Connect with us

Kerala

കാലവര്‍ഷക്കെടുതിയില്‍ 258 കോടിയുടെ നാശനഷ്ടം

Published

|

Last Updated

തിരുവനന്തപുരം: ജൂണ്‍ മുതല്‍ ഒക്ടോബര്‍ 15 വരെ സംസ്ഥാനത്തുണ്ടായ കാലവര്‍ഷത്തെ തുടര്‍ന്ന് 258 കോടിയുടെ നാശനഷ്ടം സംഭവിച്ചതായി റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 123 പേര്‍ കാലവര്‍ഷക്കെടുതിയില്‍ മരണപ്പെട്ടു. 258 കോടിയുടെ നാശനഷ്ടമുണ്ടായതായി കാണിച്ച് ഒക്ടോബര്‍ പതിനാറിന് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് മെമ്മോറാണ്ടം കൈമാറിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് മൂന്ന് ദിവസമായി കേന്ദ്ര സംഘം കേരളത്തില്‍ സന്ദര്‍ശനം നടത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തി വരികയാണ്. മലപ്പുറം, കോട്ടയം, ആലപ്പുഴ, ഇടുക്കി, തിരുവനന്തപുരം എന്നീ ജില്ലകളാണ് കേന്ദ്ര സംഘം ഇതുവരെ സന്ദര്‍ശിച്ചത്. രണ്ടു സംഘങ്ങളായാണ് സന്ദര്‍ശനം നടത്തിയത്. കേന്ദ്ര ആഭ്യന്തര ജോയിന്റ് സെക്രട്ടറി ഹിതേഷ് കുമാര്‍ മഖ്വാനയുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശനം നടത്തിയത്. ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായത് റോഡുകള്‍ക്കാണ്. 198 കോടി രൂപയുടെ നാശനഷ്ടമാണ് റോഡുകള്‍ക്കുണ്ടായത്. വീടുകള്‍ക്ക് 20.64 കോടിയുടെ നാശനഷ്ടം സംഭവിച്ചപ്പോള്‍ 12.16 കോടിയുടെ കൃഷിനാശം സംഭവിച്ചു. 10.88 കോടിയുടെ വൈദ്യുതി നാശവും സംഭവിച്ചിട്ടുണ്ട്. റോഡുകള്‍ക്ക് ഏറ്റവും കൂടുതല്‍ നാശനഷ്ടം സംഭവിച്ചത് മലപ്പുറം ജില്ലയിലാണ,് 55.44 കോടി. തിരുവനന്തപുരത്ത് 6.61കോടിയുടെ നാശനഷ്ടം വീടുകള്‍ക്ക് സംഭവിച്ചു. ആലപ്പുഴയില്‍ 7.60 കോടിയുടെ കൃഷിനാശമുണ്ടായി. റോഡുകളുടെ നാശനഷ്ടം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് കേന്ദ്രസംഘം ആവശ്യപ്പെട്ടിട്ടുണ്ട്. പി ഡബ്ല്യൂ ഡി, ജില്ലാ റോഡ്, വില്ലേജ് റോഡ് എന്നിങ്ങനെ തിരിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണാവശ്യം. അഞ്ച് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം.
കാലവര്‍ഷക്കെടുതി മൂലം മരിച്ച് 123 പേരില്‍ ഇടിമിന്നലേറ്റ് മരിച്ചവരും പെടും. ഇവര്‍ക്കുള്ള സാമ്പത്തിക സഹായം കേന്ദ്ര മാനദണ്ഡത്തില്‍ ഉള്‍പ്പെടുത്തണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ മാസം കേന്ദ്ര സംഘം സന്ദര്‍ശനം നടത്തിയപ്പോഴും ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഇതു സംബന്ധിച്ച് 14ാം ധനകാര്യ കമ്മീഷനും കത്ത് നല്‍കിയിട്ടുണ്ട്. കേന്ദ്ര മാനദണ്ഡം അനുസരിച്ച് വീടുകള്‍ക്കുണ്ടായ നാശനഷ്ടം മാനദണ്ഡത്തില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ സംശയം ഉന്നയിച്ചിട്ടുള്ളതായി മന്ത്രി പറഞ്ഞു. കേന്ദ്ര സഹായം കിട്ടുന്ന മുറക്ക് തന്നെ കാലതാമസമെടുക്കാതെ തുടര്‍ നടപടികള്‍ സ്വീകരിക്കും. 258 കോടിയുടെ കണക്ക് അര്‍ഹത അനുസരിച്ചാണ് സര്‍ക്കാര്‍ തിട്ടപ്പെടുത്തിയതെന്നും കേന്ദ്ര ഫണ്ട് വിതരണം ചെയ്യാന്‍ അതാത് ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. പ്രിന്‍സിപ്പല്‍ സെക്രട്ടറി, ലാന്‍ഡ് റവന്യു കമ്മീഷണര്‍, കൊല്ലം ജില്ലാ കലക്ടര്‍ തുടങ്ങിയവര്‍ കേന്ദ്ര സംഘത്തെ അനുഗമിച്ചു.

Latest