Connect with us

National

ഗാസയിലെ ഇസ്‌റാഈല്‍ ആക്രമണം: യു എന്‍ അന്വേഷണ സംഘത്തില്‍ ഇന്ത്യക്കാരനും

Published

|

Last Updated

യു എന്‍/ന്യൂഡല്‍ഹി: ഗാസയിലെ യു എന്‍ സ്‌കൂളുകള്‍ക്ക് നേരെ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തെ കുറിച്ച് അന്വേഷിക്കുന്ന സംഘത്തില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥനും. സിറിയയിലെ മുന്‍ യു എന്‍ സുരക്ഷാ ഉപദേഷ്ടാവ് കെ സി റെഡ്ഢിയെയാണ് യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അന്വേഷണ സമിതിയിലേക്ക് നാമനിര്‍ദേശം ചെയ്തത്. നെതര്‍ലാന്‍ഡ്‌സില്‍ നിന്നുള്ള പാട്രിക് കമാര്‍ട്ട് ആണ് സമിതിയുടെ അധ്യക്ഷന്‍. ജൂലൈ എട്ട് മുതല്‍ ആഗസ്റ്റ് 26 വരെ ഗാസയില്‍ നടന്ന സംഭവവികാസങ്ങള്‍ അന്വേഷിക്കാനാണ് പ്രത്യേക സമിതി രൂപവത്കരിച്ചതെന്ന് ബാന്‍ കി മൂണിന്റെ വക്താവ് ഫര്‍ഹാന്‍ ഹഖ് പറഞ്ഞു. അര്‍ജന്റീനയിലെ മാരിയ മില്‍ബേണ്‍, അമേരിക്കയിലെ ലീ ഓബ്‌റീന്‍, കാനഡയിലെ പിയറി ലെമലിന്‍ എന്നിവരും സമിതിയില്‍ അംഗങ്ങളാണ്.
ഇസ്‌റാഈല്‍ ആക്രമണത്തില്‍ കുട്ടികള്‍ അടക്കമുള്ളവര്‍ മരിച്ചതും പരുക്കേറ്റതും ഐക്യരാഷ്ട്ര സഭയുടെ കെട്ടിടങ്ങള്‍ ആക്രമിക്കപ്പെട്ടതും സംഘം വിശദമായ പരിശോധനക്ക് വിധേയമാക്കും. സമിതിയോട് ഫലസ്തീനിലേയും ഇസ്‌റാഈലിലെയും മുഴുവന്‍ വിഭാഗങ്ങളും സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഹഖ് പറഞ്ഞു. യു എന്‍ കെട്ടിടങ്ങള്‍ക്ക് പരിസരത്ത് ഹമാസ് ആയുധ ശേഖരം സൂക്ഷിച്ചുവെന്ന ആരോപണവും പരിശോധിക്കും.
ബാന്‍ കി മൂണ്‍ കഴിഞ്ഞ മാസം ഗാസ സന്ദര്‍ശിച്ചിരുന്നു. യു എന്‍ നടത്തുന്ന സ്‌കൂളുകള്‍, അഭയാര്‍ഥി ക്യാമ്പുകള്‍ തുടങ്ങിയവ ആക്രമിക്കപ്പെട്ടതിനെ ശക്തമായ ഭാഷയില്‍ അപലപിച്ച മൂണ്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇസ്‌റാഈല്‍ ആക്രമണത്തില്‍ യു എന്‍ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തില്‍ 500 കുട്ടികള്‍ അടക്കം 2,100 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. ഒരു ലക്ഷം വീടുകള്‍ തകര്‍ത്തു.