Connect with us

Malappuram

എസ് വൈ എസ് ജനകീയ കൃഷിത്തോട്ടം പദ്ധതി തുടങ്ങി

Published

|

Last Updated

കോട്ടക്കല്‍: ഊഷര ഭൂമി ഉഴുതിളക്കി ആദര്‍ശപ്പോരാളികള്‍ ഇനി കാര്‍ഷിക വൃത്തിയിലൂടെ പച്ചപ്പ് പുതപ്പിക്കും. എസ് വൈ എസ് 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായാണ് ജനകീയ പച്ചക്കറിത്തോട്ടം പദ്ധതിയിലൂടെ സംസ്ഥാനത്ത് പുതിയ കാര്‍ഷിക പദ്ധതിക്കായി പ്രവര്‍ത്തകര്‍ കൃഷിഭൂമിയിലിറങ്ങുന്നത്. ഇന്നലെ മലപ്പുറം ജില്ലയിലെ എടരിക്കോട്ട് സംസ്ഥാന ഭാരവാഹികള്‍ വിത്തിറക്കിയും വാഴനട്ടും പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. വ്യത്യസ്തവും വിഭിന്നവുമായ കൃഷിരീതിയാണ് പദ്ധതിയിലൂടെ എസ് വൈ എസ് നടപ്പാക്കുക. ആവശ്യമായ മുഴുവന്‍ സംവിധാനങ്ങളും ഉപയോഗപ്പെടുത്തി നഷ്ടമായ കൃഷി സമൃദ്ധി തിരിച്ചെത്തിക്കുകയാണ് ലക്ഷ്യം. വാണിജ്യ വത്കരിക്കപ്പെട്ടതും ലാഭക്കൊതി പൂണ്ടതുമായ കൃഷി രീതിയെ മാറ്റിനിര്‍ത്തിയായിരിക്കും പ്രവര്‍ത്തകര്‍ കൃഷിയിടത്തിലിറങ്ങുക. പ്രവര്‍ത്തകരുടെ സ്വന്തം ഭൂമിയിലും മറ്റിടങ്ങളില്‍ പാട്ടത്തിനെടുത്തുമായിരിക്കും കൃഷിയിറക്കുന്നത്. ഒപ്പം അടുക്കളത്തോട്ട സംസ്‌കാരവും വളര്‍ത്തിയെടുക്കും. ഇതിനായി യൂനിറ്റ്, സര്‍ക്കിള്‍, സോണ്‍, ജില്ലാ തലങ്ങളില്‍ ബോധവത്കരണ ക്ലാസുകളും പഠന വേദികളും നടക്കും. കീടനാശിനികളുപയോഗിച്ചുണ്ടാക്കുന്ന കൃഷിയിലൂടെ പടരുന്ന മാരകരോഗങ്ങളെ കുറിച്ച് യൂനിറ്റ് തലങ്ങളില്‍ പ്രചാര പരിപാടികളും സംഘടിപ്പിക്കും. ജൈവ കൃഷിയുടെ പ്രോത്സാഹനത്തിനായി നാട്ടുകൂട്ടങ്ങളൊരുക്കി അവര്‍ക്കാവശ്യമായ പരിശീലനങ്ങളും നടത്തും. ആവശ്യമായ വിത്തുകളും നാട്ടുകൂട്ടങ്ങള്‍ക്ക് നല്‍കിയാണ് പദ്ധതി വിജയിപ്പിക്കുക. പച്ചക്കറികള്‍ക്കും നിത്യോപയോഗ സാധനങ്ങള്‍ക്കും അയല്‍ സംസ്ഥാനങ്ങളെ കാത്തിരിക്കുന്ന സാഹചര്യത്തില്‍ പാരമ്പര്യ കൃഷി സംസ്‌കാരത്തെ പരിപോഷിപ്പിക്കാനും ഭക്ഷ്യോത്പാദനത്തില്‍ സ്വയം പര്യാപ്തത എന്ന ലക്ഷ്യത്തിലെത്താനുമാണ് ധാര്‍മിക പ്രസ്ഥാന പ്രവര്‍ത്തകര്‍ പ്രകൃതി സംരക്ഷണം ദൗത്യമായി ഏറ്റെടുക്കുന്നത്. ഭൂപ്രകൃതി അനുസരിച്ചാണ് കൃഷി ഇറക്കുക. നെല്ല്, വാഴ, മരച്ചീനി, പച്ചക്കറികള്‍ എന്നിവ തരം പോലെ പ്രവര്‍ത്തകര്‍ നട്ടുവളര്‍ത്തും. നാടിന്റെ വിവിധ ഭാഗങ്ങളിലെ കര്‍ഷകരെയും കൃഷിയെ സ്‌നേഹിക്കുന്നവരെയും പദ്ധതിയില്‍ പങ്കാളികളാക്കും. ഉദ്ഘാടന പരിപാടിയില്‍ എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ്‌പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, വണ്ടൂര്‍ അബ്ദുര്‍റഹ്്മാന്‍ ഫൈസി, എടരിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹനീഫ തൈക്കാടന്‍, മുന്‍ പ്രസിഡന്റ് നാസര്‍ എടരിക്കോട്, വേങ്ങര ബ്ലോക്ക് കൃഷി ഓഫീസര്‍ ടി കെ അബ്ദുല്‍സലാം, എടരിക്കോട് കൃഷി ഓഫീസര്‍ എന്‍ അജിതന്‍, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, മുഹമ്മദ് പറവൂര്‍, ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, സീനത്ത് അബ്ദുര്‍റഹ്മാന്‍ ഹാജി, അബ്ദു ഹാജി വേങ്ങര പ്രസംഗിച്ചു.

---- facebook comment plugin here -----

Latest