ഗോളടിയില്‍ വിദേശാധിപത്യം; മരുന്നിനൊരു കവിന്‍ ലോബോ

Posted on: November 15, 2014 6:15 am | Last updated: November 15, 2014 at 9:15 am

24Cavin-Lobo-1ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോളിന്റെ നിലവാരം ഉയര്‍ത്തുവാന്‍ വേണ്ടി കിക്കോഫ് കുറിച്ച ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പാതി വഴി പിന്നിടുമ്പോള്‍ ടോപ് സ്‌കോറര്‍ പട്ടികയില്‍ വിദേശാധിപത്യം. ആദ്യ പത്ത് പേരില്‍ ഒരു ഇന്ത്യന്‍ താരം മാത്രമാണ് ഇടം പിടിച്ചത്. അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ മിഡ്ഫീല്‍ഡര്‍ കവിന്‍ ലോബോ. രണ്ട് ഗോളുകളാണ് ലോബോ നേടിയത്. കൊല്‍ക്കത്തയുടെ ഏഴ് കളികളില്‍ ലോബോ കളിക്കാനിറങ്ങിയത് മൂന്നെണ്ണത്തില്‍.
ടോപ് സ്‌കോറര്‍ പട്ടികയില്‍ മുന്നിട്ട് നില്‍ക്കുന്നത് ചെന്നൈയിന്‍ എഫ് സിയുടെ മാര്‍ക്വു താരം ബ്രസീലിയന്‍ എലാനോ ബ്ലൂമറാണ്. ആറ് മത്സരങ്ങളില്‍ എട്ട് ഗോളുകളാണ് എലാനോ നേടിയത്. അഞ്ച് മത്സരങ്ങളില്‍ മൂന്ന് ഗോളുകള്‍ നേടിയ അത്‌ലറ്റിക്കോയുടെ എത്യോപ്യന്‍ സ്‌ട്രൈക്കര്‍ ഫിക്രു ലെമെസയാണ് രണ്ടാം സ്ഥാനത്ത്. ആറ് മത്സരങ്ങളില്‍ നിന്ന് മൂന്ന് ഗോളുകളുമായി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ സെര്‍ജിയോ പര്‍ഡോസ് മൂന്നാമതും ഏഴ് മത്സരങ്ങളില്‍ നിന്ന് മൂന്ന് ഗോളുകള്‍ നേടിയ മുംബൈ സിറ്റിയുടെ ആന്ദ്രെ മോറിറ്റ്‌സ് നാലാം സ്ഥാനത്തും.
ഐക്കര്‍ താരങ്ങളായ മുംബൈ സിറ്റിയുടെ ഫ്രഞ്ച് സ്‌ട്രൈക്കര്‍ നികോളാസ് അനെല്‍കയും പൂനെ സിറ്റി എഫ് സിയുടെ ഡേവിഡ് ട്രെസഗെയും രണ്ട് ഗോളുകള്‍ നേടി, ആറും ഏഴും സ്ഥാനത്ത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ കനേഡിയന്‍ താരം ഇയാന്‍ ഹ്യൂം പൂനെ സിറ്റിയുടെ ഗ്രീക്ക് താരം കാസോറാനിസ് ചെന്നൈയിന്‍ എഫ് സിയുടെ ജോണ്‍ വലന്‍സിയ എന്നിവര്‍ക്കും രണ്ട് ഗോളുകള്‍ വീതം.