Connect with us

Business

ബോംബെ സൂചിക ഉയര്‍ന്നു

Published

|

Last Updated

വിദേശ നിക്ഷേപത്തിന്റെ കരുത്തില്‍ ബി എസ് ഇ, എസ് എസ് ഇ സൂചികകള്‍ സര്‍വകാല റെക്കോര്‍ഡിലേക്ക് ഉയര്‍ന്നു. ബോംബെ സൂചിക റെക്കോര്‍ഡായ 28,123 വരെ കയറി. മൊത്തം 178 പോയിന്റ് പ്രതിവാര നേട്ടത്തില്‍ 28,046 ല്‍ ക്ലോസിംഗ് നടന്നു. നിഫ്റ്റി 53 പോയിന്റ് ഉയര്‍ന്ന് 8390 ലാണ്.
വിദേശ ഫണ്ടുകള്‍ 2600 കോടി രൂപയുടെ നിക്ഷേപം അഞ്ച് ദിവസത്തിനിടയില്‍ നടത്തി. വെള്ളിയാഴ്ച മാത്രം അവര്‍ 645 കോടി രൂപ ഇറക്കി. കഴിഞ്ഞ 11 ദിവസങ്ങളില്‍ വിദേശ നിക്ഷേപം 12,400 കോടി രൂപ. വാരാന്ത്യദിനം ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ 500 കോടി രൂപയ്ക്ക് മുകളില്‍ ഓഹരികള്‍ വില്‍പ്പന നടത്തി.
ബാങ്കിംഗ്, ഓട്ടോമൊബൈല്‍, റിയാലിറ്റി, എഫ് എം സി ജി ഓഹരികള്‍ ശ്രദ്ധിക്കപെട്ടു. എസ് ബി ഐ യുടെ തിളക്കമാര്‍ന്ന ത്രൈമാസ പ്രവര്‍ത്തന റിപ്പോര്‍ട്ട് ഓഹരി നേട്ടമാക്കി. അറ്റാദായം 30 ശതമാനം വര്‍ധിച്ച് 3100 കോടി രൂപയായി.
എസ് ബി റ്റി, ബാങ്ക് ഓഫ് മൈസൂര്‍, ബാങ്ക് ഓഫ് ജെയ്പുര്‍ തുടങ്ങിയവ വൈകാതെ എസ് ബി ഐ യില്‍ ലയിക്കുമെന്ന സൂചനകളും പുറത്തുവരുന്നു്.
എച്ച് ഡി എഫ് സി, ഐ സി ഐ സി ഐ ബാങ്ക് തുടങ്ങിയ ഓഹരികളും പോയവാരം മികവ് കാണിച്ചു. മാരുതി, എം ആന്‍ഡ് എം, ബജാജ് ഓട്ടോ, ഡി എല്‍ എഫ് തുടങ്ങിവയുടെ ഓഹരി വിലകളും കയറി. അതേ സമയം മുന്‍ നിര ഫാര്‍മ ഓഹരിയായ സിപ്ലയുടെ നിരക്ക് ആറ് ശതമാനം ഇടിഞ്ഞു. എല്‍ ആന്റ് റ്റി, ബി എച്ച് ഇ എല്‍ ഓഹരി വിലകള്‍ താഴ്ന്നു.
വിനിമയ വിപണിയില്‍ ഡോളറിന് മുന്നില്‍ രൂപയുടെ മുല്യം 61.71 ലാണ്. രൂപയുടെ മുല്യം 62 ലേക്ക് തിരിഞ്ഞാല്‍ ആര്‍ ബി ഐ കരുതല്‍ ശേഖരത്തില്‍ നിന്ന് ഡോളര്‍ വില്‍പ്പന നടത്താന്‍ ഇടയുണ്ട്.
ക്രൂഡ് ഓയില്‍ വില കുറയുന്നതും യു എസ് ഡോളര്‍ സൂചികയുടെ തിരിച്ചു വരവ് സുഗമമാക്കി. അമേരിക്കയില്‍ ഡൗ ജോണ്‍സ് സൂചികയിലെ റെക്കോര്‍ഡ് പ്രകടനവും ഓപ്പറേറ്റര്‍മാരുടെ പ്രതീക്ഷകള്‍ക്ക് തിളക്കം പകര്‍ന്നു.
കഴിഞ്ഞ മാസം നാണയപ്പെരുപ്പം 5.52 ശതമാനമായി. സെപ്തംബറില്‍ ഇത് 6.46 ലായിരുന്നു. മൊത്ത വില സൂചികയിലും വന്‍ ഇടിവ്. അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരമായ 1.77 ശതമാനത്തിലേക്ക് സൂചിക ഒക്‌ടോബറില്‍ ഇടിഞ്ഞു. സെപ്തംബറില്‍ ഇത് 2.38 ശതമാനമായിരുന്നു. സാമ്പത്തിക വ്യവസായിക മേഖലകളിലെ ചലനങ്ങള്‍ കണക്കിലെടുത്താല്‍ റിസര്‍വ് ബേങ്ക് പലിശ നിരക്കില്‍ മാറ്റം വരുത്താം.
നിഫ്റ്റി 8306 ല്‍ നിന്ന് 8400 ലെ പ്രതിരോധവും തകര്‍ത്ത് 8413 വരെ കയറിയ ശേഷം വ്യാപാരാന്ത്യം 8390 ലാണ്. ഡൗ ജോണ്‍സ് സൂചിക റെക്കോര്‍ഡായ 17,705 ലേക്ക് ഉയര്‍ന്ന ശേഷം 17,634 ലാണ്. എസ് ആന്റ് പി 2039 ലും നാസ്ഡാക് 4688 ലുമാണ്.
ലണ്ടനില്‍ സ്വര്‍ണം ഔണ്‍സിന് 1128 ഡോളര്‍ വരെ ഇടിഞ്ഞ ശേഷം വാരാവസാനം 1188 ഡോളറാണ്. ന്യൂയോര്‍ക്കില്‍ ക്രൂഡ് ഓയില്‍ എഴാം വാരത്തിലും താഴ്ന്ന് 75 ഡോളറിലാണ്.

Latest