സി പി ഐ പ്രവര്‍ത്തകര്‍ ആശുപത്രി മെഡിക്കല്‍ സൂപ്രണ്ടിനെ തടഞ്ഞു

Posted on: November 15, 2014 9:09 am | Last updated: November 15, 2014 at 9:09 am

അഗളി: കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ഗര്‍ഭിണികള്‍ക്കും പ്രസവിച്ച അമ്മമാര്‍ക്കും കിടക്കുവാന്‍ ബെഡ്ഡില്ലെന്ന് ആരോപിച്ച് സി പി ഐ പ്രവര്‍ത്തകര്‍ ആശുപത്രി മെഡിക്കല്‍ സൂപ്രണ്ടിനെ തടഞ്ഞുവച്ചു.
നിരാഹാരസമരത്തെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന ജില്ലാ പഞ്ചായത്തംഗം ഈശ്വരീ രേശനെ സന്ദര്‍ശിക്കാന്‍ പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിയപ്പോഴാണ് ഇടുങ്ങിയ വാര്‍ഡുകളില്‍ സ്ത്രീകളുടെ ദുരിതം കാണാനിടയായത്. അമ്മമാരും കുഞ്ഞുങ്ങളുമെല്ലാം നിലത്താണ് കിടന്നിരുന്നത്. 20 ബെഡ്ഡുകളും ഗര്‍ഭിണികളും പ്രസവം കഴിഞ്ഞ അമ്മമാരും ഉള്‍പ്പടെ 38പേരെയാണ് അഡ്മിറ്റു ചെയ്തിട്ടുള്ളത്. ഇവരില്‍ 32പേരും പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ടവരാണ്. തുടര്‍ന്ന് ഈശ്വരീരേശന്‍, പാര്‍ട്ടി മണ്ഡലം സെക്രട്ടറി സി രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ അമ്പതോളം പ്രവര്‍ത്തകര്‍ മെഡിക്കല്‍ സൂപ്രണ്ടിനെ തടഞ്ഞുവച്ചത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സമരക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ അടിയന്തിരമായി ആശുപത്രിയില്‍ കിടക്കകള്‍ എത്തിക്കാമെന്ന് പറഞ്ഞു. കൂടാതെ അധികമുള്ള ഗര്‍ഭിണികളെ അവരുടെ സമ്മതത്തോടുകൂടി അഗളി സി എച്ച് സിയിലേക്ക് മാറ്റുവാനും അഗളി സി എച്ച് സിയില്‍ അടിയന്തിരമായി ഗൈനോക്കോളജിസ്റ്റിനെയും ശിശുരോഗ വിദഗ്ധനെയും നിയമിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാമെന്നും പുതൂര്‍ പി എച്ച് സിയില്‍ ഈ പ്രദേശത്തുള്ളവരെ കിടത്തി ചികിത്സിക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും തീരുമാനമായി.
കോട്ടത്തറയില്‍ 100 ബെഡ്ഡുകള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉടനെ ഏര്‍പ്പെടുത്താമെന്നും ജില്ലാ കലക്ടറും ഡെപ്യൂട്ടി ഡി എം ഒ ഡോ. പ്രഭുദാസും ബ്ലോക്ക് പ്രസിഡന്റ് മെഡിക്കല്‍ സൂപ്രണ്ടും ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു. ചര്‍ച്ചയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ രാജന്‍, ജില്ലാ പഞ്ചായത്തംഗം ഈശ്വരീ രേശന്‍ മണ്ഡലം സെക്രട്ടറി സി രാധാകൃഷ്ണന്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ രവീന്ദ്രദാസ് , മെഡിക്കല്‍ സൂപ്രണ്ട് ഡോ. ജമാല്‍ അഹമ്മദ്, ഡോ. അനൂപ്, ഡോ. ഇബ്രാഹിംകുട്ടി എന്നിവര്‍ പങ്കെടുത്തു. ജില്ല കലക്ടര്‍ , ഡെപ്യൂട്ടി ഡി എം ഒ എന്നിവര്‍ സമരക്കാരുമായി ഫോണില്‍ അനുരഞ്ജന ചര്‍ച്ച നടത്തി.
റോയി ജോസഫ്, ഡി രവി, കെ കെ രാഘവന്‍, വേലുസ്വാമി, സുനില്‍കുമാര്‍, മനേഷ്, ബിനു പല്ലിയറ, അരുണ്‍ഗാന്ധി, യേശുദാസ്, സുരേഷ,് മണികണ്ഠന്‍ എന്നിവര്‍ നേതൃത്വം നല്‍കി.