Connect with us

Gulf

സഊദിയില്‍ കനത്ത മഴ; ജിദ്ദയില്‍ ജനജീവിതം നിശ്ചലം

Published

|

Last Updated

ജിദ്ദ: കനത്ത മഴ ജിദ്ദയിലെ താഴ്ന്ന പ്രദേശങ്ങളില്‍ ജനജീവിതം നിശ്ചലമാക്കി. ഇടിമിന്നലിന്റെ അകമ്പടിയോടെ എത്തിയ മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ജിദ്ദ, തായിഫ്, മക്ക, മദീന എന്നിവിടങ്ങളിലാണു മഴ കനത്തത്. മറ്റു പ്രദേശങ്ങളിലും ഭേദപ്പെട്ട മഴ ലഭിച്ചു. വെള്ളം കയറി ഒട്ടേറെ വാഹനങ്ങള്‍ കേടായി. ഇന്ന് രാവിലെ വരെ മഴയുണ്ടാകുമെന്നാണു കാലാവസ്ഥ നിരീക്ഷണകേന്ദ്രം നല്‍കുന്ന അറിയിപ്പ്. ജിദ്ദയില്‍ ഇന്നലെ ഉച്ചക്കുശേഷം ആരംഭിച്ച മഴ വൈകിട്ടോടെ ശക്തമാകുകയായിരുന്നു.
മഴക്കൊപ്പമെത്തിയ കാറ്റില്‍ വഴിയോരത്തെ മരങ്ങള്‍ കടപുഴകിയത് ഗതാഗതത്തെ ബാധിച്ചു. പലഭാഗങ്ങളിലും മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ചിലയിടങ്ങളില്‍ വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ആളപായമില്ല. ശക്തമായ പൊടിക്കാറ്റിനുശേഷമായിരുന്നു മഴ. ജിദ്ദക്കു പുറമേ, ലൈത്ത്, ഖുന്‍ഫുദ, ദഹബാന്‍, ബഹ്‌റ, ഹുദ ശ്ശാം, ഖുലൈസ്, അസ്ഫാന്‍ എന്നിവിടങ്ങളില്‍ ഇന്ന് പുലര്‍ച്ചെ വരെ മഴ തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
റോഡിലെ വെള്ളവും മാലിന്യങ്ങളും നീക്കി എത്രയുംവേഗം ഗതാഗത യോഗ്യമാക്കാന്‍ 1,600 തൊഴിലാളികളെ നഗരസഭാ ഉദ്യോഗസ്ഥര്‍ നിയോഗിച്ചിരുന്നു. അധികം വൈകാതെ ഗതാഗതം പൂര്‍വ സ്ഥിതിയിലാക്കാന്‍ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കനത്ത മഴ വകവെക്കാതെ, മക്കയിലേക്കു തീര്‍ഥാടകരുടെ ഒഴുക്ക് തുടരുകയാണ്. കഅ്ബയില്‍ പെയ്ത മഴയുടെ അപൂര്‍ വദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്താന്‍ തീര്‍ഥാടകര്‍ മല്‍സരിക്കുന്നുണ്ടായിരുന്നു.

---- facebook comment plugin here -----

Latest