ജലനിരപ്പ് 141.7 അടിയിലെത്തി; 26ന് സര്‍വകക്ഷിയോഗം

Posted on: November 20, 2014 12:01 am | Last updated: November 19, 2014 at 11:31 pm

u3_Mullaperiyar-dam-300x183

തിരുവനന്തപുരം/തൊടുപുഴ:മുല്ലപ്പെരിയാറിന്റെ പേരില്‍ വൈക്കോയും മറ്റും തമിഴ്‌നാട്ടില്‍ കേരള വിരുദ്ധ വികാരം ആളിക്കത്തിക്കുന്നതിനിടെ, അണക്കെട്ടിലെ ജലനിരപ്പ് 141.7 അടിയിലെത്തി. വൈകുന്നേരത്തെ കണക്കനുസരിച്ച് സെക്കന്‍ഡില്‍ 976 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. സെക്കന്‍ഡില്‍ 147 ഘനയടി വെള്ളം തമിഴ്‌നാട് കൊണ്ടുപോകുന്നു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് 1.2 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. തമിഴ്‌നാട് കൂടുതല്‍ വെള്ളം കൊണ്ടുപോകാത്ത പക്ഷം ഇന്ന് വൈകുന്നേരത്തോടെ ജലനിരപ്പ് 142 അടിയിലെത്താന്‍ സാധ്യതയുണ്ട്. കുമളിയില്‍ മേഘാവൃതമായ അന്തരീക്ഷമാണ്. വൃഷ്ടിപ്രദേശത്ത് ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഷട്ടര്‍ തുറക്കാതെ ജലനിരപ്പ് 142 അടിയിലെത്തിച്ചു നിലനിര്‍ത്താനാണ് തമിഴ്‌നാടിന്റെ ശ്രമം. മേല്‍നോട്ടസമിതിയുടെ താക്കീതു കിട്ടിയിട്ടും കൂടുതല്‍ വെള്ളം കൊണ്ടുപോവാനുള്ള നീക്കമൊന്ന് തമിഴ്‌നാടിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.
അതേസമയം ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് സുരക്ഷാഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ഈ മാസം 26ന് സര്‍വകക്ഷിയോഗം ചേരും. ജലനിരപ്പ് ഉയരുന്നതിനാല്‍ മേഖലയിലെ അപൂര്‍വ സസ്യസമ്പത്തിനും വന്യജീവികള്‍ അടക്കമുള്ളവക്കും സംഭവിക്കുന്ന നാശനഷ്ടം സംബന്ധിച്ച് റിപ്പോര്‍ട്ട് തേടാനും മന്ത്രിസഭായോഗം തീരുമാനിച്ചു. മുഖ്യ വനപാലകനോടും വന്യജീവി വിഭാഗം ചീഫ് കണ്‍സര്‍വേറ്ററോടും സ്ഥലം സന്ദര്‍ശിച്ച് രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശിച്ചിരിക്കുന്നതെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് വിവര പൊതുജനസമ്പര്‍ക്ക മന്ത്രി കെ സി ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജലനിരപ്പ് ഉയര്‍ന്നത് മേഖലയിലെ ജീവജാലങ്ങള്‍ക്ക് വന്‍ഭീഷണി ആയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അണക്കെട്ടിലെ ജലനിരപ്പ് 142 അടിയോട് അടുക്കുന്ന സാഹചര്യത്തില്‍ ഡാമിന്റെ സുരക്ഷാ ആശങ്കയും പ്രദേശത്തെ ജനങ്ങളുടെ ഭയാശങ്കകളും ആവാസ വ്യവസ്ഥക്ക് ഉണ്ടായ ഭീഷണിയും അടക്കമുള്ള വിഷയങ്ങള്‍ ഇന്നലെ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തു. എം പിമാരുടെ യോഗത്തിലും വിഷയം ചര്‍ച്ചയായി. സുരക്ഷാ ആശങ്കകള്‍ സംബന്ധിച്ച കേരളത്തിന്റെ നിലപാട് കേന്ദ്രസര്‍ക്കാറിനെ അറിയിക്കാന്‍ എം പിമാരോട് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹരജി അടിയന്തരമായി പരിഗണിക്കാനാവശ്യമായ ഇടപെടല്‍ നടത്തും. ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിക്കുകയും തമിഴ്‌നാട് വൈഗയിലേക്ക് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറയുകയും ചെയ്യുന്ന നിലയാണിപ്പോള്‍. ഇത് അവസാനിപ്പിച്ചില്ലെങ്കില്‍ ജലനിരപ്പ് 142 അടിക്ക് മുകളിലേക്ക് പോകും. മേല്‍നോട്ടസമിതി അധ്യക്ഷന്‍ ഇപ്പോള്‍ തന്നെ തമിഴ്‌നാടിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുല്ലപ്പരിയാറില്‍ തമിഴ്‌നാട് പോലീസിനെ നിയോഗിക്കണമെന്ന് എം ഡി എം കെ നേതാവ് വൈകോ ആവശ്യപ്പെട്ടു. വൈകോയുടെ പരിപാടി മൂലം ലോവര്‍ ക്യാമ്പ് വഴി തമിഴ്‌നാട്ടിലേക്കുളള ഗതാഗതം മണിക്കൂറുകള്‍ മുടങ്ങി. വൈകോയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് കുമളി അതിര്‍ത്തിയിലും തേനി ജില്ലയുടെ വിവിധ ഭാഗങ്ങളിലും കനത്ത സുരക്ഷയാണ് കേരള-തമിഴ്‌നാട് പോലിസ് ഒരുക്കിയത്.