മര്‍കസ് പ്രചാരണം: നാടുചുറ്റിയ ബൈക്ക് യാത്രിക സംഘം തലസ്ഥാനത്തെത്തി

Posted on: November 10, 2014 10:24 pm | Last updated: November 10, 2014 at 10:25 pm

തിരുവനന്തപുരം: കാരന്തൂര്‍ മര്‍കസിന്റെ സന്ദേശവുമായി നാടുചുറ്റിയ ഒന്‍പതംഗ ബൈക്ക് യാത്രിക സംഘത്തിന് തലസ്ഥാനത്ത് വരവേല്‍പ്പ്. ഈ മാസം ഒന്നിന് ഉള്ളാള്‍ ദര്‍ഗ സിയാറത്തോടെ തുടങ്ങിയ യാത്ര ഇന്നലെ ബീമാപ്പള്ളിയിലെത്തി. കോഴിക്കോട് പുല്ലൂരാമ്പാറ യൂനിറ്റ് എസ് എസ് എഫ് പ്രവര്‍ത്തകരാണ് അടുത്ത മാസം നടക്കുന്ന മര്‍കസ് വാര്‍ഷിക സമ്മേളനത്തിന്റെ പ്രചാരണവുമായി ബൈക്കില്‍ കേരളം ചുറ്റാനിറങ്ങിയത്. പ്രധാനകേന്ദ്രങ്ങളിലെല്ലാം പ്രസംഗിച്ചും നോട്ടീസ് വിതരണം ചെയ്തുമായിരുന്നു യാത്ര. പ്രവര്‍ത്തകരുടെ വീടുകളിലും പള്ളികളിലുമായിരുന്നു രാത്രി ഉറക്കം. എം സി റോഡ് വഴി തിരുവനന്തപുരത്തെത്തിയ യാത്ര ആലപ്പുഴ വഴി കോഴിക്കോട്ടേക്ക് മടങ്ങി. കാരന്തൂര്‍ മര്‍കസിലാണ് സമാപനം. പുതുമയുള്ള പ്രചാരണം എന്ന നിലയിലാണ് ഈ വഴി തിരഞ്ഞെടുത്തതെന്ന് സംഘത്തിലുള്ളവര്‍ പറഞ്ഞു. പുല്ലൂരാമ്പാറ യൂനിറ്റ് എസ് എസ് എഫ് പ്രവര്‍ത്തകരായ ഫൈസല്‍ ഇബ്‌റാഹിം. അബ്ദുര്‍റഹീം, ശഫീഖ്, ശന്‍സാരി, മുഹമ്മദ് റാഫി, ശാഫി, ഇര്‍ഷാദ്, റഫീഖ് എന്നിവരാണ് സംഘത്തിലുള്ളത്. ബീമാപ്പള്ളിയില്‍ നല്‍കിയ സ്വീകരണത്തിന് മര്‍കസ് കമ്മിറ്റിയംഗം എ സൈഫുദ്ദീന്‍ ഹാജി, മിഖ്ദാദ് ഹാജി, നാസര്‍ മുസ്‌ലിയാര്‍, അസൈനാര്‍ മുസ്‌ലിയാര്‍, എ സലീം വള്ളക്കടവ് നേതൃത്വം നല്‍കി.