Connect with us

Kerala

വാളകം കേസ്: ഒരു മാസത്തിനകം സി ബി ഐയുടെ അന്തിമ റിപ്പോര്‍ട്ട്

Published

|

Last Updated

തിരുവനന്തപുരം: വാളകത്ത് അധ്യാപകന്‍ കൃഷ്ണകുമാറിന് നേരെയുണ്ടായ ആക്രമത്തെക്കുറിച്ച് അന്വേഷിക്കുന്ന സി ബി ഐ സംഘം ഒരു മാസത്തിനുള്ളില്‍ കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കും. ഫോറന്‍സിക് റിപോര്‍ട്ട് ലഭിച്ചശേഷമാകും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. അന്വേഷണ സംഘവും സി ബി ഐ ജോയിന്റ് ഡയറക്ടറും പ്രത്യേക യോഗം ചേര്‍ന്ന ശേഷം അന്തിമ തീരുമാനമെടുക്കും. അധ്യാപകന് പരുക്കേല്‍ക്കാനിടയായത് അപകടത്തിലോ, ആക്രമണത്തിലോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുകയാണ് സി ബി ഐയുടെ ലക്ഷ്യം. ആക്രമണമെങ്കില്‍ പിന്നില്‍ ആരെന്ന ചോദ്യത്തിനും ഉത്തരം ലഭിക്കുമെന്നാണ് പ്രതീക്ഷ.
കേസിലെ പ്രധാന സാക്ഷി ജാക്‌സണ്‍, അധ്യാപകന്‍ കൃഷ്ണകുമാറിനെ ആക്രമിച്ചെന്ന് ആരോപണം നേരിടുന്ന മുച്ചിറി മനോജ് എന്നിവരെ അഹമ്മദാബാദ് ഫോറന്‍സിക് ലാബില്‍ ബ്രെയിന്‍ മാപ്പിംഗിന് വിധേയമാക്കിയിരുന്നു. നാര്‍ക്കോ അനാലിസിസിനും ഇവര്‍ സമ്മതിച്ചതാണെങ്കിലും ബ്രെയിന്‍ മാപ്പിംഗില്‍ തന്നെ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നാണ് അറിയുന്നത്. 2011 സെപ്തംബര്‍ 27ന് രാത്രി വാളകം എം എല്‍ എ ജംഗ്ഷനില്‍ അധ്യാപകന്‍ കൃഷ്ണകുമാറിനെ മുച്ചിറി മനോജും കൂട്ടാളികളും ആക്രമിക്കുന്നതും വഴിയില്‍ ഉപേക്ഷിക്കുന്നതും കണ്ടെന്നാണ് ജാക്‌സണ്‍ നല്‍കിയിരിക്കുന്ന മൊഴി.
ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള പരിശോധനക്ക് പരുക്കേറ്റ അധ്യാപകന്‍ തയ്യാറായിരുന്നില്ല. പകരം മെഡിക്കല്‍ ബോര്‍ഡ് നല്‍കിയ അധ്യാപകന്റെ ചികിത്സാ വിവരങ്ങള്‍ പരിശോധിച്ച് ഡോക്ടര്‍മാരുടെ സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം സി ബി ഐക്ക് ലഭിച്ചു. ആര്‍ ബാലകൃഷ്ണ പിള്ളയും ഗണേഷ്‌കുമാറും അധ്യാപകന്‍ കൃഷ്ണകുമാറും ഭാര്യ ഗീതയും നുണപരിശോധനക്ക് വിധേയരാകാന്‍ തയ്യാറല്ലെന്ന് സി ബി ഐയെ അറിയിച്ചു.
ആരോഗ്യപരമായ കാരണങ്ങളെത്തുടര്‍ന്നാണ് ബാലകൃഷ്ണ പിള്ളയും കൃഷ്ണകുമാറും പിന്മാറിയത്. ബാലകൃഷ്ണ പിള്ളയെ നുണപരിശോധന നടത്തിയാല്‍ താനും തയ്യാറാണെന്നായിരുന്നു ഗീത സി ബി ഐയെ അറിയിച്ചത്. എന്നാല്‍, ആരുടെയും സമ്മതത്തിന് കാത്തുനില്‍ക്കാതെയാണ് സി ബി ഐ കേസിന്റെ അന്തിമ റിപ്പോര്‍ട്ടിലേക്ക് നീങ്ങുന്നത്.