Connect with us

Kozhikode

മൂന്ന് നാള്‍, അഞ്ച് വേദികള്‍; ശാസ്ത്ര കൗതുകമുണര്‍ന്നു

Published

|

Last Updated

കോഴിക്കോട്: കൗമാര പ്രതിഭകളുടെ ശാസ്ത്രവിസ്മയങ്ങള്‍ക്ക് മിഴിതുറന്നു. ഇനിയുള്ള മൂന്ന് ദിനങ്ങള്‍ കുട്ടിശാസ്ത്രജ്ഞരുടെ കണ്ടെത്തലുകള്‍ വിസമയവും വിജ്ഞാനവും പകരും. മോഡല്‍ ഹയര്‍ സെക്കന്‍ഡറി, ഹിമായത്തുല്‍ ഇസ്‌ലാം ഹയര്‍ സെക്കന്‍ഡറി, ബി ഇ എം, സെന്റ് ജോസഫ്‌സ് ബോയ്‌സ്, ആംഗ്ലോ ഇന്ത്യന്‍സ് ഗേള്‍സ് എന്നീ വേദികളിലായാണ് റവന്യൂ ജില്ലാ ശാസ്ത്ര- ഗണിത ശാസ്ത്ര- സാമൂഹിക ശാസ്ത്ര- പ്രവൃത്തിപരിചയ- ഐ ടി മേളക്ക് (ശാസ്‌ത്രോത്സവം) തുടക്കമായത്. 17 സബ് ജില്ലകളെ പ്രതിനിധീകരിച്ച് എല്‍ പി, യു പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി 8000 കുട്ടികള്‍ മേളയില്‍ പങ്കെടുക്കുന്നു. ശാസ്ത്ര വിഷയങ്ങളില്‍ ഒമ്പത് ഇനങ്ങളിലും ഗണിത ശാസ്ത്രത്തില്‍ എട്ടിനങ്ങളിലും സാമൂഹികശാസ്ത്രത്തില്‍ ഏഴിനങ്ങളിലും പ്രവൃത്തിപരിചയത്തില്‍ 35 ഇനങ്ങളിലും ഐ ടിയില്‍ ഏഴിനങ്ങളിലുമാണ് മത്സരം. കോഴിക്കോട്, വയനാട് ജില്ലകളിലെ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ വൊക്കേഷനല്‍ എക്‌സ്‌പോയും ശാസ്ത്രമേളയോടനുബന്ധിച്ച് നടക്കുന്നുണ്ട്.

ഇന്നലെ എല്‍ പി, യു പി, എച്ച് എസ് വിഭാഗം മത്സരങ്ങളാണ് പ്രധാനമായും നടന്നത്. ഉദ്ഘാടന വേദിയായ ഗവ. മോഡല്‍ എച്ച് എസ് എസില്‍ എല്‍ പി, യു പി വിഭാഗം ഫര്‍ണിച്ചര്‍ നിര്‍മാണം, കുട നിര്‍മാണം, പാഴ്‌വസ്തുക്കള്‍കൊണ്ടുള്ള നിര്‍മാണം, സ്റ്റഫ് ചെയ്ത കളിപ്പാട്ട നിര്‍മാണം, ചിരട്ട കൊണ്ടുള്ള ഉത്പന്ന നിര്‍മാണം, വൈദ്യുത വയറിംഗ്, ലോഹത്തകിട് കൊണ്ടുള്ള നിര്‍മാണം, ബാഡ്മിന്റണ്‍/വോളിബോള്‍ നെറ്റ് നിര്‍മാണം, മുള ഉത്പന്നങ്ങളുടെ നിര്‍മാണം എന്നിവയാണ് നടന്നത്. സെന്റ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് എച്ച് എസ് എസില്‍ യു പി, എച്ച് എസ് വിഭാഗം നിശ്ചല മാതൃക, പ്രവര്‍ത്തന മാതൃക, റിസര്‍ച്ച് ടൈപ്പ് പ്രൊജക്ട്, ഇംപ്രവൈസ്ഡ് പ്രൊജക്ട്, ടാലന്റ് സര്‍ച്ച് എക്‌സാം, സയന്‍സ് ക്വിസ് എന്നിവയും എച്ച് എസ് വിഭാഗം ശാസ്ത്രനാടകവുമാണ് അരങ്ങേറിയത്.
സെന്റ് ജോസഫ്‌സ് ബോയ്‌സില്‍ എല്‍ പി, എച്ച് എസ് വിഭാഗം ഗണിത ശാസ്ത്ര തത്സമയ മത്സരങ്ങളും പ്രൈമറി, എച്ച് എസ്, എച്ച് എസ് എസ് ടീച്ചിംഗ് എയ്ഡ് മത്സരവുമാണ നടന്നത്. ഹിമായത്തുല്‍ ഇസ്‌ലാം ഹയര്‍ സെക്കന്‍ഡറിയില്‍ എല്‍ പി വിഭാഗം കലക്ഷന്‍സ്, ചാര്‍ട്ട്, മോഡല്‍സ് എന്നിവയും യു പി വിഭാഗം സ്റ്റില്‍ മോഡല്‍, വര്‍ക്കിംഗ് മോഡല്‍, പ്രസംഗ മത്സരം, എച്ച് എസ്, എച്ച് എസ് എസ് വിഭാഗം അറ്റ്‌ലസ് നിര്‍മാണം, പ്രാദേശിക ചരിത്രരചന എന്നിവയും അരങ്ങേറി.
വെജിറ്റബിള്‍ പ്രിന്റിംഗ്, ഫാബ്രിക് പെയിന്റിംഗ്, ലോഹത്തകിടില്‍ കൊത്തുപണി, ബുക്ക് ബൈന്റിംഗ്, കാര്‍ഡ്, ചാര്‍ട്ട് കാര്‍ഡ്, സ്‌ടോബോര്‍ഡ് ഉപയോഗിച്ചുള്ള ഉത്പന്നങ്ങളുടെ നിര്‍മാണം എന്നിവയാണ് ബി ഇ എം സ്‌കൂളില്‍ നടന്നത്. പേപ്പര്‍ ക്രാഫ്റ്റ്, കയര്‍ ചവിട്ടി മെത്തകള്‍, പനയോല ഉത്പന്നങ്ങള്‍, ത്രഡ് പാറ്റേണ്‍, ചിത്ര തുന്നല്‍ തുടങ്ങിയവയുടെ മത്സരവും നടന്നു. ആംഗ്ലോ ഇന്ത്യന്‍സില്‍ ഡിജിറ്റല്‍ പെയിന്റിംഗ്, എച്ച് എസ് ഐ ടി പ്രൊജക്ട്, യു പി, എച്ച് എസ് എസ് മലയാളം ടൈപ്പിംഗ് എന്നിവയാണ് നടന്നത്.
ശാസ്ത്രീയമായി ചിന്തിക്കാനുള്ള കഴിവ് കുട്ടികള്‍ വളര്‍ത്തിയെടുക്കണമെന്ന് മോഡല്‍ സ്‌കൂളില്‍ മേള ഉദ്ഘാടനം ചെയ്ത മേയര്‍ എ കെ പ്രേമജം പറഞ്ഞു. ശാസ്ത്രം ഇത്രയും പുരോഗമിച്ച അവസരത്തില്‍ പോലും സമൂഹത്തില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വര്‍ധിക്കുകയാണ്. തിന്മയും നന്മയും വിധിക്കുന്ന രീതിയില്‍ ശാസ്ത്രത്തെ ഉപയോഗിക്കാന്‍ സാധിക്കും. ആറ്റംബോംബ് നിര്‍മിക്കാന്‍ ഉപയോഗിച്ച ശാസ്ത്രം തന്നെയാണ് മംഗള്‍യാന്‍ പോലുള്ള ചരിത്ര ദൗത്യം വിജയമാക്കിയതെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. കോര്‍പറേഷന്‍ കൗണ്‍സിലര്‍ പി കിഷന്‍ചന്ദ് അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി എം ടി പത്മ, മേഖല ശാസ്ത്ര കേന്ദ്രം ഡയറക്ടര്‍ വി എസ് രാമചന്ദ്രന്‍, എം നൗഷാദ്, എം മോഹനന്‍, ഡോ. ഗിരീഷ് ചോലയില്‍, പി കുഞ്ഞമ്മദ്, കെ എസ് ഹര്‍ഷന്‍, വി പി രാജീവന്‍ പ്രസംഗിച്ചു.

---- facebook comment plugin here -----

Latest