡയറക്ടര്‍മാരായ വിജയ് ദര്‍ധ, ദര്‍ധയുടെ മക്കള്‍, നാഗ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വ്യവസായി മനോജ് ജയ്‌സ്വാള്‍, അഭിഷേക് ജയ്‌സ്വാള്‍, ആനന്ദ് ജയ്‌സ്വാള്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് അവസാനിപ്പിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടാണ് കോടതിയില്‍ സി ബി ഐ സമര്‍പ്പിച്ചത്. കല്‍ക്കരി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവര്‍ക്കെതിരെ തെളിവുകളുണ്ടെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ബോധിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്.

Latest