Connect with us

Ongoing News

അഭിലാഷിന്റെ കൊലപാതകം:തീരദേശ ഹര്‍ത്താല്‍ പൂര്‍ണം

Published

|

Last Updated

കാഞ്ഞങ്ങാട്: അഭിലാഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധമിരമ്പി. ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംതരം വിദ്യാര്‍ഥി അഭിലാഷിന്റെ കൊലപാതകത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് അജാനൂര്‍ കടപ്പുറം കുറുംബ ഭഗവതി ക്ഷേത്ര പരിധിയിലെ മത്സ്യത്തൊഴിലാളികള്‍ പണിമുടക്കി.
ക്ഷേത്രസ്ഥാനികരുടെ നേതൃത്വത്തില്‍ ബത്തേരിക്കല്‍ കടപ്പുറത്തുനിന്ന് കാഞ്ഞങ്ങാട് ടൗണ്‍വഴി പുതിയകോട്ട മാന്തോപ്പ് മൈതാനിയിലേക്ക് പ്രകടനം നടത്തി. അഭിലാഷിന്റെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ഘാതകരെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച പ്രകടനത്തില്‍ പ്രതിഷേധം ആളിക്കത്തി.
അഭിലാഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചും മുഴുവന്‍ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ടും കാഞ്ഞങ്ങാട് നഗരസഭയിലും അജാനൂര്‍ പഞ്ചായത്തിലും എല്‍ ഡി എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. തീരദേശ പ്രദേശങ്ങളില്‍ വാഹനയോട്ടം നിലച്ചു. മത്സ്യ ബന്ധനത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങിയില്ല. ഹര്‍ത്താല്‍ രാവിലെ പത്ത് മണിയോടെ കാഞ്ഞങ്ങാട് നഗരത്തെയും ബാധിച്ചു. കാഞ്ഞങ്ങാട് കടപ്പുറത്ത് നിന്ന് എത്തിയ ഒരു സംഘം നഗരത്തിലെ കടകള്‍ അടപ്പിച്ചു.
അഭിലാഷിന്റെ കൊലപാതകത്തിന് പിന്നില്‍ കുട്ടികളെ വഴിതെറ്റിക്കുന്ന മാഫിയാ സംഘങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന സംശയം ബലപ്പെട്ടിട്ടുണ്ടെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനും പോലീസ് കര്‍ശന നടപടികള്‍ സ്വീകരിക്കാനുമാണ് എല്‍ ഡി എഫ് തീരദേശ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഹര്‍ത്താല്‍ അനുകൂലികള്‍ നഗരത്തില്‍ പ്രകടനം നടത്തി. സി പി എം ജില്ലാ കമ്മിറ്റിയംഗം എം പൊക്ലന്‍, കാറ്റാടി കുമാരന്‍, ചെറാക്കോട്ട് കുഞ്ഞിക്കണ്ണന്‍, എ വി രാമചന്ദ്രന്‍, അഡ്വ. പ്രദീപ് ലാല്‍, നിഷാന്ത,് അനില്‍ കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
അഭിലാഷിന്റെ കൊലപാതകത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് കാഞ്ഞങ്ങാട് മേഖലയിലെ വിദ്യാഭ്യാസ മേഖലയില്‍ എസ് എഫ് ഐ പഠിപ്പ് ുടക്കി നഗരത്തില്‍ പ്രകടനം നടത്തി. ജില്ലയിലെ ക്യാമ്പസുകളില്‍ പ്രതിഷേധ പ്രകടനവും നടന്നു.
കൊല്ലപ്പെട്ട അഭിലാഷിന്റെ വീട് എസ് എഫ് ഐ ദേശീയ പ്രസിഡണ്ട് ഡോ. വി ശിവദാസന്‍ സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ സമാശ്വസിപ്പിച്ചു.

Latest