Connect with us

National

കാശ്മീര്‍ തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന ഹരജി തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി: ജമ്മു കാശ്മീരില്‍ തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് അവാമി നാഷനല്‍ കോണ്‍ഫറന്‍സ് സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. സംസ്ഥാനത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് സാധ്യമാകില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. തിരഞ്ഞെടുപ്പ് നടത്താന്‍ സംസ്ഥാനത്ത് സ്‌കൂള്‍ കെട്ടിടമില്ലെന്നും എട്ട് ലക്ഷത്തോളം പേര്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഇപ്പോഴും സ്വന്തം വീടുകളില്‍ എത്തിയിട്ടില്ലെന്നും അവാമി നാഷനല്‍ കോണ്‍ഫറന്‍സിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ രാജീവ് ധവാന്‍ വാദിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ തയ്യാറാകുന്നില്ല. എന്നാല്‍ തിരഞ്ഞെടുപ്പിന് തങ്ങള്‍ ഒരുക്കമാണെന്നാണ് അവര്‍ പറയുന്നതെന്ന് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിക്കൊണ്ട് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഈ വാദം തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു അധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
അതേസമയം ജമ്മു കാശ്മീരിലും ഝാര്‍ഖണ്ഡിലും രണ്ടാം ഘട്ട തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി ഇന്നാണ്. ഇവിടങ്ങളില്‍ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത് ഡിസംബര്‍ രണ്ടിനാണ്. 87 അംഗ ജമ്മു കാശ്മീര്‍ നിയമസഭയിലേക്കും 81 അംഗ ഝാര്‍ഖണ്ഡ് നിയമസഭയിലേക്കും അഞ്ച് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണല്‍ ഡിസംബര്‍ 23 നാണ്.

Latest