മീനങ്ങാടി എച്ച് എസ് എസ് കിരീടത്തിലേക്ക്

Posted on: November 13, 2014 11:19 am | Last updated: November 13, 2014 at 11:19 am

മാനന്തവാടി: കായികമേളയുടെ രണ്ടാംദിനത്തില്‍ പോരാട്ടവീര്യത്തോടെ ട്രാക്കില്‍ താരങ്ങള്‍ കുതിക്കുമ്പോള്‍ ബത്തേരി ഉപ ജില്ലയുടെ മുന്നേറ്റം തുടരുന്നു, 331 പോയിന്റു്കളോടെയാണ് ബത്തേരി ഉപ ജില്ല മുന്നിട്ടു നില്‍ക്കുന്നത്.184 പോയിന്റുകളോടെ മാനന്തവാടി ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത.് 87പോയിന്റുടകളോടെ വൈത്തിരി ഉപജില്ല മൂന്നാം സ്ഥാനത്താണ്.
ഇന്നലെ 65 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മറ്റു ഉപ ജില്ലകളെ സുല്‍ത്താന്‍ ബത്തേരി ബഹുദൂരം പിന്നിലാക്കിയത്.മാനന്തവാടി ഉപജില്ല തൊട്ടുപിന്നിലുണ്ട്.
സ്‌കൂള്‍ വിഭാഗത്തില്‍ മീനങ്ങാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒന്നാം സ്ഥാനത്തെത്തി.63 പോയിന്റുകളാണ് അവര്‍ക്കുള്ളത്, 55 പോയിന്റുകളോടെ കാക്കവയല്‍ ജി വി എച്ച് എസ് എസ് രണ്ടാം സ്ഥാനത്തുണ്ട്, ജി എച്ച് എസ് എസ് കാട്ടിക്കുളമാണ് മൂന്നാം സ്ഥാനത്ത്.43 പോയിന്റ്.കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ കാക്കവയല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഇത്തവണയും കിരീടം ഉറപ്പിക്കുവാനുള്ള ശ്രമത്തിലാണ്. കായികാധ്യാപിക വിജയ് ടീച്ചറുടെ നേതൃത്വത്തില്‍ 24കുട്ടികളാണ് കാക്കവയല്‍ സ്‌കൂളില്‍ നിന്ന് മേളയില്‍ പങ്കെടുക്കുന്നത്.
ജില്ലയില്‍ കായികമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും വളര്‍ന്ന് വരുന്ന കായികപ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും താലൂക്കുകളില്‍ പുതിയ സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ സഹായം ലഭ്യമാക്കുമെന്ന് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ പറഞ്ഞു. ആറാമത് ജില്ലാ കായികമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ആദ്യം നിലവില്‍ വന്ന കേഡറ്റ് യൂണിറ്റുകളില്‍ ഒന്നായ മാനന്തവാടി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസിന്റെ നേതൃത്വത്തില്‍ കായികതാരങ്ങളുടെ മാര്‍ച്ച്പാസ്റ്റും നടന്നു. കൂടാതെ നൂറ് കണക്കിന് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച വര്‍ണശബളമായ കലാരൂപങ്ങള്‍ കാഴ്ചക്കാര്‍ക്ക് ഹൃദ്യമായി.
കായികമേള ലോഗോ രൂപകല്‍പ്പന ചെയ്ത എന്‍ ടി രാജീവന് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം മുഹമ്മദ് ബഷീര്‍ ഉപഹാരം നല്‍കി. സംസ്ഥാന ചെസ് ജേതാവ് ആഷിഷ് തോമസ് അലക്‌സ് പ്രതിജ്ഞ ചൊല്ലികൊടുത്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഉഷാകുമാരി അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ജി. ബിജു, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഉഷാവിജയന്‍, ബള്‍ക്കീസ് ഉസ്മാന്‍, ജേക്കബ് സെബാസ്റ്റ്യന്‍, പി. കുഞ്ഞമ്മദ്, സലീം കടവന്‍, പി കെ തുളസിദാസ്, എം അബ്ദുല്‍ അസീസ് തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്ന് വൈകിട്ട് 3.30ന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ റഷീദ് ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സില്‍വി തോമസ് അധ്യക്ഷത വഹിക്കും. സബ്കലക്ടര്‍ ശീറാം സാംബശിവ റാവു സമ്മാനദാനം നിര്‍വഹിക്കും.