Connect with us

National

കള്ളപ്പണം മുഴുവന്‍ തിരികെയെത്തുന്ന ദിനം കാത്തിരിക്കുന്നു: കോണ്‍ഗ്രസ്

Published

|

Last Updated

ന്യൂഡല്‍ഹി: വിദേശത്ത് സൂക്ഷിച്ച കള്ളപ്പണം മുഴുവന്‍ തിരികെയെത്തുന്ന ദിനം കാത്തിരിക്കുകയാണെന്ന് കോണ്‍ഗ്രസ്. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, തന്റെ പ്രഥമ പരിഗണന കള്ളപ്പണം തിരികെയെത്തിക്കലായിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതിനോടുള്ള പ്രതികരണമായാണ് വെല്ലുവിളിയുടെ സ്വരവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്.
“കള്ളപ്പണ വിഷയത്തില്‍ പ്രധാനമന്ത്രി അതീവ താത്പര്യമെടുക്കുന്നതില്‍ സന്തോഷമുണ്ട്. കള്ളപ്പണം മുഴുവന്‍ നാട്ടിലെത്തുന്നത് വളരെ നല്ല കാര്യമാണ്. ആ ദിനത്തിനായി കാത്തിരിക്കുകയാണ് ഞങ്ങള്‍. അന്ന് നല്ല നാളുകള്‍ വന്നുവെന്ന് രാജ്യം വിശ്വസിക്കും”- മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് പറഞ്ഞു.
അധികാരത്തിലേറിയപ്പോള്‍ മോദി പ്രഖ്യാപിച്ചത് ഇന്ത്യക്ക് നല്ല നാളുകള്‍ വരാന്‍ പോകുന്നുവെന്നായിരുന്നു. അതിനിടെ, ബ്രിസ്‌ബെയിനില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിക്‌സ് സഖ്യ രാഷ്ട്രങ്ങളുടെ നേതാക്കളുമായി ചര്‍ച്ച നടത്തി. കള്ളപ്പണം തിരിച്ചു കൊണ്ടു വരുന്ന കാര്യം തന്നെയാണ് പ്രധാനമായും ചര്‍ച്ചയായത്. കള്ളപ്പണ വിഷയം സാമ്പത്തികമായ പ്രതിസന്ധി മാത്രമല്ലെന്നും രാജ്യ സുരക്ഷയുടെ പ്രശ്‌നം കൂടിയാണ് ഇതെന്നും മോദി കൂടിക്കാഴ്ചക്ക് ശേഷം പറഞ്ഞു. ജി 20ന് ആതിഥ്യമരുളുന്ന ആസ്‌ത്രേലിയ കള്ളപ്പണത്തിനെതിരെ പോരാടാന്‍ ഇന്ത്യക്ക് പൂര്‍ണ സഹായം വാഗ്ദാനം ചെയ്തിരുന്നു.

Latest