Connect with us

Editorial

അംബാനിമാര്‍ വാഴും ഇന്ത്യ

Published

|

Last Updated

കേന്ദ്രത്തില്‍ ബി ജെ പി അധികാരത്തില്‍ വന്നാല്‍ പെട്രോളിയം ഉത്പന്നങ്ങളുടെത് ഉള്‍പ്പെടെ എല്ലാ നികുതികളും പരിഷ്‌കരിക്കുകയും അതുവഴി പെട്രോള്‍ വില ലിറ്ററിന് 40-50 രൂപയായി കുറക്കാനാകുമെന്നുമായിരുന്നു തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി വൃത്തങ്ങള്‍ അവകാശപ്പെട്ടിരുന്നത്. സാധാരണ ജനങ്ങളെ ബാധിക്കുന്ന നികുതികള്‍ ഒഴിവാക്കി ബദല്‍മാര്‍ഗങ്ങള്‍ കണ്ടെത്താനായി നിതിന്‍ ഗഡ്കരി അധ്യക്ഷനും സുബ്രഹ്മണ്യ സ്വാമി ചെയര്‍മാനുമായി കമ്മിറ്റി രൂപവത്കരിച്ചതായും പാര്‍ട്ടി വൃത്തങ്ങള്‍ പ്രസ്താവിച്ചിരുന്നു. നികുതി ഒഴിവാക്കല്‍ സാധ്യതയുടെ പഠനം നടത്താന്‍ പൂനെ ആസ്ഥാനമായ ഒരു സ്ഥാപനത്തെയും നിയോഗിച്ചിരുന്നുവത്രെ. ഇത്തരം പ്രചാരണങ്ങളുടെ പിന്‍ബലത്തില്‍ അധികാരത്തിലേറിയ നരേന്ദ്ര മോദി സര്‍ക്കാറില്‍ നിന്ന് മികച്ചൊരു ഭരണം പ്രതീക്ഷിച്ച സാധാരണക്കാരന് തുടരെത്തുടരെ ഇരുട്ടടിയാണിപ്പോള്‍ കേന്ദ്രത്തില്‍ നിന്ന് ഏറ്റുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗം തന്നെയാണ് പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് അധിക എക്‌സൈസ് തീരുവ ചുമത്തിയ നടപടിയും.
ലിറ്ററിന് 1.50 രൂപ വീതമാണ് പെട്രോളിനും ഡീസലിനും ഇന്നലെ മുതല്‍ എക്‌സൈസ് നികുതി വര്‍ധിപ്പിച്ചത്. സാധാരണ പെട്രോള്‍ നികുതി 1.20 രൂപയില്‍ നിന്നും 2.70 ആയും ബ്രാന്‍ഡഡ് പെട്രോളിന്റെത് 2.35ല്‍ നിന്ന് 2.85 ആയും ഡിസലിന്റേത് 1.46 ല്‍ നിന്ന് 1.96 ആയും വര്‍ധിപ്പിച്ചു. പെട്രോള്‍ ഉത്പന്നങ്ങളുടെ വില ഗണ്യമായി താഴ്ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളില്‍ നിന്ന് കാര്യമായ പ്രതിഷേധം ഉണ്ടാവുകയില്ലെന്ന ബോധ്യത്തിലാണ് കേന്ദ്രത്തിന്റെ ഈ ജനദ്രോഹ നടപടി. വില ഇനിയും താഴ്ന്നാല്‍ നികുതി വീണ്ടും കൂട്ടി പൊതുവിപണിയിലെ വില ഏറ്റക്കുറച്ചിലില്ലാതെ നിലനിര്‍ത്താനാണത്രേ തീരുമാനം. അടുത്തിടെ സര്‍ക്കാറിന്റെ പരോക്ഷ നികുതിയിലുണ്ടായ ഇടിവ് പരിഹരിക്കുകയാണ് പുതിയ നയത്തിന്റെ ഉദ്ദേശ്യമെന്നാണ് ഔദ്യോഗിക ഭാഷ്യമെങ്കിലും, അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലകൂടുന്ന ഘട്ടത്തില്‍ ആനുപാതികമായി രാജ്യത്തെ എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിക്കുമ്പോഴുണ്ടാകുന്ന ജനരോഷത്തില്‍ നിന്ന് രക്ഷപ്പെടുകയാണ് യഥാര്‍ഥ ലക്ഷ്യം. റിലയന്‍സിനെപ്പോലെയുള്ള കുത്തക കമ്പനികളുടെ താത്പര്യം സംരക്ഷിക്കുന്നതിനായി, പെട്രോള്‍ ഉത്പന്നങ്ങളുടെ വിലക്കുറവിന്റെ ഗുണം രാജ്യത്തെ സാധാരണക്കാരന് നിഷേധിക്കുകയാണ് സര്‍ക്കാര്‍. മുമ്പ് എണ്ണവില അടിക്കടി ഉയരുകയും തദനുസൃതമായി എണ്ണക്കമ്പനികള്‍ പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കുകയും ചെയ്തപ്പോള്‍ നികുതി കുറച്ചു സാധാരണക്കാരന്റെ ജീവിതഭാരം കുറക്കുന്ന ജനനന്മയിലൂന്നിയുള്ള നടപടി സര്‍ക്കാര്‍ കൈക്കൊണ്ടതുമില്ല. അംബാനിമാര്‍ക്ക് ലാഭം കുറഞ്ഞാല്‍ വേദനിക്കുന്ന മോദിമാര്‍ക്ക് സാധാരണക്കാരന്റെ വേദന പ്രശ്‌നമേയല്ല.
സര്‍ക്കാറിന്റെ കൊളളയടി ഏറ്റവും കൂടുതല്‍ നടക്കുന്ന മേഖലയാണ് എണ്ണ വിപണനം. മറ്റൊരു വികസ്വര രാജ്യത്തുമില്ലാത്ത ഉയര്‍ന്ന നികുതിയാണ് പെട്രോള്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ ഈടാക്കുന്നത്. വിപണി വിലയുടെ നാല്‍പ്പത് ശതമാനത്തോളം വരും നികുതി. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ അയല്‍ രാജ്യങ്ങളേക്കാളും സമ്പന്ന രാഷ്ട്രമായ അമേരിക്കയേക്കാളും ഇന്ത്യയില്‍ പെട്രോളിന് വില കൂടുതലായതും ഈ അമിത നികുതി മൂലമാണ്. 160 ലിറ്റര്‍ അടങ്ങുന്ന ഒരു ബാരല്‍ അസംസ്‌കൃത എണ്ണയുടെ നിലവിലെ നിരക്ക് 80 ഡോളറാണ്. ഇതനുസരിച്ചു ഒരു ലിറ്ററിന്റെ വില അര ഡോളര്‍ അഥവാ 30 രൂപ മാത്രം. ശുദ്ധീകരണച്ചെലവ്, വിതരണത്തിനുള്ള ഗതാഗതച്ചെലവ്, ചില്ലറ വില്‍പനക്കാരുടെ കമ്മീഷന്‍ എന്നിവ കൂടി കണക്കിലെടുത്താലും 40 രൂപക്ക് വില്‍ക്കാന്‍ കഴിയുന്ന പെട്രോള്‍ ഇന്ന് വില്‍ക്കുന്നത് 67 രൂപക്കാണ്. ഇത് അന്താരാഷ്ട്ര വിപണിയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ കാര്യം. രാജ്യത്ത് ഉപയോഗിക്കുന്ന പെട്രോള്‍ ഉത്പന്നങ്ങളുടെ 20 മുതല്‍ 25 ശതമാനംവരെ ഇവിടെ തന്നെ കുഴിച്ചെടുക്കുന്നതാണ്. ഇതിന് ഇറക്കുമതിച്ചുങ്കം ബാധകമല്ലാത്തതിനാല്‍ നിലവിലെ നിരക്കിന്റെ പകുതി വിലക്ക് വില്‍ക്കാനാകും. എന്നാല്‍ വന്‍തോതില്‍ നികുതി ചുമത്തി വില കുത്തനെ ഉയര്‍ത്തി ജനജീവിതം ദുസ്സഹമാക്കുകയാണ് സര്‍ക്കാര്‍.
നരേന്ദ്ര മോദിമാരെയും മന്‍മോഹന്‍സിംഗുമാരെയും അരങ്ങത്ത് പ്രതിഷ്ഠിച്ചു, അംബാനിമാരും ബിര്‍ളമാരുമാണ് അണിയറക്ക് പിന്നില്‍ നിന്ന് രാജ്യം ഭരിച്ചു കൊണ്ടിരിക്കുന്നത്. ലോകത്തെ വന്‍കിട സമ്പന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം പിടിച്ചു പറ്റാനുള്ള ഈ ഇന്ത്യന്‍ കുത്തകകളുടെ മത്സരയോട്ടത്തിന് ശക്തി പകരുന്ന സാമ്പത്തിക നയങ്ങള്‍ ആവിഷ്‌കരിക്കുകുയാണ് അരങ്ങത്തുള്ളവര്‍ക്ക് നിര്‍വഹിക്കാനുള്ള പ്രധാന ദൗത്യം. അത് ഭംഗിയായി അവര്‍ നിര്‍വഹിക്കുന്നുമുണ്ട്. അതിനിടെ സാധാരണക്കാരന്റെ മുറവിളി കേള്‍ക്കാനും ദുരിതപര്‍വങ്ങള്‍ കാണാനും എവിടെ നേരം? അവരെ വെറുതെ വിടുക. ഇനിയും അവര്‍ അംബാനിമാരെ സേവിക്കട്ടെ.