എബോള: ലൈബീരിയയില്‍ അടിയന്തരാവസ്ഥ പിന്‍വലിക്കുന്നു

Posted on: November 15, 2014 5:51 am | Last updated: November 14, 2014 at 11:51 pm

മൊണ്‍റോവിയ: എബോള പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് ലൈബീരിയയില്‍ ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥ പിന്‍വലിക്കുന്നു. രാജ്യത്ത് രോഗം പടരുന്നത് തടയുന്നതില്‍ കാര്യമായ പുരോഗതിയുണ്ടായ സാഹചര്യത്തില്‍ പ്രസിഡന്റ് എലന്‍ ജോണ്‍സണ്‍ സര്‍ലീഫാണ് ഇത് സംബന്ധിച്ച് വിശദീകരണം നല്‍കിയത്. കഴിഞ്ഞ ആഗസ്റ്റില്‍ ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥ ഇനിയും നീട്ടാന്‍ ഉദ്ദേശ്യമില്ലെന്ന് അവര്‍ പറഞ്ഞു. ഇത് സംബന്ധിച്ച് ദേശീയ ആരോഗ്യ വകുപ്പ് മേധാവികളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ഇക്കാര്യം നാഷനല്‍ ലെജിസ്റ്റേറ്റര്‍ കൗണ്‍സില്‍ നേതൃത്വവുമായി സംസാരിച്ചിട്ടുണ്ടെന്ന് മൊണ്‍റോവിയയില്‍ അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തങ്ങളുടെ അയല്‍രാജ്യങ്ങള്‍ എബോള മുക്തമെന്ന് പ്രഖ്യാപിക്കുന്നത് വരെ ലൈബീരിയയും എബോള മുക്തമെന്ന് പറയാനാകില്ല. എങ്കിലും ജാഗ്രത കുറക്കാനാകില്ല. ശ്രദ്ധയും തുടരും. തങ്ങളുടെ നാട്ടുകാര്‍ ഇപ്പോഴും എബോള രോഗത്തിന് ചികിത്സയിലാണ്. പലരും മരിച്ചുവെന്നും സര്‍ലീഫ് പറഞ്ഞു.
കഴിഞ്ഞ മാര്‍ച്ചില്‍ പശ്ചിമ ആഫ്രിക്കയില്‍ രോഗം വ്യാപിച്ചതിനെ തുടര്‍ന്ന് ലൈബീരിയയില്‍ 2,800 പേരാണ് മരിച്ചത്. ഗിനിയയിലും ലൈബിരിയയിലും ഇബോള കേസുകളില്‍ കുറവ് വന്നതായി ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ സിറാലിയോണില്‍ കാര്യമായ മാറ്റമുണ്ടായിട്ടില്ല. അതേസമയം രണ്ട് എബോള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ശേഷം അതിര്‍ത്തിയില്‍ മാലി കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ശേഷം പശ്ചിമ ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളില്‍ 5160 പേരാണ് മരിച്ചത്. മൊത്തം 14,000 പേര്‍ക്കാണ് അസുഖം റിപ്പോര്‍ട്ട് ചെയ്തത്. ദാരിദ്ര്യവും ദുര്‍ബലമായ ആരോഗ്യ സംരക്ഷണവുമാണ് ഈ രാജ്യങ്ങളില്‍ രോഗം വ്യാപിക്കാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.