നടപടിയില്ലെങ്കില്‍ വ്യാപാരം അന്യ സംസ്ഥാനങ്ങളില്‍ തുടങ്ങും

Posted on: November 18, 2014 9:48 am | Last updated: November 18, 2014 at 9:48 am

കോഴിക്കോട്: ഒരു കോടിയിലധികം വാര്‍ഷിക വിറ്റു വരവുള്ള ഡീലര്‍മാരില്‍ നിന്ന് ഈ വര്‍ഷം ഏപ്രില്‍ മുതല്‍ രണ്ട് ശതമാനം വിറ്റ് വരവ് നികുതി ഈടാക്കാന്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവന്നത് വസ്ത്ര വ്യാപാരികള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നുണ്ടെന്ന് കോഴിക്കോട് ടെക്‌സ്റ്റൈല്‍ ആന്‍ഡ് ഗാര്‍മെന്റ്‌സ് മെര്‍ച്ചന്റ്‌സ് കോ ഓഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പുതിയ നിയമത്തിനെതിരെ വ്യാപാരികള്‍ പ്രക്ഷോഭം നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ഇന്ന് വില്‍പന നികുതി ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തും. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസ്‌റുദ്ദീന്‍ ഉദ്ഘാടനം ചെയ്യും.
സര്‍ക്കാരില്‍ നിന്ന് അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ രജിസ്‌ട്രേഷന്‍ സറണ്ടര്‍ ചെയ്ത് അന്യ സംസ്ഥാനങ്ങളില്‍ വ്യാപാരം തുടങ്ങും. വിറ്റ് വരവ് നികുതി ഉപഭോക്താക്കളില്‍ നിന്ന് വാങ്ങാന്‍ പാടില്ലാത്തതും സ്വന്തം ലാഭവിഹിതത്തില്‍ നിന്ന് അടക്കണമെന്നുമാണ് സര്‍ക്കാര്‍ നിയമം. മൊത്ത വ്യാപാരികളുടെ അറ്റാദായം ഒന്ന് അല്ലെങ്കില്‍ രണ്ട് ശതമാനം ആണെന്നിരിക്കെ രണ്ട് ശതമാനം വിറ്റ് വരവ് നികുതി അസാധ്യമാണെന്ന് സര്‍ക്കാരിനെ ബോധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. വാര്‍ത്താസമ്മേളനത്തില്‍ കോ ഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എസ് ടി ഷിനോയ്, കണ്‍വീനര്‍ സി എ റഷീദ്, മുഹമ്മദ് യൂനുസ്, അബ്ദുല്‍ വഹാബ് പങ്കെടുത്തു.