പദ്ധതി നിര്‍വഹണത്തില്‍ പാളിച്ചകളെന്ന് വിമര്‍ശം; മന്ത്രിമാരുടെ സന്ദര്‍ശനത്തിനിടെ വീണ്ടും ശിശുമരണം

Posted on: November 11, 2014 12:35 am | Last updated: November 11, 2014 at 1:35 pm

പാലക്കാട്: ശിശുമരണം തടയാന്‍ അട്ടപ്പാടിയില്‍ നടപ്പിലാക്കിയ പദ്ധതി നിര്‍വ്വഹണത്തില്‍ പാളിച്ചകളെന്ന് വിമര്‍ശനം.
പദ്ധതികളെ കുറിച്ച് വിലയിരുത്താന്‍ അഗളിയില്‍ ചേര്‍ന്ന മന്ത്രിതല അവലോകന യോഗത്തിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ ജനപ്രതികള്‍ വിമര്‍ശനം ഉന്നയിച്ചത് മന്ത്രിമാരായ വി എസ് ശിവകുമാര്‍, എം കെ മുനീര്‍, പി കെ ജയലക്ഷ്മി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ആരോഗ്യവകുപ്പി ന്റെയും ഐ ടി ഡി സി യുടേയും പ്രവര്‍ത്തനങ്ങളെ കുറിച്ചാണ് കൂടുതല്‍ വിമര്‍ശനം ഉയര്‍ന്നത്. രോഗികളെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കുന്നതിലും സാമഹ്യക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുന്നതിലും പരാജയപ്പെട്ടതായി ജനപ്രതിനിധികള്‍ മന്ത്രിമാരെ അറിയിച്ചു. ഐ എ എസ് ഓഫീസറെ അട്ടപ്പാടിയില്‍ നോഡല്‍ ഓഫീസറായി നിയമിക്കണമെന്നും ആവശ്യമുയര്‍ന്നു.
ശിശുമരണനിരക്ക് ഏറിയ സാഹചര്യത്തില്‍ ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ആഹാരം പാകം ചെയ്ത് നല്‍കാനായി സര്‍ക്കാര്‍ അട്ടപ്പാടിയില്‍ ആരംഭിച്ച സമൂഹ അടുക്കളകള്‍ പാതിയും പൂട്ടികിടക്കുന്ന കാഴ്ചയാണ് മന്ത്രിമാരടക്കമുള്ളവര്‍ക്ക് കാണാന്‍ കഴിഞ്ഞത്. പഴകിയ അരിയും പുഴുവരിക്കുന്ന പരിപ്പും പയറുമൊക്കയാണ് അവശേഷിക്കുന്ന സമൂഹ അടുക്കളകളിലുണ്ടായിരുന്നത്. ഇതിനിടെ അട്ടപ്പാടിയില്‍ ശിശുമരണം, ഷോളയൂര്‍ അണക്കൂക്കാട് ആദിവാസി ഊരിലെ ജഡയന്‍- വര്‍ഷമതി ദമ്പതികളുടെ മൂന്നൂമാസം പ്രായമായ കുട്ടിയാണ് മരണമടഞ്ഞത്. തലച്ചോറിന് വളര്‍ച്ചയില്ലാതിരുന്നതാണ് മരണകാരണമെന്ന് ഇവരെ സന്ദര്‍ശിച്ച ഡോക്ടര്‍മാര്‍ പിന്നീട് വെളിപ്പെടുത്തി. ഇതോടെ അട്ടപ്പാടിയില്‍ ഈവര്‍ഷം ഇരുപതോളം കുട്ടികളാണ് മരണമടഞ്ഞത്.

ജാതക് പദ്ധതി നടപ്പാക്കും: മന്ത്രി ശിവകുമാര്‍
പാലക്കാട്: അമ്മമാരുടെയും ഗര്‍ഭസ്ഥ ശിശുക്കളുടെയും ആരോഗ്യപ്രശ്‌നങ്ങള്‍ വിലയിരുത്തുന്നതിനും പരിശോധിക്കുന്നതിനും ജാതക് ജനനി പദ്ധതി നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ പറഞ്ഞു. സാമൂഹിക അടുക്കളയുടെ നടത്തിപ്പ് കുടുംബശ്രീയെ ഏല്‍പ്പിക്കും.
കഴിഞ്ഞ വര്‍ഷം കുടിശികയുളള 50 ലക്ഷം രൂപ ഐ ടി ഡി പിക്ക് നല്‍കിക്കഴിഞ്ഞു. അംഗന്‍വാടികള്‍ നിര്‍മ്മിക്കാനായി പി ഡബ്ല്യൂ ഡി കെട്ടിടവിഭാഗത്തില്‍ പ്രത്യേക സെല്‍ രൂപീകരിക്കുന്നത് പരിഗണിക്കുമെന്ന് പഞ്ചായത്ത് വകുപ്പ് മന്ത്രി ഡോ.എം കെ മുനീര്‍ പറഞ്ഞു. പ്രത്യേക സെല്‍ രൂപവത്ക്കരണം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യും.
എ സി ഡി എസിന് പുതിയതായി രണ്ട് വാഹനങ്ങള്‍ അനുവദിക്കും. അട്ടപ്പാടി പദ്ധതികള്‍ക്കായി പട്ടികവര്‍ഗ ഫണ്ടുകള്‍ക്ക് ട്രഷറി നിരോധനമുണ്ടാവില്ലെന്ന് പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി പി കെ ജയലക്ഷ്മി പറഞ്ഞു. ഡോ.ആര്‍ പ്രഭുദാസിന് അട്ടപ്പാടിയുടെ മാത്രം ചുമതല നല്‍കുന്ന കാര്യം പരിഗണിക്കും. അട്ടപ്പാടി പദ്ധതിയുടെ കോഡിനേഷന് ഐ എ എസ് ഉദ്യോഗസ്ഥനെ നിയമിക്കും. സൗജന്യറേഷന്‍, മരിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായം, കോഡിനേഷന്‍ കമ്മിറ്റി എന്നിവ അടുത്ത മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും.
എന്‍ഡോസള്‍ഫാന്‍ മൂലമാണ് ഇവിടെ ശിശുമരണം സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് അട്ടപ്പാടി സന്ദര്‍ശിച്ച ഡോക്ടര്‍മാരുടെ സംഘം അന്വേഷിക്കും.