Connect with us

Malappuram

കേരളം രോഗികളുടെ സ്വന്തം നാടായിമാറുന്നു: മന്ത്രി അലി

Published

|

Last Updated

മലപ്പുറം: മലയാളിയുടെ ജീവിത ശൈലിയില്‍ കാതലായ മാറ്റമുണ്ടായില്ലെങ്കില്‍ “ദൈവത്തിന്റെ സ്വന്തം നാട്” എന്ന വിശേഷണത്തിന് പകരം രോഗികളുടെ സ്വന്തം നാടായി കേരളം മാറുമെന്ന് നഗര വികസന ന്യൂനപക്ഷ ക്ഷേമ മന്ത്രി മഞ്ഞളാംകുഴി അലി പ്രസ്താവിച്ചു.
മലപ്പുറം ജില്ലാ പഞ്ചായത്ത് കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രൈവറ്റ് മെഡിക്കല്‍ ടെക്‌നീഷ്യന്‍സ് അസോസിയേഷന്റെ സഹായത്തോടെ മലപ്പുറത്ത് സംഘടിപ്പിച്ച വൃക്ക രോഗ നിര്‍ണയ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പ്രേമേഹം, പ്രഷര്‍, വൃക്ക, കാന്‍സര്‍ രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. അമിത ഭക്ഷണം, അമിത മരുന്ന്, ജീവിത ശൈലി, അലസത, വ്യായാമത്തിന്റെ കുറവ് തുടങ്ങിയ മൂലം രോഗികളുടെ എണ്ണം പെരുകുകയാണ്. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തമായ ബോധവത്കരണവും മുന്‍കൂട്ടിയുള്ള രോഗ നിര്‍ണ്ണയ ക്യാമ്പുകളുമാണ് അടിയന്തിരമായി ആവശ്യം. ഈ രംഗത്ത് മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യക്കാകെ മാതൃകയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
ജില്ലയിലെ 100 പഞ്ചായത്തുകളിലും ഏഴ് മുനിസിപ്പാലിറ്റികളിലും ഘട്ടംഘട്ടമായി വൃക്ക രോഗ സാധ്യത പരിശോധിക്കുന്നതിനുള്ള ക്യാമ്പുകളാണ് സംഘടിപ്പിക്കുന്നത്. ഇതിന്റെ തുടക്കമാണ് മലപ്പുറത്ത് നടന്നത്. മുപ്പതോളം ലാബ് ടെക്‌നീഷ്യന്മാര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്പി കെ കുഞ്ഞു, സ്ഥിരം സമിതി അധ്യക്ഷരായ വി സുധാകരന്‍, സക്കീന പുല്‍പ്പാടന്‍, ടി വനജ ടീച്ചര്‍, മുനിസിപ്പല്‍ വൈസ് ചെയര്‍ പേഴ്‌സണ്‍ കെ എം ഗിരിജ, കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി സിക്രട്ടറി ഉമ്മര്‍ അറക്കല്‍, മെഡിക്കല്‍ ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍ ഭാരവാഹികളായ ഷരീഫ് പാലോളി, ഇബ്രാഹീം വെള്ളില, എം രമേഷ് കുമാര്‍, സലീം മുക്കാട്ടില്‍, നവാസ് തിരൂര്‍, ഫൈസല്‍ നന്നാട്ടില്‍, പി എസ് ഷാജി പ്രസംഗിച്ചു. ഡോ: സയ്യിദ് ഫസല്‍ ക്ലാസ്സിന്ന് നേതൃത്വം നല്‍കി. ഇരുന്നൂറോളം വ്യക്തികള്‍ പരിശോധന നടത്തിയതില്‍ അഞ്ച് ശതമാനം രോഗ ലക്ഷണങ്ങളുള്ളതായി കണ്ടെത്തി.

Latest