ലോകകപ്പ്:ഖത്തറിനെതിരെ നടക്കുന്നത് പുകമറയുദ്ധം ;ബ്ലാറ്റര്‍

Posted on: November 10, 2014 6:36 pm | Last updated: November 10, 2014 at 6:36 pm

ദോഹ: 2022 ല്‍ ഖത്തറില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് മത്സരത്തിനെതിരെ ഇപ്പോള്‍ നടക്കുന്നത് വെറും പുകമറ യുദ്ധം മാത്രമെന്ന് ഫിഫ മേധാവി സെപ്ബ്ലാറ്റര്‍ പറഞ്ഞു. ഖത്തറിനെതിരില്‍ തൊഴിലാളി സുരക്ഷയുടെ കാര്യമുള്‍പ്പെടെയുള്ള മുനയൊടിഞ്ഞ ആക്ഷേപങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികളാണ്.ഇത്തരം അഭിപ്രായങ്ങള്‍ തീര്‍ത്തും പുകമറ സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ളത് മാത്രമാണെന്നാണ് എന്റെ അഭിപ്രായം.ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന ഒരു കമ്പനികളുടെ ഭാഗത്ത് നിന്നും അത്തരമൊരു ആക്ഷേപം ഉയര്‍ന്നിട്ടില്ല.തൊഴില്‍ രംഗത്ത് ഖത്തര്‍ മുമ്പോട്ട് വെക്കുന്ന പുത്തന്‍ തീരുമാനങ്ങളും നയങ്ങളും സന്തോഷത്തോടെ മാത്രമാണ് നോക്കിക്കാണുന്നത്. തുടര്‍ന്നും പുതിയ പരിഷ്‌കരണങ്ങള്‍ ഇക്കാര്യത്തില്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. തൊഴിലാളികളുടെ കൂടുതല്‍ സുരക്ഷയും അവകാശങ്ങളും സംരക്ഷിക്കുന്ന കാര്യത്തില്‍ രാജ്യം മുമ്പോട്ടുവെച്ച പുതിയ നിര്‍ദേശങ്ങളും തങ്ങള്‍ക്ക് മുമ്പിലു ണ്ടെന്നും ബ്‌ളാറ്റര്‍ അറിയിച്ചു.ഖത്തര്‍ ലോക കപ്പ് മത്സരത്തിനായുള്ള ഒരുക്കങ്ങളില്‍ വളരെ സജീവമാണെന്ന് അഭിപ്രായപ്പെട്ട ബ്‌ളാറ്റര്‍ കളി നടക്കേണ്ട സമയം സംബന്ധിച്ച തീരുമാനം ടെക്‌നിക്കല്‍ കമ്മിറ്റി ചേര്‍ന്നാണ് തീരുമാനിക്കുകയെന്നും അറിയിച്ചു.