Connect with us

National

ജുഡീഷ്യല്‍ കമ്മീഷന്‍ സമ്പ്രദായം: കേന്ദ്രം നടപടി ഊര്‍ജിതമാക്കി

Published

|

Last Updated

ന്യൂഡല്‍ഹി: ഉന്നത നീതിപീഠങ്ങളിലെ ന്യായാധിപരെ തിരഞ്ഞെടുക്കുന്നതിനുള്ള ജുഡീഷ്യല്‍ അപ്പോയിന്‍മെന്റ് സമ്പ്രദായം നടപ്പാക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ വേഗത്തിലാക്കി. കൊളീജിയത്തിന് പകരം ജുഡീഷ്യല്‍ അപ്പോയിന്‍മെന്റ് കമ്മീഷന്‍ നിലവില്‍ വരുന്നതിന് ബില്ലിന് അംഗീകാരം നല്‍കാന്‍ കേന്ദ്ര നിയമ മന്ത്രി സദാനന്ദ ഗൗഡ സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടു. അമ്പത് ശതമാനം സംസ്ഥാന നിയമസഭകളുടെ അംഗീകാരം നേടിയാലേ ഭരണഘടനാ ഭേദഗതി ബില്‍ നിയമമാകൂ. ഗോവ, രാജസ്ഥാന്‍ ത്രിപുര നിയമസഭകള്‍ ഇതിനകം ബില്ലിന് അംഗീകാരം നല്‍കിയിട്ടുണ്ട്.
വിവിധ നിയമസഭകളുടെ ശൈത്യകാല സമ്മേളനം അടുത്ത ദിവസങ്ങള്‍ക്കിടയില്‍ തുടങ്ങാനിരിക്കെയാണ് ഗൗഡ ഇക്കാര്യം നിര്‍ദേശിച്ച് സംസ്ഥാനങ്ങള്‍ക്ക് കത്തെഴുതിയത്. ആവശ്യത്തിന് നിയമസഭകളുടെ പച്ചക്കൊടി വളരെ വേഗം നേടിയെടുക്കാമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. ഗുജറാത്ത് നിയമസഭ കൂടി ബില്ലിന് അംഗീകാരം നല്‍കിയിട്ടുണ്ടെന്നാണ് അറിയുന്നതെന്ന് ഗൗഡ പറഞ്ഞു. സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ന്യായാധിപന്‍മാരെ തിരഞ്ഞെടുക്കുന്നതിന് രണ്ട് പതിറ്റാണ്ടായി തുടരുന്ന കൊളീജിയം സമ്പ്രദായത്തിന് പകരം കമ്മീഷന്‍ സ്ഥാപിക്കുന്നതിനുള്ള ബില്ലിന് കഴിഞ്ഞ ആഗസ്റ്റിലാണ് പാര്‍ലിമെന്റ് അംഗീകാരം നല്‍കിയത്. സംസ്ഥാനങ്ങളുടെ അംഗീകാരം നേടുന്നതടക്കമുള്ള നടപടിക്രമങ്ങള്‍ക്ക് സാധാരണ ഗതിയില്‍ എട്ട് മാസമെടുക്കും. തുടര്‍ന്ന് അത് രാഷ്ട്രപതിക്ക് അയച്ച് കൊടുക്കും. ബില്‍ നിയമമാകുന്നതോടെ ദേശീയ ജുഡീഷ്യല്‍ അപ്പോയിന്റ്‌മെന്റ് കമ്മീഷന്‍ നിലവില്‍ വരും. സുപ്രീം കോടതിയിലെയും 24 ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ നിയമനം സ്ഥലം മാറ്റം തുടങ്ങിയവ കമ്മീഷനായിരിക്കും തീരുമാനിക്കുക.
അപ്പോയിന്റ്‌മെന്റ് കമ്മീഷന് ഭരണഘടനാ പദവിയാണ് ബില്‍ നല്‍കുന്നത്. കമ്മീഷന്റെ അധ്യക്ഷന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരിക്കും. സുപ്രീം കോടതിയിലെ രണ്ട് മുതിര്‍ന്ന ന്യായാധിപര്‍ അംഗങ്ങളായിരിക്കും. രണ്ട് പ്രമുഖ വ്യക്തിത്വങ്ങളും നിയമമന്ത്രിയും നിര്‍ദിഷ്ട കമ്മീഷനില്‍ അംഗങ്ങളായിരിക്കും. നീതിന്യായ വിഭാഗത്തില്‍ നിന്ന് കാര്യമായ പ്രതിനിധികള്‍ ഇല്ലെന്ന പരാതി ഈ മേഖലയില്‍ നിന്ന് ഉയര്‍ന്ന് കഴിഞ്ഞിട്ടുണ്ട്.

Latest