വാണിയമ്പലത്ത് ദീര്‍ഘനേരം റെയില്‍വേ ഗേറ്റ് അടച്ചിട്ടു അപകടത്തില്‍പ്പെട്ട രോഗിയെ രക്ഷിക്കാനായില്ല

Posted on: November 14, 2014 10:32 am | Last updated: November 14, 2014 at 10:32 am

വണ്ടൂര്‍: ഷൊര്‍ണ്ണൂര്‍-നിലമ്പൂര്‍ റെയില്‍ പാതയിലെ വാണിയമ്പലത്ത് ദീര്‍ഘ നേരം തീവണ്ടി കടന്നുപോകാനായി ഗേറ്റ് അടച്ചിട്ടതിനാല്‍ വാഹനാപകടത്തില്‍പ്പെട്ടയാള്‍ക്ക് ചികിത്സ ലഭിക്കാതെ മരിച്ചു.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. അസം സ്വദേശിയായ ഡൊനിപ്പൂര്‍ ജില്ലയിലെ സൈബറലി(23)എന്ന ചെറുപ്പക്കാരനാണ് മരണപ്പെട്ടത്. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ തൊഴിലാളികള്‍ സഞ്ചരിച്ച ഗുഡ്‌സ് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ സൈബറലിയെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും റെയില്‍വെ ഗേറ്റ് അടവില്‍പ്പെട്ട് അരമണിക്കൂറോളം ചികിത്സ വൈകാന്‍ കാരണമായി.
ഈ വഴി കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും റെയില്‍വെ ഗേറ്റ് തുറക്കാന്‍ അധികൃതര്‍ സമ്മതിച്ചില്ല. തുടര്‍ന്ന് റെയില്‍വെ ഗേറ്റിനരികിലൂടെ ശരീരവും ഏറ്റി റോഡിന്റെ മറുവശത്തെത്തി വേറെ വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സമാനമായ രീതിയില്‍ ഇവിടെ നാല് സംഭവങ്ങള്‍ നേരത്തെ നടന്നിട്ടുണ്ട്. അപകടത്തില്‍പ്പെട്ടവരും ഹൃദയാഘാതം വന്ന് ഉടനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ പോയിട്ടുണ്ട്.
അടുത്തിടെയായി ഈ പാതയില്‍ സര്‍വീസ് നടത്തുന്ന തീവണ്ടികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. പന്ത്രണ്ട് തവണയാണ് ദിവസവും ഇവിടെ റെയില്‍വെ ഗേറ്റ് അടച്ചിടുന്നത്. കൂടാതെ ഗുഡ്‌സ് ട്രയിനുകളുടെയും ഓഫീസര്‍മാരുടെയും സന്ദര്‍ശന സമയത്തും മറ്റു ജോലികളുടെ ഭാഗമായും അടച്ചിടല്‍ തഥൈവ. സമീപത്ത് റെയില്‍വെ പാത മുറിച്ചുകടക്കാനുള്ള മേല്‍പ്പാലങ്ങളുള്ള സ്ഥലങ്ങളില്ല. ദീര്‍ഘ യാത്ര ചെയ്ത് നിലമ്പൂരിലോ വെള്ളാമ്പുറത്തോ പോയി ചുറ്റി സഞ്ചരിക്കണമെങ്കില്‍ പത്ത് കിലോമീറ്ററിലധികം യാത്ര ചെയ്യണം. വാണിയമ്പലത്ത് റെയില്‍വെ മേല്‍പ്പാലം വേണമെന്നാവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
എന്നാല്‍ ഇക്കാര്യത്തില്‍ ഭരണകൂടത്തില്‍ നിന്ന് അനൂകൂല നടപടിയുണ്ടായിട്ടില്ല. ഗേറ്റ് അടച്ചിടുന്നതിനാല്‍ ആശുപത്രിയിലെത്തേണ്ട രോഗികളെ പോലും കൃത്യമായ സമയത്ത് എത്തിക്കാന്‍ സാധിക്കാതെയും ബസുകളുടെ സമയക്രമം തെറ്റാനും കാരണമാകുന്നുണ്ട്.