Connect with us

Kerala

സൂരജിന്റെ വസതികളിലും ഓഫീസിലും റെയ്ഡ്‌

Published

|

Last Updated

തിരുവനന്തപുരം: പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് ഐ എ എസിന്റെ തിരലെയും വസതികളിലും ഓഫീസുകളിലും വിജിലന്‍സ് റെയ്ഡ്. പരിശോധനയില്‍ തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് 24 ലക്ഷത്തോളം രൂപ വിജിലന്‍സ് സംഘം കണ്ടെത്തി. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് സൂരജിനെതിരെ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ വസതികളിലും ഓഫീസുകളിലും വിജിലന്‍സ് റെയ്ഡ് നടത്തിയത്. കൊച്ചി വെണ്ണലയിലെ വസതിയിലും തിരുവനന്തപുരം കുന്നുകുഴിയിലെ കുടുംബവീട്ടിലും സെക്രട്ടേറിയറ്റിലെ ഓഫീസിലുമായിരുന്നു റെയ്ഡ്.
അനധികൃത സ്വത്ത് സമ്പാദനം നടത്തിയതിന് തെളിവുകള്‍ തേടി വിജിലന്‍സ് എറണാകുളം യൂനിറ്റാണ് ഇന്നലെ രാവിലെ ആറ് മുതല്‍ സംസ്ഥാനത്തെ അഞ്ചിടങ്ങളില്‍ പരിശോധന നടത്തിയത്. റെയ്ഡില്‍ കോടികളുടെ നിക്ഷേപങ്ങളുടെ വിവരങ്ങളും വസ്തുവകകള്‍ സംബന്ധിച്ച രേഖകളും വിജിലന്‍സ് സംഘം കണ്ടെടുത്തു. സൂരജിന് വിവിധ ബേങ്കുകളില്‍ കോടികളുടെ നിക്ഷേപമുള്ളതായാണ് പരിശോധനയില്‍ തെളിഞ്ഞിരിക്കുന്നത്. വരവില്‍ കവിഞ്ഞ സ്വത്തുക്കള്‍ സൂരജിന്റെ പേരിലുണ്ടെന്നും അതൊന്നും സര്‍ക്കാറിനെ അറിയിച്ചിട്ടില്ലെന്നുമാണ് വിജിലന്‍സ് പരിശോധനയില്‍ വ്യക്തമായത്. കൊച്ചി വെണ്ണലയിലേയും കലൂരിലേയും വീടുകളില്‍ നിന്നാണ് ബേങ്ക്, വസ്തു ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ വിജിലന്‍സ് സംഘം കണ്ടെത്തിയത്. മരാമത്ത് കരാറുകാരുമായി അനധികൃത ഇടപാട് നടത്തിയതിന്റെ രേഖകളും ഇതില്‍പെടും. അഞ്ച് ഡിവൈ എസ് പിമാരുടെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘമാണ് റെയ്ഡ് നടത്തിയത്.
സെക്രട്ടേറിയറ്റിലെ ഓഫിസില്‍ പരിശോധനക്കെത്തിയ വിജിലന്‍സ് സംഘത്തെ സുരക്ഷാ ഉദേ്യാഗസ്ഥര്‍ തടഞ്ഞുവെച്ചു. മുറി തുറക്കാന്‍ അനുമതിയില്ലെന്നായിരുന്നു മറുപടി. രാവിലെ ഒന്‍പത് മണിക്കെത്തിയ സംഘത്തിന് ഒരു മണിക്കൂറോളം ഓഫിസിനുമുന്നില്‍ കാത്തുനില്‍ക്കേണ്ടി വന്നു. തുടര്‍ന്ന് അനുമതി ലഭിച്ചശേഷമാണ് ഇവിടെ പരിശോധന നടത്തിയത്. അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട 47 വിലപ്പെട്ട രേഖകളാണ് ഇവിടെനിന്നും കണ്ടെടുത്തത്. പ്രാഥമിക വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് എറണാകുളം വിജിലന്‍സ് എസ് പി ടോമിയുടെ നേതൃത്വത്തില്‍ സംഘം റെയ്ഡ് നടത്തിയത്. കോഴിക്കോട് കലക്ടറായിരിക്കെ സൂരജിനെതിരെ ഉയര്‍ന്ന ആരോപണങ്ങളും റെയ്ഡിന് കാരണമായെന്നാണ് വിജിലന്‍സ് വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന. പണത്തിന്റെ ഉറവിടം സംബന്ധിച്ചും വിജിലന്‍സ് പരിശോധന നടത്തുന്നുണ്ട്. സൂരജിന്റെ ഉടമസ്ഥതയിലുണ്ടെന്ന് കരുതുന്ന രണ്ട് ഫഌറ്റുകള്‍ സ്വത്തുവിവരം സംബന്ധിച്ച് സര്‍ക്കാറിനെ അറിയിച്ച രേഖകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും സൂചനയുണ്ട്. ബേങ്കില്‍ ക്ലര്‍ക്കായി ജോലി തുടങ്ങിയ സൂരജിന് 1.83 കോടിയുടെ അനധികൃത സ്വത്തുണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ കഴിഞ്ഞദിവസം കേസ് രജിസ്റ്റര്‍ ചെയ്തത്. സൂരജിന്റെ ഭാര്യയുടെയും മക്കളുടെയും പേരില്‍ കോടികളുടെ സ്വത്താണുള്ളത്. സൂരജിന്റെ മകന്‍ കുറച്ചുനാളുകള്‍ക്കു മുമ്പു കലൂരില്‍ ഒരു കോടി നാലു ലക്ഷം രൂപ വില വരുന്ന കെട്ടിടം വാങ്ങിയിരുന്നതായി വിജിലന്‍സിനു വിവരം ലഭിച്ചിട്ടുണ്ട്. ഇയാളുടെ വസ്തു ഇടപാടുകളും സാമ്പത്തിക സ്രോതസ്സുകളും സംബന്ധിച്ച് വിജിലന്‍സ് രഹസ്യാന്വേഷണ വിഭാഗം മാസങ്ങളായി അന്വേഷണം നടത്തി വരികയായിരുന്നു.

Latest