Connect with us

Gulf

മാലിന്യങ്ങള്‍ ഊര്‍ജമാക്കി മാറ്റാന്‍ സംവിധാനം വേണമെന്ന് ശൈഖ് സുല്‍ത്താന്‍ അല്‍ ഖാസിമി

Published

|

Last Updated

ഷാര്‍ജ: എമിറേറ്റില്‍ നിന്ന് ശേഖരിക്കപ്പെടുന്ന മാലിന്യങ്ങള്‍ ഊര്‍ജമാക്കി മാറ്റാന്‍ ആവശ്യമായ സംവിധാനം ഉണ്ടാക്കണമെന്ന് സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉത്തരവിട്ടു.
ഷാര്‍ജ സജയില്‍ പ്രവര്‍ത്തിക്കുന്ന വേസ്റ്റ് മാനേജ്‌മെന്റ് ആസ്ഥാനമായ “ബീഅ”യില്‍ കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തവെയാണ് ശൈഖ് സുല്‍ത്താന്‍ ഇത്തരത്തില്‍ ഒരു ഉത്തരവിട്ടത്. ഷാര്‍ജയിലെ മാലിന്യ-പരിസ്ഥിതി കാര്യങ്ങളുടെ ചുമതലയുള്ള സ്ഥാപനമായ ബീഅക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള പുതിയ ആസ്ഥാനം നിര്‍മിക്കണമെന്നും ശൈഖ് സുല്‍ത്താന്‍ ഉത്തരവിട്ടിട്ടുണ്ട്.
മാലിന്യ സംസ്‌കരണത്തിന് ഇപ്പോള്‍ സജയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രം, മധ്യപൗരസ്ത്യ മേഖലയിലെ ഏറ്റവും വലുതും ലോകാടിസ്ഥാനത്തില്‍ മൂന്നാമത്തേതുമാണ്. വിവിധതരം മാലിന്യങ്ങള്‍ സംസ്‌കാരിക്കാനാവശ്യമായ സൗകര്യങ്ങള്‍ നിലവിലുള്ള കേന്ദ്രത്തിലുണ്ട്. കെട്ടിടം പൊളിച്ച അവശിഷ്ടങ്ങള്‍, വാഹനങ്ങളുടെ ടയര്‍ മാലിന്യങ്ങള്‍, ആശുപത്രി മാലിന്യങ്ങള്‍, മറ്റു മാലിന്യങ്ങള്‍ തുടങ്ങിയവയുടെ വെവ്വേറെയുള്ള സംസ്‌കരണ കേന്ദ്രങ്ങള്‍ ശൈഖ് സുല്‍ത്താന്‍ സന്ദര്‍ശിച്ചു.
ആഗോള തലത്തില്‍ ഊര്‍ജ പ്രതിസന്ധി വെല്ലുവിളിയായിക്കൊണ്ടിരിക്കുന്ന പുതിയ സാഹചര്യത്തില്‍, മാലിന്യങ്ങള്‍ ഊര്‍ജമാക്കി മാറ്റാന്‍ സാധിക്കുന്ന ഒരു ഫാക്ടറി പണിയണമെന്ന് ശൈഖ് സുല്‍ത്താന്‍ ബീഅ അധികൃതരോട് ആവശ്യപ്പെട്ടു അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ഷാര്‍ജയില്‍ ജനസംഖ്യയും കൂടിവരികയാണ്. അതിനനുസരിച്ച് ഊര്‍ജ ഉപയോഗം കൂടിവരുന്നതിനാല്‍ നിലവിലുള്ള ഊര്‍ജ സ്രോതസ്സുകള്‍ക്കപ്പുറത്തുള്ള വഴികള്‍ കൂടി കണ്ടെത്തേണ്ടതുണ്ടെന്നും ശൈഖ് സുല്‍ത്താന്‍ പറഞ്ഞു.
3.75 കിലോമീറ്റര്‍ ചുറ്റളവില്‍ സജയില്‍ പ്രവര്‍ത്തിക്കുന്ന മാലിന്യസംസ്‌കരണ കേന്ദ്രത്തില്‍ നിലവില്‍ മാലിന്യ സംസ്‌കരണ രംഗത്ത് ലോകോത്തരമായ സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നതെന്നും, ശൈഖ് സുല്‍ത്താന്‍ ആസ്ഥാനം സന്ദര്‍ശിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്നും ബീഅ തലവന്‍ സാലിം ബിന്‍ മുഹമ്മദ് അല്‍ ഉവൈസ് പറഞ്ഞു.