Connect with us

National

വന്ധ്യംകരണത്തിനിടെ മരണം: മരുന്നില്‍ വിഷാംശം കലര്‍ന്നതായി സൂചന

Published

|

Last Updated

ബിലാസ്പൂര്‍: ഛത്തീസ്ഗഢ് സര്‍ക്കാര്‍ സംഘടിപ്പിച്ച വന്ധ്യംകരണ ശസ്ത്രക്രിയാ ക്യാമ്പില്‍ പങ്കെടുത്ത സ്ത്രീകള്‍ മരിക്കാനിടയായത് മരുന്നില്‍ വിഷാംശം കലര്‍ന്നാണെന്ന് സൂചന. വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയരായ സ്ത്രീകള്‍ക്ക് നല്‍കിയ മരുന്നില്‍ സിങ്ക് ഫോസ്‌ഫൈഡ് കലര്‍ന്നിട്ടുണ്ടെന്നാണ് സംസ്ഥാന ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്. എലിവിഷത്തില്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ് സിങ്ക് ഫോസ്‌ഫൈഡ്. ഇത് മരുന്നില്‍ കലര്‍ന്നതാണ് മരണകാരണമെന്നാണ് നിഗമനം.
ശസ്ത്രക്രിയക്ക് വിധേയരായ സ്ത്രീകള്‍ക്ക് നല്‍കിയ മരുന്നില്‍ സിങ്ക് ഫോസ്‌ഫൈഡ് കലര്‍ന്നിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഈ രാസവസ്തു ഉപയോഗിച്ചതിന്റെ ലക്ഷണങ്ങളാണ് സ്ത്രീകളില്‍ കണ്ടതെന്നും ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. അലോക് ശുക്ല പറഞ്ഞു. ശസ്ത്രക്രിയക്ക് ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശസ്ത്രക്രിയക്ക് വിധേയരായ സ്ത്രീകള്‍ക്ക് സിപ്രോസിന്‍- 500 ഗുളികകളാണ് നല്‍കിയത്. ഇത് ഉത്പാദിപ്പിച്ച മഹാവീര്‍ ഫാര്‍മ പ്രൈവറ്റ് ലിമിറ്റഡ് പുറത്തിറക്കിയ എല്ലാ മരുന്നുകളും നിരോധിച്ചിട്ടുണ്ട്. റായ്പൂരിലെ കമ്പനിയുടെ ഉത്പാദന കേന്ദ്രത്തില്‍ നടത്തിയ റെയ്ഡില്‍ സിങ്ക് ഫോസ്‌ഫൈഡ് കണ്ടെത്തിയിരുന്നു. മരുന്നിന്റെ സാമ്പിളുകള്‍ കൊല്‍ക്കത്ത, ഡല്‍ഹി, നാഗ്പൂര്‍ എന്നിവിടങ്ങളിലെ ലാബുകളില്‍ പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും ഇതിന്റെ റിപ്പോര്‍ട്ട് വന്ന ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂവെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബിലാസ്പൂരില്‍ സംഘടിപ്പിച്ച വന്ധ്യംകരണ ശസ്ത്രക്രിയാ ക്യാമ്പില്‍ പങ്കെടുത്ത പതിനാല് സ്ത്രീകളാണ് മരിച്ചത്. 122 സ്ത്രീകള്‍ ഇപ്പോഴും ചികിത്സയിലാണ്.

Latest