Connect with us

Malappuram

അങ്കണ്‍വാടികളില്‍ കുടിവെള്ളം ഉറപ്പാക്കും: എം എല്‍ എ

Published

|

Last Updated

കൊണ്ടോട്ടി: ചീക്കോട് കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ കൊണ്ടോട്ടി മണ്ഡലത്തിലെ അങ്കണ്‍വാടികളില്‍ കുടിവെള്ളം ലഭ്യമാകുമെന്ന് കെ മുഹമ്മദുണ്ണി ഹാജി എം എല്‍ എ പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ -പബ്ലിക്ക് റിലേഷന്‍സ് വകുപ്പും ഗാന്ധിദര്‍ശന്‍ സമിതിയും എന്‍ ടി ടി എഫും സംയുക്തമായി കൊണ്ടോട്ടിയില്‍ നടത്തുന്ന വില്ലേജ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം എല്‍ എ.
ചീക്കോട് കുടിവെള്ള പദ്ധതിയില്‍ വൈദ്യുതിയുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇത് ഒരു മാസത്തിനകം പൂര്‍ത്തിയാവുന്നതോടെ പദ്ധതി കമ്മീഷന്‍ ചെയ്യാനാവും. ഇതോടെ മണ്ഡലത്തിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാനവുമെന്ന് എം എല്‍ എ പറഞ്ഞു. ചേപ്പിലക്കുന്ന് അങ്കണ്‍വാടി പരിസരം വൃത്തിയാക്കല്‍, പെയ്ന്റിംഗ് പ്രവൃത്തികള്‍ക്ക് എം എല്‍ എ തുടക്കം കുറിച്ചു. കാരാത്തോട് ഇന്‍കെല്‍ ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന എന്‍ ടി ടി എഫിലെ 58 വിദ്യാര്‍ഥികളാണ് സന്നദ്ധ സേവനത്തില്‍ പങ്കാളികളായത്. പാഠ്യപദ്ധതിയുടെ ഭാഗമായി സന്നദ്ധ സേവനം വിദ്യാര്‍ഥികള്‍ക്കും സമൂഹത്തിനും ഫലപ്രദമായി വിനിയോഗിക്കുന്നതിനാണ് അങ്കണ്‍വാടിയും തൊട്ടടുത്ത ശ്മശാനവും ശുചീകരണത്തിനായി തിരഞ്ഞെടുത്തത്.
തുടര്‍ന്ന ലഹരി നിര്‍മാര്‍ജനത്തെക്കുറിച്ച് എക്‌സൈസ് വകുപ്പിലെ സംസ്ഥാന ലെയ്‌സണ്‍ ഓഫീസര്‍ കെ വര്‍ഗീസ് ക്ലാസെടുത്തു. മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക അക്കാദമിയും വിദ്യാര്‍ഥികള്‍ സന്ദര്‍ശിച്ചു. ഗവ. എം യു പി സ്‌കൂളിലാണ് വിദ്യാര്‍ഥികള്‍ ക്യാമ്പ് ചെയ്യുന്നത്. ഗാന്ധിദര്‍ശന്‍ സമിതി ജനറല്‍ കണ്‍വീനര്‍ പി കെ നാരായണന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി പി സുലഭ, ഡെപ്യൂട്ടി തഹസില്‍ദാര്‍ ഷാജു, എ ഇ ഒ കെ ഉണ്ണി, പഞ്ചായത്ത് അംഗം ചൂളന്‍ അധികാരി, എന്‍ ടി ടി എഫ് പ്രിന്‍സിപ്പല്‍ എ ഗോറി, രമേഷ് പങ്കെടുത്തു.
ഇന്ന് അങ്കണ്‍വാടിയുടെ പെയ്ന്റിംഗ് പ്രവൃത്തികള്‍ തുടരും. തൊട്ടടുത്ത കോളനികളില്‍ മദ്യവിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.

Latest