Connect with us

Editorial

വെല്ലുവിളിക്കുന്ന ആള്‍ദൈവങ്ങള്‍

Published

|

Last Updated

രാജ്യത്ത് ആള്‍ദൈവങ്ങള്‍ എത്രമാത്രം വളര്‍ച്ചയും സ്വാധീനവും നേടിയിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഹരിയാനയിലെ ഹിസാറില്‍ ചൊവ്വാഴ്ച നടന്ന സംഭവങ്ങള്‍. കുപ്രസിദ്ധ ആള്‍ദൈവം രാംപാലിനെ കോടതിയലക്ഷ്യക്കേസില്‍ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘത്തെ, നിയമത്തെ നോക്കുകുത്തിയാക്കിയാണ് ഹസാറിലെ രാംപാലിന്റെ ആശ്രമത്തില്‍ അയാളുടെ കമാന്‍ഡോകളുും അനുയായികളും നേരിട്ടത്. ഹരിയാന പൊലിസ്, സി ആര്‍ പി എഫ്, ആര്‍ എ എഫ് ഉള്‍പ്പെടെ വന്‍ പോലീസ് പടയുണ്ടായിട്ടും, മനുഷ്യമതില്‍ തീര്‍ത്തും വെടിയുതിര്‍ത്തും ബോംബെറിഞ്ഞും രാംപാലിന്റെ അനുയായികള്‍ നടത്തിയ ചെറുത്തുനില്‍പ്പില്‍ നിയമപാലകര്‍ക്ക് പകച്ചുനില്‍ക്കേണ്ടി വന്നു. അക്ഷരാര്‍ഥത്തില്‍ ഒരു യുദ്ധക്കളമായി മാറി അന്നേരം സത്‌ലോക് ആശ്രമ പരിസരം. സംഘര്‍ഷത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും 40ഓളം പോലീസുകാരും മാധ്യമ പ്രവര്‍ത്തകരുമുള്‍പ്പെടെ നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി.
പഞ്ചാബ്-ഹരിയാന ഹൈക്കോടതി കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 43 തവണ രാംപാലനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചതാണ്. അപ്പോഴെല്ലാം ഭരണകൂടത്തിന്റെയും പോലീസിന്റെയും ഒത്താശയോടെ അയാള്‍ മുങ്ങി നടക്കുകയായിരുന്നു. ഏറ്റവുമൊടുവില്‍ ഈ വെള്ളിയാഴ്ചക്കകം അയാളെ അറസ്റ്റ് ചെയ്തിരിക്കണമെന്ന് കോടതി അന്ത്യശാസനം നല്‍കിയതിനെ തുടര്‍ന്നാണ് ആശ്രമത്തില്‍ അയാളെ തേടിച്ചെല്ലാന്‍ പോലീസ് നിര്‍ബന്ധിതമായത്. രാംപാലിന്റെ അനുയായികള്‍ ഗ്രാമീണരെ കൊന്ന കേസില്‍ 2006ല്‍ ഹിസാറിലെ ആശ്രമത്തില്‍ വെച്ചും 2013ല്‍ റോഹ്തക്കിലെ ആശ്രമത്തില്‍ വെച്ചും അയാളെ കസ്റ്റഡിയിലെടുക്കാന്‍ പോലീസ് നടത്തിയ ശ്രമവും ആശ്രമവാസികളുടെ ചെറുത്തുനില്‍പ്പിന് മുമ്പില്‍ പരാജയപ്പെടുകയാണുണ്ടായത്. കഴിഞ്ഞ ജൂലൈയില്‍ കോടതി വിചാരണക്കിടെ ഒരു കൂട്ടം അഭിഭാഷകരെയും രാംപാലിന്റെ അനുയായികള്‍ ആക്രമിച്ചിരുന്നു. പെട്രോള്‍ ബോംബ്, ആസിഡ്, തോക്കുകള്‍ തുടങ്ങി പോലീസിന്റെ അറസ്റ്റ് നീക്കത്തെ തടയാന്‍ ആയുധങ്ങളുടെ വന്‍ശേഖരം തന്നെ ആശ്രമത്തിനുള്ളില്‍ സജ്ജീകരിച്ചിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം നല്‍കുന്ന വിവരം.
ആത്മീയതയുടെ മറവില്‍ സാമ്പത്തിക തട്ടിപ്പും, ലൈംഗിക ചൂഷണവും, കുറ്റകൃത്യങ്ങളും നടത്തുന്ന ആള്‍ദൈവങ്ങള്‍ക്ക് നല്ല വളക്കൂറുള്ള മണ്ണാണ് ഇന്ത്യ. അനുയായികളെ വോട്ട് ബേങ്കാക്കി ഉപയോഗപ്പെടുത്താനുള്ള തന്ത്രത്തിന്റെ ഭാഗമായി ഇവര്‍ നടത്തുന്ന കുറ്റകൃത്യങ്ങള്‍ക്ക് നേരെ രാഷ്ട്രീയ പാര്‍ട്ടികളും ഭരണകൂടങ്ങളും കണ്ണടയ്ക്കുകയാണ്. ക്രിമിനല്‍ സ്വഭാവമുള്ള, ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഇത്തരക്കാര്‍ പ്രതിയായാലും അന്വേഷണത്തിന് അധികൃതര്‍ മുതിരാറില്ല. പഞ്ചാബ്- ഹരിയാന ഹൈക്കോടതി പല തവണ കീഴടങ്ങാന്‍ ആവശ്യപ്പെട്ടിട്ടും രാംപാല്‍ ധിക്കരിക്കാന്‍ ധാര്‍ഷ്ട്യം കാണിച്ചത് ഹരിയാന സര്‍ക്കാറിന്റെ പരോക്ഷ പിന്തുണയുടെ ബലത്തിലായിരുന്നുവെന്നത് രഹസ്യമല്ല. ഏറ്റവുമൊടുവില്‍ അറസ്റ്റ് ചെയ്യാന്‍ കോടതി അന്ത്യശാസനം നല്‍കിയപ്പോഴും, അയാള്‍ക്ക് അസുഖമാണെന്നും അറസ്റ്റ് ചെയ്താല്‍ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്നുമൊക്കെ കാണിച്ചു ഭരണപരമായ ഉത്തരവാദിത്വത്തില്‍ നിന്ന് തലയൂരാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തിയത്.
രാജ്യത്ത് അറിയപ്പെടുന്ന എല്ലാ ആള്‍ദൈവങ്ങളും ക്രിമിനല്‍ കേസ് പ്രതികളാണ്. ലൈംഗികചൂഷണം ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാണ് ആശാറാം ബാപ്പു എന്ന ആള്‍ദൈവം. റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരനായ ആള്‍ദൈവം ഹരിയാനക്കാരന്‍ സ്വാമി ഗുര്‍മീത് റാം റഹീം സിംഗ് രണ്ട് കൊലപാതകവും ഒരു സ്ത്രീപീഡനവും ഉള്‍പ്പെടെ സി ബി ഐ അന്വേഷിക്കുന്ന മൂന്ന് കേസുകളില്‍ പ്രതിയാണ്. എങ്കിലും സര്‍ക്കാറിന്റെ ഇസഡ് പ്ലസ് സുരക്ഷയിലാണ് ഇയാളുടെ സഞ്ചാരം. കൊല്ലത്ത് അമൃതാനന്ദമയീ മഠത്തില്‍ നടക്കുന്നതെന്തെല്ലാമാണെന്ന് അമ്മയുടെ ശിഷ്യയും അവിടുത്തെ അന്തേവാസിയുമായിരുന്ന ഗെയ്ല്‍ ട്രെഡ്‌വെല്‍ വെളിപ്പെടുത്തുകയുണ്ടായി. ഇവിടെ ആശ്രമത്തില്‍ നടന്ന സത്‌നാംസിംഗിന്റെ മരണത്തിലെ ദുരൂഹത ഇനിയും നീങ്ങിയിട്ടില്ല. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മറയിടാന്‍ ആള്‍ദൈവങ്ങള്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെയും ദാനധര്‍മ്മങ്ങളെയും വാനോളം പുകഴ്ത്തുന്ന ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വങ്ങളും അവരുടെ ക്രിമിനല്‍ മുഖത്തിന് നേരെ കണ്ണടയ്ക്കുകയാണ് പതിവ്. ഇതുകൊണ്ടാണ് സ്വന്തം ചാനലുകള്‍ സ്ഥാപിച്ചും കഴുത്തറപ്പന്‍ ഫീസ് വാങ്ങുന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളുള്‍പ്പെടെ വന്‍ ബിസിനസ് സ്ഥാപനങ്ങളും പടുത്തുയര്‍ത്തിയും എന്ത് വൃത്തികേടുകളും പോക്കിരിത്തരവും കാണിക്കാന്‍ തയ്യാറുള്ള അനുയായി വൃന്ദത്തെ വളര്‍ത്തിയെടുത്തും സമാന്തര ഭരണകൂടം കണക്കെ പ്രവര്‍ത്തിക്കാനുള്ള ചങ്കൂറ്റം ഇവര്‍ക്കുണ്ടാകുന്നത്. യഥാര്‍ഥ ആത്മീയ നേതാക്കളെയും സ്ഥാപനങ്ങളെയും തെറ്റിദ്ധരിപ്പിക്കാനിടയക്കുന്ന വ്യാജസന്യാസിമാരും സന്യാസിനിമാരും, ഇന്ത്യയുടെ മഹത്തായ സനാതന സംസ്‌കാരത്തിന് തന്നെ നാണക്കേടും അപമാനവുമാണ്.

Latest