Connect with us

Malappuram

മദ്യനയം നടപ്പിലാക്കുന്നതിനെതിരെ സമ്മര്‍ദമുണ്ടായിട്ടില്ല: വി എം സുധീരന്‍

Published

|

Last Updated

വണ്ടൂര്‍: മദ്യ ഉപഭോഗം കുറക്കാനാണ് സര്‍ക്കാര്‍ ബാറുകള്‍ നിരോധിച്ചതെന്നും ഇക്കാര്യത്തിനെതിരെ മദ്യലോബികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയിട്ടില്ലെന്നും കെ പി സി സി പ്രസിഡന്റ് വിഎം സുധീരന്‍ വണ്ടൂരില്‍ പറഞ്ഞു. ജനപക്ഷയാത്രക്ക് നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മദ്യലോബികളുടെ സമ്മര്‍ദ്ദമുണ്ടായിരുന്നെങ്കില്‍ ഇത്തരം ധീരമായ നിലപാടുകളെടുക്കാന്‍ ഒരു സര്‍ക്കാറിനും സാധിക്കില്ലെന്നും ലഹരി വിമുക്ത നാടായി കേരളത്തെ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. ലഹരിപോലെ ഏറെ ദോഷകരമായി ബാധിക്കുന്നതാണ് അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന പച്ചക്കറികള്‍. ക്യാന്‍സര്‍ വ്യാപനത്തിന് കാരണമാകുന്ന ഇത്തരം പച്ചക്കറികളുടെ ഇറക്കുമതി കുറച്ച് കേരളം സ്വയംപര്യാപ്തമാകണം.
കാര്‍ഷിക രംഗത്തേക്ക് വിദ്യാര്‍ഥികളെ മുന്നിട്ടിറക്കാന്‍ വിദ്യാലയങ്ങള്‍ ആസൂത്രണം ചെയ്യണം. ജൈവ പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതില്‍ വിദ്യാര്‍ഥി സമൂഹത്തിന് ഏറെ സംഭാവന ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ സി കുഞ്ഞിമുഹമ്മദ് അധ്യക്ഷതവഹിച്ചു.
മന്ത്രിമാരായ എ പി അനില്‍കുമാര്‍, ആര്യാടന്‍ മുഹമ്മദ്, ഡിസി സി പ്രസിഡന്റ് ഇ മുഹമ്മദ്കുഞ്ഞി, വി ഡി സതീശന്‍ എംഎല്‍ എ, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സംസാരിച്ചു.

 

Latest