Connect with us

Sports

ഗോളില്‍ ആറാടി ഹോളണ്ട്

Published

|

Last Updated

2016 യൂറോ ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ഗോള്‍വര്‍ഷത്തോടെ ഹോളണ്ടിന്റെ തിരിച്ചുവരവ്. ചെക് റിപബ്ലിക്, തുര്‍ക്കി, സൈപ്രസ്, ഇസ്രാഈല്‍, നോര്‍വെ ടീമുകളും ജയം കണ്ടു. എന്നാല്‍, മിലാനില്‍ കാണികളുടെ ഇടപെടലില്‍ രണ്ട് തവണ നിര്‍ത്തിവെച്ച ഇറ്റലി-ക്രൊയേഷ്യ മത്സരം സമനിലയില്‍ പിരിഞ്ഞു.
ഗ്രൂപ്പ് എയില്‍ തോല്‍വിയോടെ നിലപരുങ്ങലിലായ ഹോളണ്ട് നാലാം മത്സരത്തില്‍ ലാറ്റ്‌വിയയെ എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് തകര്‍ത്തു. ചെക് റിപബ്ലിക്ക് 2-1ന് ഐസ്‌ലാന്‍ഡിനെയും തുര്‍ക്കി 3-1ന് കസാഖിസ്ഥാനെയും തോല്‍പ്പിച്ചു. നാല് മത്സരങ്ങളില്‍ പന്ത്രണ്ട് പോയിന്റുള്ള ചെക് റിപബ്ലിക് ഒന്നാം സ്ഥാനത്തും ഒമ്പത് പോയിന്റുള്ള ഐസ്‌ലാന്‍ഡ് രണ്ടാം സ്ഥാനത്തുമാണ്. ഹോളണ്ട് ആറ് പോയിന്റോടെ മൂന്നാം സ്ഥാനത്ത്.
ഗ്രൂപ്പ് എച്ചില്‍ ഇറ്റലി-ക്രൊയേഷ്യ, ബള്‍ഗേറിയ-മാള്‍ട്ട മത്സരങ്ങള്‍ 1-1ന് പിരിഞ്ഞപ്പോള്‍ നോര്‍വെ 1-0ന് അസര്‍ബൈജാനില്‍ ജയം പിടിച്ചു. നാല് മത്സരങ്ങളില്‍ ക്രൊയേഷ്യയും ഇറ്റലിയും പത്ത് പോയിന്റ് വീതം നേടി ആദ്യ രണ്ട് സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. ഗോള്‍ ശരാശരിയില്‍ ക്രൊയേഷ്യ ഒന്നാം സ്ഥാനത്ത്. ഒമ്പത് പോയിന്റുള്ള നോര്‍വെ ഇവര്‍ക്ക് ഭീഷണിയായി തൊട്ടുപിറകില്‍. ബള്‍ഗേറിയക്ക് നാല് പോയിന്റും മാള്‍ട്ടക്ക് ഒരു പോയിന്റും. അസര്‍ബൈജാന്‍ എക്കൗണ്ട് തുറന്നിട്ടില്ല.
ഗ്രൂപ്പ് ബിയില്‍ ഇസ്രാഈല്‍ കുതിപ്പ് തുടര്‍ന്നു. മൂന്നാം മത്സരത്തില്‍ 3-0ന് ബോസ്‌നിയ ഹെര്‍സെഗോവിനയെ തോല്‍പ്പിച്ച ഇസ്രാഈല്‍ ഒമ്പത് പോയിന്റോടെ മുന്‍നിരയിലുണ്ട്. നാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ വെയില്‍സും സൈപ്രസും എട്ടും ആറും പോയിന്റ് വീതം നേടി രണ്ടും മൂന്നും സ്ഥാനങ്ങളില്‍. മൂന്ന് മത്സരം കളിച്ച ബെല്‍ജിയത്തിന് അഞ്ച് പോയിന്റുണ്ട്. വെയില്‍സ്-ബെല്‍ജിയം മത്സരം ഗോള്‍രഹിതമായപ്പോള്‍ സൈപ്രസ് 5-0ന് അന്‍ഡോറയെ തകര്‍ത്താണ് നില മെച്ചപ്പെടുത്തിയത്. അന്‍ഡോറയാണെങ്കില്‍ കളിച്ച എല്ലാ കളിയിലും നാണം കെട്ട തോല്‍വി വഴങ്ങുകയും ചെയ്തു.
റോബനും ഹണ്ട്‌ലര്‍ക്കും ഡബിള്‍
ഇരട്ട ഗോളുകളുമായി ആര്യന്‍ റോബനും ക്ലാസ് യാന്‍ ഹണ്ട്‌ലറും ഡച്ച് നിരയില്‍ തിളങ്ങി. റോബിന്‍ വാന്‍ പഴ്‌സിയും ബ്രൂമയും ഓരോ ഗോളുകള്‍ വീതം നേടി.
ആറാം മിനുട്ടില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്‌ട്രൈക്കര്‍ വാന്‍ പഴ്‌സിയാണ് ഗോളടിക്ക് തുടക്കമിട്ടത്. തന്റെ സ്‌പെഷ്യലിസ്റ്റ് ഹെഡറിലൂടെയാണ് പഴ്‌സി സ്‌കോര്‍ ചെയ്തത്. മുപ്പത്തഞ്ചാം മിനുട്ടില്‍ റോബന്റെ ബ്രില്യന്റ് ഗോള്‍ പിറന്നു. നാല്‍പ്പത്തിരണ്ടാം മിനുട്ടില്‍ ഹണ്ട്‌ലറിലൂടെ ഡച്ച് 3-0ന് മുന്നിലെത്തി.
രണ്ടാം പകുതിയിലും ഓറഞ്ച് പട ഗോളിനായി ദാഹിച്ചു നടന്നു. റോബന്റെ രണ്ട് ഷോട്ടുകളാണ് പോസ്റ്റില്‍ തട്ടിമടങ്ങിയത്. ഒന്ന് ഫ്രീകിക്കായിരുന്നു. എഴുപത്തേഴാം മിനുട്ടില്‍ ബ്രൂമ നാലാം ഗോള്‍ നേടിയതിന് പിന്നാലെ റോബനും ഹണ്ട്‌ലറും പട്ടികപൂര്‍ത്തിയാക്കി.
തുടക്കത്തില്‍ തന്നെ ഡച്ച് ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ഡാലെ ബ്ലിന്‍ഡ് പരുക്കേറ്റ് കളം വിട്ടു. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനാണ് ഇത് ഏറെ തിരിച്ചടിയാവുക. ലീഗില്‍ ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന യുനൈറ്റഡിന്റെ പ്രധാന കളിക്കാരിലൊരാളാണ് ബ്ലിന്‍ഡ്.
ഇറ്റലിയോട് തോല്‍ക്കാതെ ക്രൊയേഷ്യക്ക് 72 വര്‍ഷങ്ങള്‍
ലോകഫുട്‌ബോളിലെ ശക്തിയായ ഇറ്റലിയോട് പരാജയമറിയാതെ 72 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയെന്നതായിരുന്നു ക്രൊയേഷ്യയുടെ പ്രത്യേകത. 1942 ല്‍ യുഗോസ്ലാവ്യയെ ഇറ്റലി തോല്‍പ്പിച്ചിരുന്നു. അന്ന് ക്രൊയേഷ്യ യുഗോസ്ലാവ്യയുടെ ഭാഗമായിരുന്നു.
ഇറ്റലിയിലെ മിലാനില്‍ സാന്‍ സിറോ സ്റ്റേഡിയത്തില്‍ ആദ്യ പകുതിയിലെ നാല് മിനുട്ടിനുള്ളില്‍ രണ്ട് ഗോളുകളും സംഭവിച്ചു. അതിന് ശേഷം, കാണികളുടെ വിളയാട്ടമായിരുന്നു.
രണ്ട് തവണ മത്സരം നിര്‍ത്തി വെക്കേണ്ടി വന്നു. ഗ്രൗണ്ടിലേക്ക് തീപ്പന്തമെറിഞ്ഞ് കാണിക്കൂട്ടം മത്സരത്തിന് വിഘാതം സൃഷ്ടിച്ചതോടെ പോലീസ് രംഗത്തിറങ്ങി. സുരക്ഷ മുന്‍നിര്‍ത്തി റഫറി കളിക്കാരോട് ഗ്രൗണ്ട് വിടാന്‍ ആവശ്യപ്പെടുകയും ചെയ്തു. പ്രശ്‌നക്കാരെ പുറത്താക്കിയ ശേഷമാണ് കളി ആരംഭിച്ചത്. എന്നാല്‍, വീണ്ടും ഇതാവര്‍ത്തിച്ചതോടെ പോലീസിന് പണിയേറി. യുവേഫ അച്ചടക്ക സമിതി വിഷയത്തെ കുറിച്ച് പഠിച്ച് നടപടി സ്വീകരിക്കും. പതിനൊന്നാം മിനുട്ടില്‍ സിമോണ്‍ സാസയുടെ പാസില്‍ അന്റോണിയോ കാന്‍ഡ്രിവയാണ് ഇറ്റലിക്ക് ലീഡ് നേടിയത്. മൊണാക്കോ ഗോളി ഡാനിയര്‍ സുബാസിചിനെ ഇരുപത് മീറ്റര്‍ അകലെ നിന്നുള്ള ഷോട്ടില്‍ കാന്‍ഡ്രിവ കീഴടക്കുകയായിരുന്നു. എന്നാല്‍, നാല് മിനുട്ടിനുള്ളില്‍ ക്രൊയേഷ്യ തിരിച്ചടിച്ചു.
വോള്‍സ്ബര്‍ഗിന്റെ മിഡ്ഫീല്‍ഡര്‍ ഇവാന്‍ പെരിസിചാണ് സമനില ഗോളടിച്ചത്. ഇറ്റലിയുടെ ഗോളി ജിയാന്‍ ലൂജി ബഫണിനെ നിഷ്പ്രഭമാക്കിയ ഗോള്‍.
റയലിന്റെ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ ലൂക മോഡ്രിച് പരുക്കേറ്റ് ആദ്യ അരമണിക്കൂറിനുള്ളില്‍ പിന്‍വാങ്ങിയത് ക്രൊയേഷ്യയുടെ ആക്രമണ മൂര്‍ച്ച കുറച്ചു. ഇന്റര്‍മിലാന്‍ പ്ലേ മേക്കര്‍ മാറ്റിയോ കോവാസിചിനെയാണ് മോഡ്രിചിന് പകരമിറക്കിയത്. ഇന്ററിന്റെ ഹോംഗ്രൗണ്ടായതിനാല്‍ സാന്‍ സിറോ മാറ്റിയോക്ക് പരിചയമായിരുന്നു.
പരുക്ക് കാരണം മരിയോ ബലോടെല്ലിയും ഡിഫന്‍ഡര്‍ ഏഞ്ചലോ ഓഗ്‌ബോനയും ഇറ്റലി നിരയില്‍ ഇല്ലായിരുന്നു.
അതു പോലെ ആന്ദ്രെ പിര്‍ലോ, മാര്‍കോ വെറാറ്റി എന്നിവരുടെ അഭാവവും അന്റോണിയോ കോന്റെയുടെ നിരയില്‍ നിഴലിച്ചു. റോമ മിഡ്ഫീല്‍ഡര്‍ ഡാനിയല്‍ ഡി റോസി സെന്‍ട്രല്‍ മിഡ്ഫീല്‍ഡ് റോളില്‍ കളിച്ചു. സിമോണ്‍ സാസയും സിറോ ഇമ്മോബിലും മുന്‍നിരയില്‍.

---- facebook comment plugin here -----

Latest